കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നുവെന്ന് പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമർപ്പിതരെയും പരിശീലിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കത്തോലിക്കാ ലാറ്റിനമേരിക്കൻ ഇന്റർ ഡിസിപ്ലിനറി സംഘത്തോടു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നുവെന്ന് പാപ്പാ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
സഭയെ ബാധിച്ച ലൈംഗീകദുരുപയോഗങ്ങൾ മനുഷ്യരാശി മുഴുവൻ ഉൾപ്പെടുന്നതും ആവശ്യമായ ശ്രദ്ധ നൽകാത്തതുമായ ഒരു സങ്കടകരമായ യാഥാർത്ഥ്യത്തിന്റെ മങ്ങിയ പ്രതിഫലനം മാത്രമാണെന്ന് പാപ്പാ വ്യക്തമാക്കി. കഷ്ടത അനുഭവിക്കുന്ന ക്രിസ്തുവിന്റെ മുഖത്തെ ചൂണ്ടികാണിച്ച പാപ്പാ പീഡനത്തിനിരയായ കുട്ടികളുടെയും ദുർബലരായ എല്ലാ വ്യക്തികളുടെയും കഷ്ടപ്പാടുകളെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സ്പെയിനിൽ സെപ്റ്റംബർ 25ന് അനുസ്മരിക്കുന്ന"രക്തസാക്ഷിയായ കുട്ടി" വി. ക്രിസ്റ്റോഫർ ഡെ ഗ്വാർ ദിയയെ കുറിച്ചും സൂചിപ്പിച്ചു.
"ഓരോ കുട്ടിയുടെയും, ദുർബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളിൽ, വെറോണിക്ക ക്രിസ്തുവിന്റെ മുഖം തുടച്ച തൂവാലയിൽ പതിഞ്ഞ ഒരു മുഖഭാവം നമുക്ക് കാണാൻ കഴിഞ്ഞാൽ ലോകം എങ്ങനെ മാറും!" പാപ്പാ പറഞ്ഞു. ലാറ്റിനമേരിക്കൻ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും കഴിഞ്ഞ വർഷങ്ങളിൽ സഭ കൈവരിച്ച പുരോഗതിയിലെ നിരവധി സംഭാവനകളിലൊന്നാണിതെന്ന് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ബാല ലൈംഗിക ചൂഷണത്തിന്റെ വിപത്തിനെ അഭിസംബോധന ചെയ്ത പാപ്പാ സമൂഹത്തിലെ ബാലപീഡനത്തിനെതിരെയുള്ളത് സമൂഹത്തിൻ്റെ ഒരു സുപ്രധാന പ്രവർത്തനമായിരിക്കണമെന്നും, അതിനാൽ ഈ പാതയിലെ സഭയുടെ ചുവടുകളും നേട്ടങ്ങളും ഈ കരുതലിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് സ്ഥാപനങ്ങൾക്ക് പ്രചോദനമാകും എന്നും അഭിപ്രായപ്പെട്ടു.
ഓരോ കൊച്ചുകുട്ടിയിലും ക്രിസ്തുവിനെ തന്നെ തിരിച്ചറിയാവുന്ന പ്രതിച്ഛായയുണ്ടെന്ന് പരാമർശിച്ച പാപ്പാ ഈ വിപത്തിനെതിരെ പോരാടുന്നതിനുള്ള സഭയുടെ ശ്രമങ്ങൾ പ്രോട്ടോക്കോളുകളുടെ പ്രയോഗത്തിൽ മാത്രമായി പരിമിതപ്പെടുന്നില്ല എന്നും മറിച്ച് പ്രാർത്ഥനയിൽ യേശുവിനെ ഭര മേൽപ്പിക്കുന്നു എന്നും പറഞ്ഞു.
പീഡനത്തിനിരയായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മാനസാന്തരപ്പെടുകയും ഇരകളിൽ "യേശുവിന്റെ കണ്ണുകളെ" കാണുകയും ചെയ്യുന്നതിനായി ലിസ്യൂവിലെ വിശുദ്ധ കൊച്ചു തെരേസയുടെ മധ്യസ്ഥതയിലൂടെ പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
"നാം നമ്മെ സ്നേഹിക്കുന്നതുപോലെ തന്നെ നമുക്കും അന്യോന്യം സ്നേഹിക്കാം, അതായത് നമ്മുടെ മുറിവുകളെക്കുറിച്ചും നമ്മുടെ നിസ്സാരതയെക്കുറിച്ചും ക്ഷമയുടെയും സാന്ത്വനത്തിന്റെയും ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാകാം, പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: