പാപ്പാ: ബന്ധങ്ങളിലൂടെ സുവിശേഷത്തിൻറെ സമ്പന്നതയ്ക്ക് സാക്ഷ്യമേകാൻ നമുക്കു സാധിക്കും !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വാസം, സർവ്വോപരി, ബന്ധത്തിൻറെയും സമാഗമത്തിൻറെയും അനുഭവമാണെന്ന് മാർപ്പാപ്പാ.
“വൈവാഹിക സമാഗമം” കുടുംബ പരിപോഷണ സമിതി എന്ന സംഘടനയുടെ നാല്പത്തിയഞ്ചാം വാർഷികത്തോടും സമ്മേളനത്തോടും അനുബന്ധിച്ച് അതിൻറ അംഗംങ്ങളടങ്ങിയ ആയിരത്തിഇരുനൂറോളം പേരെ ശനിയാഴ്‌ച (09/09/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വിവാഹമെന്ന കൂദാശയുടെ മൂല്യം വീണ്ടും കണ്ടെത്താൻ സഹായിക്കുന്നതിന് ഈ സംഘടന നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു. വിവാഹമെന്ന കൂദാശയും തിരുപ്പട്ട കൂദാശയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്നും ഇരുകൂദാശകളും സഭയാകുന്ന മൗതികഗാത്രത്തെ പടുത്തുയർത്തിക്കൊണ്ട് ദൈവസ്നേഹത്തെ ആവിഷ്ക്കരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ഈ രണ്ടു കൂദാശകളും ഭിന്ന സരണികളിലൂടെ എന്നാൽ പരസ്പര പൂരകങ്ങളായി വാസ്തവത്തിൽ പ്രതിപാദിക്കുന്നത് വിവാഹത്തെക്കുറിച്ചാണെന്നും ഒന്ന് ദമ്പതികളുടെ സമ്പൂർണ്ണവും അദ്വിതീയവും അഭേദ്യവുമായ സമർപ്പണവും മറ്റൊന്ന് സഭയ്ക്കുവേണ്ടിയുള്ള വൈദികൻറെ ജീവിതസമർപ്പണവും ആണെന്നും ഇവ രണ്ടും ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിൻറെ അടയാളമാണെന്നും പാപ്പാ വിശദീകരിച്ചു. ദൈവത്തിൻറെ സ്നേഹത്തിൽ അവിടന്നുമായുള്ള കൂട്ടായ്മയിൽ നമ്മെ ഐക്യപ്പെടുത്തുകയും അങ്ങനെ ദൈവികപുത്രത്വത്തിൻറെയും നമ്മുടെ പര്സ്പര സാഹോദര്യത്തിൻറെയും മനോഹാരിത കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കുകയുമാണ് ദൈവത്തിന് നമ്മെ സംബന്ധിച്ചുള്ള സ്വപ്നം എന്ന് പാപ്പാ പറഞ്ഞു.
പുത്തൻ മാനവികതയ്ക്ക് ജന്മമേകുന്നതിനുള്ള മാർഗ്ഗം അഴിമതിയിലും സ്വാർത്ഥതയിലുമല്ല, പ്രത്യുത, ഉപവിയുടെ ഫലമായ സാഹോദര്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന് പ്രഘോഷിക്കാൻ യേശു നമ്മെ അയക്കുന്നത് അതുകൊണ്ടുതന്നെയാണെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു. ഇക്കാരണത്താൽ ഈ സംഘടന ദമ്പതികൾക്കും വൈദികർക്കും ഏകുന്ന തുണ ദൈവത്തിൻറെ ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന് വിലയേറിയ ഒരു ഘടകമാണെന്ന് പാപ്പാ പ്രകീർത്തിച്ചു. വാസ്തവത്തിൽ ബന്ധങ്ങളിലൂടെ, സർവ്വോപരി, ബന്ധങ്ങളുടെ സൗന്ദര്യത്തിന് സാക്ഷ്മേകുന്നതിലൂടെ സുവിശേഷത്തിൻറെ സമ്പന്നതയ്ക്ക് സാക്ഷ്യമേകാനും ഒരോ സൃഷ്ടിയോടും ദൈവത്തിനുള്ള സ്നേഹം ആവിഷ്ക്കരിക്കാനും സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: