സാക്ഷരത: വ്യക്തി വികാസം, സാമൂഹ സംയോജനം, പുരോഗതിയിലെ പങ്കാളിത്തം എന്നിവയ്ക്കടിസ്ഥാനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വിദ്യാഭ്യസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുനെസ്കോ. അതിന്റെ ഡയറക്ടർ ജനറൽ ഓഡ്രി അസൗലേയെ അഭിസംബോധന ചെയ്തു കൊണ്ടാണ് പാപ്പാ സെപ്റ്റംബർ എട്ടാം തിയതി ലോക സാക്ഷരത ദിന സന്ദേശം നൽകിയത്. 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടക്കുന്ന ലോക സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ ആശംസകൾ അർപ്പിച്ചു.
ഈ സുപ്രധാന ദിനത്തിന്റെ പ്രമേയം "പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങൾക്കു വേണ്ടി അടിത്തറ കെട്ടിപ്പടുക്കുക" എന്നതാണ്.
സാക്ഷരതയുടെ പ്രാധാന്യം
ഓരോ വ്യക്തിയുടെ വികസനത്തിലും സമൂഹത്തിലേക്കുള്ള അവരുടെ സമഗ്രമായ സംയോജനത്തിലും സമൂഹത്തിന്റെ പുരോഗതിയിലുള്ള അവരുടെ സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിലും സാക്ഷരതയിലുള്ള വിദ്യാഭ്യാസത്തിന് അടിസ്ഥാനപരവും കേന്ദ്ര സ്ഥാനീയവുമായ പങ്കുണ്ട് എന്ന് പാപ്പാ പറഞ്ഞു. സാമ്പത്തികവും പ്രായോഗികവുമായ ആവശ്യങ്ങളോടു പ്രതികരിക്കുമ്പോൾ തന്നെ, അടിസ്ഥാനപരമായി ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവും ആത്മീയവുമായ വിളിയുടെ തലത്തിൽ ഉന്നമനവും വികസനവും ലക്ഷ്യമിടുന്ന സാക്ഷരതയ്ക്ക് വേണ്ടിയുള്ള യുനെസ്കോയുടെ ശ്രമങ്ങളെ പരിശുദ്ധ സിംഹാസനം വിലമതിക്കുന്നു. പാപ്പാ രേഖപ്പെടുത്തി.
അടിസ്ഥാന സാക്ഷരതാ വൈദഗ്ധ്യം ഇല്ലാത്ത ആളുകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ ഭയാനകമായി തുടരുന്നു എന്ന് സൂചിപ്പിച്ച പാപ്പാ ഇത് അവരുടെ കഴിവുകളുടെ പൂർണ്ണമായ വികാസത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി. നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ നമ്മുടെ ലോകത്തിന് എല്ലാവരുടെയും വൈദഗ്ധ്യവും സംഭാവനയും ആവശ്യമാണ് എന്ന് വ്യക്തമാക്കിയ പാപ്പാ ഈ വെല്ലുവിളികളെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സാക്ഷരത, ഡിജിറ്റൽ സാക്ഷരത, സമഗ്രമായ പരിസ്ഥിതിക്കായുള്ള സാക്ഷരത എന്നീ മൂന്ന് തലങ്ങളിലായി വിശദീകരിച്ചു.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാക്ഷരത
സംഘർഷങ്ങളാലും പിരിമുറുക്കങ്ങളാലും കീറിമുറിക്കപ്പെട്ട ഒരു ലോകത്ത്, യുദ്ധത്തിന്റെയും ഭിന്നതയുടെയും ഭാഷയുമായി പൊരുത്തപ്പെടാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടുതൽ ഭയാനകമായ ആയുധങ്ങൾ ഉപയോഗിച്ച് മുറിവുകൾ ഏൽപ്പിക്കാൻ പഠിക്കാൻ നമുക്ക് കഴിയുന്നെങ്കിൽ, അങ്ങനെ ചെയ്യുന്നത് നിർത്താനും നമുക്ക് പഠിക്കാനാകും, പാപ്പാ പറഞ്ഞു. പരുഷമായ വാക്കുകളിലൂടെയും പ്രതികാരപരമായ ആംഗ്യങ്ങളിലൂടെയും നമുക്ക് ആരെയെങ്കിലും, ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ, വേദനിപ്പിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാതിരിക്കാനുള്ള മാർഗ്ഗവും നമുക്ക് തിരഞ്ഞെടുക്കാനാകും. സമാധാനത്തിന്റെ നിഘണ്ടു പഠിക്കുക എന്നാൽ സംവാദത്തിന്റെ മൂല്യം പുനഃസ്ഥാപിക്കുക, മറ്റുള്ളവരോടുള്ള ദയയും ബഹുമാനവും പരിശീലിക്കുക എന്നതാണ്. "ഇത് കൃത്യമായി ചെയ്യാൻ നാം ദൈനംദിന ശ്രമം നടത്തുകയാണെങ്കിൽ, തെറ്റിദ്ധാരണകളെ മറികടക്കാനും സംഘർഷങ്ങൾ മുൻകൂട്ടി കാണാനും കഴിയുന്ന ആരോഗ്യകരമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് കഴിയും," പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ആശയവിനിമയം എന്നിവയിലൂടെ ജനങ്ങളുടെ മനസ്സിലും ഹൃദയത്തിലും സമാധാനം പ്രോത്സാഹിപ്പിക്കുക എന്നത് യുനെസ്കോയുടെ തന്നെ ചുമതലയാണ്. മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പ്രത്യാശ കെട്ടിപ്പടുക്കുന്നതിന് കൂടുതൽ വിഭവങ്ങളും ഊർജ്ജവും നിക്ഷേപിക്കുന്നതിന് ഉപയോഗിക്കേണ്ട നിയമാനുസൃതവും ഫലപ്രദവുമായ "ആയുധങ്ങൾ" ഇവ മാത്രമാണ്.
ഡിജിറ്റൽ സാക്ഷരത
ഡിജിറ്റൽ വിപ്ലവവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ സംഭവവികാസങ്ങളും വിവര സമാഹരണത്തിലേക്കുള്ള നമ്മുടെ പ്രവേശനവും സ്ഥലപരിമിതകൾക്കപ്പുറം പരസ്പരം ബന്ധപ്പെടാനുള്ള നമ്മുടെ കഴിവും അതിവേഗം വികസിപ്പിക്കുന്നു. എങ്കിലും ഒരു വലിയ "ഡിജിറ്റൽ വിഭജനം" നിലനിൽക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് അവശ്യവസ്തുക്കളിലേക്ക് മാത്രമല്ല, വിവര, ആശയവിനിമയ സാങ്കേതികവിദ്യകളിലേക്കും പ്രവേശനം നഷ്ടപ്പെട്ടു. വാസ്തവത്തിൽ, "ഡിജിറ്റൽ ഹൈവേകളിൽ" കാണപ്പെടുന്ന വിഭാഗീയതയും വിദ്വേഷവും അനേകരെ ദോഷകരമായി ബാധിക്കുന്നു. മനുഷ്യ ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള തീരുമാനമെടുക്കൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കമ്പ്യൂട്ടേഷണൽ യുക്തിക്ക് കൈമാറുന്നതിന്റെ ഗുരുതരമായ ഭീഷണിയും ഇതോടൊപ്പം വന്നു ചേരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്നും, നിയന്ത്രണാതീതമാകുന്നതിൽ നിന്നും അല്ലെങ്കിൽ ആളുകൾക്ക് ദോഷകരമാകുന്നതു തടയുന്നതിന്, ഡിജിറ്റൽ കഴിവുകൾ നേടുന്നത് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും, ഉത്തരവാദിത്തമുള്ള മാനുഷികമായ ലക്ഷ്യങ്ങളിലേക്ക് പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ നയിക്കുന്നതിലും അൽഗോരിതങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിശാലമായ ധാർമ്മിക വിചിന്തങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
സമഗ്ര പരിസ്ഥിതിക്കായുള്ള സാക്ഷരത
പ്രകൃതിയുടെ നാശം സമകാലീന ജീവിതത്തിൽ ഭൂരിഭാഗത്തിന്റെയും സവിശേഷതയായി മാറിയ "വലിച്ചെറിയുന്ന സംസ്കാരവുമായി" അടുത്ത ബന്ധം പുലർത്തുന്നതിനാൽ, ജീവിതത്തോടു കൂടുതൽ ശാന്തവും ഒത്തൊരുമയുള്ളതുമായ സമീപനങ്ങൾ സ്വീകരിക്കാൻ ക്ഷമയോടെയും ദൃഢനിശ്ചയത്തോടെയും കൂടെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനർത്ഥം. ഇവ, നമ്മുടെ അയൽക്കാരന്റെയും സൃഷ്ടിയുടെയും പരിപാലനത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നതിനുപുറമെ, ഭൂമിയിലെ എല്ലാ ജനങ്ങളുടെയും, പ്രത്യേകിച്ച് ഏറ്റവും പിന്നോക്കം നിൽക്കുന്നവരുടെയും ഏറ്റവും അപകടസാധ്യതയുള്ളവരുടെയും ജീവിത നിലവാരത്തിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു യഥാർത്ഥ സുസ്ഥിര നയത്തെയും സമ്പദ് വ്യവസ്ഥയെയും പ്രചോദിപ്പിക്കാൻ കഴിയും, പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.
ഈ ചിന്തകൾ പങ്കുവച്ച് പരിശുദ്ധ പിതാവ് എല്ലാവർക്കും ശുഭാശംസകൾ നേരുകയും 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട വിചിന്തിനങ്ങളുടെ ഫലപ്രാപ്തിക്കും സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങളൾക്ക് അടിത്തറയിടാൻ ലക്ഷ്യമിടുന്ന സാക്ഷരത വർദ്ധിപ്പിക്കാനുള്ള അവരുടെ പ്രതിബദ്ധതയുടെ വിജയത്തിനും തന്റെ പ്രാർത്ഥനകൾ ഉറപ്പ് നൽകുകയും ചെയ്തു. അവർക്കും അവരുടെ സഹപ്രവർത്തകർക്കും സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും, വിജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സമൃദ്ധമായ അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്തു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: