ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസെയിൽ, "നോതൃ ദാം ദെല ഗ്യാർദ്”  കത്തീദ്രലിൽ മരിയൻ പ്രാർത്ഥനാ വേളയിൽ,22/0923 ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസെയിൽ, "നോതൃ ദാം ദെല ഗ്യാർദ്” കത്തീദ്രലിൽ മരിയൻ പ്രാർത്ഥനാ വേളയിൽ,22/0923  (Vatican Media)

പാപ്പാ: സുവിശേഷത്തിൻറെ വെളിച്ചവും സൗന്ദര്യവും പ്രതിഫലിപ്പിക്കുക!

സെപ്റ്റംബർ 22-ന് വെള്ളിയാഴ്ച ഫ്രാൻസിലെ മർസെയ് നഗരത്തിലെത്തിയ പാപ്പാ മർസെയ് അതിരൂപതയുടെ കത്തീദ്രലിൽ അന്നു വൈകുന്നേരം മരിയൻ പ്രാർത്ഥന നയിച്ചു. മെത്രാന്മാർ, വൈദികർ സമർപ്പിതർ, വൈദികാർത്ഥികൾ എന്നിവർ ഈ പ്രാർത്ഥനയിൽ സംബന്ധിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

2023 സെപ്റ്റംബർ 22-23 തീയതികളിൽ ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസെയ് നഗരം സന്ദർശിച്ചു. അവിടെ സെപ്റ്റംബർ 17-24 വരെ സംഘടിപ്പിക്കപ്പെട്ട മെഡിറ്ററേനിയൻ സമ്മേളനത്തിൻറെ (Rencontres Méditerranéennes)സമാപനം കുറിക്കുന്നതിനാണ് പാപ്പാ എത്തിയത്. വെള്ളിയാഴ്ച പാപ്പായുടെ ആദ്യ പരിപാടി "നോതൃ ദാം ദെ ല ഗ്യാർദ്" കത്തീദ്രലിൽ മരിയൻ പ്രാർത്ഥനയായിരുന്നു. തദ്ദവസരത്തിൽ പാപ്പാ ഒരു സന്ദേശം നല്കി.

വൈദികരുടെയും സമർപ്പിതജീവിതം ആശ്ലേഷിച്ചിരിക്കുന്നവരുടെയും ശുശ്രൂഷാദൗത്യത്തിൻറെ മരിയൻ മാനം, മുകളിൽ നിന്ന് താഴേക്ക്, അതായത് യേശുവിൽ നിന്ന് മനുഷ്യരിലേക്കെത്തുന്ന നോട്ടം, യേശുവിലേക്കുയരുന്ന മനുഷ്യരുടെ നോട്ടം എന്നിവയായിരുന്നു മർസെയിൽ പാപ്പായുടെ കന്നിപ്രഭാഷണത്തിൻറെ കാതലായ വിഷയങ്ങൾ.

കാവൽ നാഥയ്ക്ക്, അല്ലെങ്കിൽ, സംരക്ഷകയായ നാഥയ്ക്ക് സമർപ്പിതമായ “നോതൃ ദാം ദെല ഗ്യാർദ്”  കത്തീദ്രലിൽ സന്നിഹിതരായിരുന്ന, കർദ്ദിനാൾ ഷോൻ മാർക്ക് അവെല്ലിൻ, മെത്രാന്മാർ, വൈദികർ സമർപ്പിതർ, വൈദികാർത്ഥികൾ എന്നിങ്ങനെ എല്ലാവർക്കും അവരുടെ സേവനത്തിനും പ്രാർത്ഥനയ്ക്കും പാപ്പാ പ്രഭാഷണത്തിൻറെ ആരംഭത്തിൽ നന്ദി പ്രകാശിപ്പിച്ചു.

മർസെയിൽ എത്തിയ താൻ, സംരക്ഷക നാഥയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കാനെത്തിയ മഹാ തീർത്ഥാടകരായ ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യ, വിശുദ്ധ ഷാർലെ ദെ ഫുക്കൂ, വിശുദ്ധ രണ്ടാം ജോൺ പോൾ എന്നിവരോടൊന്നു ചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.

“നോതൃ ദാം ദെല ഗ്യാർദ്” ബസിലിക്കയുടെ സ്ഥാപന ചരിത്രത്തിലേക്കും പാപ്പായുടെ ചിന്തകൾ പാഞ്ഞു. ആ ദേവാലയം ഒരു അത്ഭുതത്തിൻറെയൊ ഒരു പ്രത്യക്ഷീകരണത്തിൻറെയൊ സ്മരണാർത്ഥം പണികഴിപ്പിക്കപ്പെട്ടതല്ലെന്നും, പ്രത്യുത, പതിമൂന്നാം നൂറ്റാണ്ടു മുതൽ വിശുദ്ധ ദൈവജനം കർത്താവിൻറെ സാന്നിദ്ധ്യം അവിടത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻറെ നയനങ്ങളിലൂടെ “ദെല ഗ്യാർദ്” കുന്നിൻ മുകളിൽ തേടുകയും കണ്ടെത്തുകയും ചെയ്തതിൻറെ ഫലമാണ് അതെന്നും പാപ്പാ അനുസ്മരിച്ചു. ഇക്കാരണത്താൽ തന്നെ മർസെയ്ക്കാർ, വിശിഷ്യ, മദ്ധ്യധരണ്യാഴിയിലൂടെ കപ്പൽയാത്രചെയ്യുന്നവർ അവിടെ പ്രാർത്ഥിക്കാൻ എത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

“ബൊൺ മേർ” (Bonne Mère) “നല്ല അമ്മ” എന്ന അഭിധാനത്തിലും വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മ ഇന്നും എല്ലാവർക്കും ആർദ്ര നോട്ടങ്ങളുടെ സംഗമത്തിൽ നായികയാണെന്നും ഇതിൽ ആദ്യത്തേത് യേശുവിൻറെ നോട്ടമാണെന്നും, അവൾ സദാ നമുക്കു യേശുവിനെ ചൂണ്ടിക്കാണിച്ചു തരുന്നുവെന്നും അവിടത്തെ സ്നേഹം അവളുടെ കണ്ണിൽ പ്രതിഫലിക്കുന്നുവെന്നും ഇതര നോട്ടമാകട്ടെ, എല്ലാ പ്രായത്തിലും അവസ്ഥകളിലുമുള്ള അസംഖ്യം സ്ത്രീപുരുഷന്മാരുടെതാണെന്നും പരിശുദ്ധ അമ്മ സകലരെയും ഒന്നിച്ചു കൂട്ടുകയും ദൈവസന്നിധിയിലേക്കാനയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ജനതകളുടെ നാല്ക്കവലയായ മർസെയിൽ നോട്ടങ്ങൾ പരസ്പരം കുറുകെകടക്കുന്ന ഇവിടെ, വൈദികരുടെയും സമർപ്പിതരുടെയും ശുശ്രൂഷയുടെ മരിയൻ മാനം ആവിഷ്കൃതമാകുന്നുവെന്ന് പാപ്പാ പറഞ്ഞു. പുരോഹിതന്മാരും സമർപ്പിതരുമായ നമ്മൾ യഥാർത്ഥത്തിൽ വിളിക്കപ്പെട്ടിരിക്കുന്നത് യേശുവിൻറെ നോട്ടം  ആളുകൾക്ക് അനുഭവവേദ്യമാക്കാനും അതേ സമയം നമ്മുടെ സഹോദരങ്ങളുടെ നോട്ടം യേശുവിലേക്കെത്തിക്കാനുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആദ്യത്തേതിൽ കാരുണ്യത്തിൻറെയും രണ്ടാമത്തേതിൽ മാദ്ധ്യസ്ഥ്യത്തിൻറെയും ഉപകരണങ്ങളാണ് നമ്മളെന്നും പാപ്പാ പറഞ്ഞു.

ആദ്യത്തേത്, അതായത്, യേശുവിൻറെ നോട്ടം മനുഷ്യനെ തഴുകുന്നതും മുകളിൽ നിന്ന് താഴേക്ക് പോകുന്നതുമാണെന്നും വിധിക്കുകയല്ല, മറിച്ച് താഴെയുള്ളവരെ ഉയർത്തുകയാണ് അതിൻറെ ലക്ഷ്യമെന്നും പാപ്പാ പ്രസ്താവിച്ചു. അത് ആർദ്രതാഭരിതവും മറിയത്തിൻറെ നയനങ്ങളിൽ വിളങ്ങുന്നതുമാണെന്നും ഈ നോട്ടം സംവേദനം ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്ന നാം സ്വയം താഴ്ത്തുകയും അനുകമ്പയുള്ളവരായിരിക്കുകയും  " കാണാതെ പോയ ആടിനെ കണ്ടുകിട്ടുമ്പോൾ അതിനെ ശകാരിക്കാതെ, തോളിലേറ്റുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന നല്ല ഇടയൻറെ ക്ഷമയും പ്രചോദനദായകമായ കരുണയും സ്വന്തമാക്കുകയും വേണമെന്നും പാപ്പാ പറഞ്ഞു.

സന്തോഷസന്താപവേളകളിൽ കൂദാശകളാൽ ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നതിൻറെ ആനന്ദം എല്ലാ പ്രായത്തിലും വിസ്മയത്തോടെ വീണ്ടും കണ്ടെത്താൻ കഴിയുന്നത് മനോഹരമാണെന്നും എല്ലാവരുടെയും, പ്രത്യേകിച്ച് ഏറ്റം ദർബ്ബലായാവരുടെ ചാരെ ആയിരിക്കണമെന്നും വൈദികരെയും സമർപ്പിതരെയും   ഓർമ്മിപ്പിച്ച പാപ്പാ അവരുടെ ശ്രദ്ധാപൂർവ്വകവും വിവേകപൂർവ്വവുമായ സാമീപ്യം യാതനകളനുഭവിക്കുന്നവർക്ക് അനുഭവേദ്യമാക്കുന്നതിൽ പരാജയപ്പെടരുതെന്ന് പറഞ്ഞു.

രണ്ടാമത്തെ നോട്ടത്തെക്കുറിച്ച്, അതായത് യേശുവിലേക്കുള്ള സ്ത്രീപുരുഷന്മാരുടെ നോട്ടത്തെക്കുറിച്ച് വിശദീകരിച്ച പാപ്പാ കാനായിലെ കല്ല്യാണവേളയിൽ നവദമ്പതികളുടെ ആശങ്ക മനസ്സിലാക്കി അത് കർത്താവിൻറെ സമക്ഷം എത്തിച്ച മറിയത്തെപ്പോലെ വൈദികരും സമർപ്പിതരും  മറ്റുള്ളവർക്ക് വേണ്ടി മദ്ധ്യസ്ഥശബ്ദമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു. 

“നോതൃ ദാം ദെല ഗ്യാർദ്”  ബസിലിക്കയിൽ വണങ്ങപ്പെടുന്ന മറിയത്തിൻറെ മൂന്നു രൂപങ്ങളെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഇവയിൽ ഒന്ന് ദേവാലയത്തിൻറെ ഏറ്റവും മുകളിലുള്ളതാണെന്നു പറഞ്ഞ പാപ്പാ, ആശീർവ്വാദം നല്കുന്ന ഉണ്ണിയേശുവിനെ കൈയ്യിലേന്തി നില്ക്കുന്ന മറിയത്തിൻറെ ആ രൂപത്തിൻറെ പ്രതീകാത്മകത എടുത്തുകാട്ടി. മറിയം യേശുവിൻറെ അനുഗ്രഹവും ശാന്തിയും എല്ലായിടത്തും എല്ലാ കുടുംബങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുന്നുവെന്നും അതിൽ കാരുണ്യത്തിൻറെ നോട്ടമാണ് തെളിയുന്നതെന്നും പാപ്പാ പറഞ്ഞു.

രണ്ടാമത്തെ രൂപം സ്ഥിതിചെയ്യുന്നത് നിലവറയിലാണെന്നും ഉണ്ണിയേശുവിനോടൊപ്പം പൂച്ചെണ്ടും കൈയ്യിലേന്തിരിയിക്കുന്നതിനാൽ “വിയെർജു ബുക്കെ”  അഥവാ “പൂച്ചെണ്ടു കന്യക”  എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന ആ രൂപം ഒരു അല്മായ വിശ്വാസിയുടെ സംഭാവനയാണെന്നും പാപ്പാ അനുസ്മരിച്ചു.  

സഭയുടെ മാതൃകയായ മറിയം തൻറെ പുത്രനെ നമുക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ, ഓരോ വ്യക്തിയും പിതാവിൻറെ ദൃഷ്ടിയിൽ അദ്വിതീയവും മനോഹരവും വിലയേറിയതുമായ ഒരു പൂച്ചെണ്ട് എന്ന പോലെ നമ്മെ അവനു സമർപ്പിക്കുന്നുവെന്ന ചിന്ത  നമ്മിലുണർത്തുന്നതാണ് ഈ രൂപം എന്ന് പാപ്പാ പറഞ്ഞു. ഇതിൽ പ്രകടമാകുന്നത് മദ്ധ്യസ്ഥതയുടെ നോട്ടമാണെന്നും പാപ്പാ വിശദീകരിച്ചു.

മൂന്നാമത്തെ രൂപം ബലിപീഠത്തിൽ മദ്ധ്യഭാഗത്തായി കാണുന്നതാണെന്നും, അതിൽ നിന്നു പ്രസരിപ്പിക്കുന്ന പ്രഭ ശ്രദ്ധേയമാണെന്നും പാപ്പാ പറഞ്ഞു. അപ്പൊസ്തോലിക തീക്ഷ്ണതയാൽ സമ്പന്നവും എളിമയും സന്തോഷവും നിറഞ്ഞ ഒരു ജീവിതത്താൽ നമ്മളും സുവിശേഷത്തിൻറെ പ്രകാശവും സൗന്ദര്യവും പ്രതിഫലിപ്പിച്ചുകൊണ്ട്, നമ്മിൽ നിന്നു തന്നെ പുറത്തു കടന്ന്, ജീവിക്കുന്ന സുവിശേഷമായി മാറണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2023, 09:38