പാപ്പാ: മദ്ധ്യധരണിപ്രദേശം പ്രത്യാശയുടെ സന്ദേശവും ശാന്തിയുടെ പണിപ്പുരയുമാകണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (27/0923) വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം തന്നെയായിരുന്നു. ഈ പ്രതിവാര പൊതുദർശന പരിപാടിയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും പങ്കുകൊണ്ടു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനങ്ങൾ കരഘോഷത്തോടും ആരവങ്ങളോടും കൂടി വരവേറ്റു. തന്നോടൊപ്പം, എതാനും കൂട്ടിളെക്കൂടി വാഹനത്തിൽ കയറ്റി പാപ്പാ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങി. ഇടയ്ക്കുവച്ച് ഒരു തീർത്ഥാടക നല്കിയ ഒരു പാനീയം പാപ്പാ ആസ്വദിച്ച് അല്പം കുടിക്കുകയും കുശലം പറയുകയും ചെയ്തു. ഇടയ്ക്കിടെ അംഗരക്ഷകർ തൻറെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ ആശീർവ്വദിക്കുന്നതും കാണാമായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പാപ്പാ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"യേശു ഗലീലിയിലേക്കു പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിൻറെയും നഫ്ത്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാൻ വേണ്ടിയാണ്. സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാൻറെ മറുകരയിൽ, സെബുലൂൺ നഫ്ത്താലി പ്രദേശങ്ങൾ, വിജാതീയരുടെ ഗലീലി. അന്ധകാരത്തിൽ വസിച്ചിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു." മത്തായിയുടെ സുവിശേഷം, 4,12-16.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ സമാപനത്തിൽ പങ്കെടുക്കുന്നതിന് ഫ്രാൻസിലെ മർസെയ് നഗരത്തിലേക്ക് സെപ്റ്റംബർ 22,23 തീയതികളിൽ നടത്തിയ സന്ദർശനവുമായി ബന്ധപ്പെടുത്തി മദ്ധ്യധരണി പ്രദേശത്തിൻറെ വിളി, കുടിയേറ്റ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. .
പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം:
പ്രത്യാശയുടെ നാനോപലേഖിത ചിത്രം-മദ്ധ്യധരണിപ്രദേശത്തിൻറെ വിളി
പ്രിയ സഹോദരീ സഹോദരന്മാരേ!
നോട്ടം ഭാവിയിലേക്ക് തുറക്കപ്പെടേണ്ടതിന്, നിരവധിയായ യുവതീയുവാക്കൾക്കൊപ്പം മദ്ധ്യധരണി പ്രദേശത്തെ മെത്രാന്മാരും നഗരാധിപന്മാരും ഉൾപ്പെടുപ്പെട്ടത്തപ്പെട്ടിരുന്ന “മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ” സമാപനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ വാരന്ത്യത്തിൽ ഞാൻ മാർസെയിലിലേക്ക് പോയി. വാസ്തവത്തിൽ, മാർസെയിലെ പരിപാടിയുടെ ശീർഷകം "പ്രതീക്ഷയുടെ മൊസൈക്ക്" (നാനോപലേഖിത ചിത്രം) എന്നായിരുന്നു. ഇതാണ് സ്വപ്നം, ഇതാണ് വെല്ലുവിളി:അതായത്, മദ്ധ്യധരണിപ്രദേശം അതിൻറെ വിളി വീണ്ടെടുക്കണം, നാഗരികതയുടെയും സമാധാനത്തിൻറെയും പണിപ്പുരയാകണം.
നാഗരികതയുടെ പിള്ളത്തൊട്ടിൽ
മദ്ധ്യധരണിപ്രദേശം നാഗരികതയുടെ പിള്ളത്തൊട്ടിലാണ് എന്ന് നമുക്കറിയാം, ജീവനു വേണ്ടിയുള്ള പിള്ളത്തൊട്ടിലാണ്! അതൊരു ശവകുടീരമോ സംഘർഷഭൂമിയോ ആകുന്നത് സഹിക്കാവുന്നതല്ല. അങ്ങനെയാകാൻ പാടില്ല. നാഗരികതകൾ തമ്മിലുള്ള ഏറ്റുമുട്ടലിനും യുദ്ധത്തിനും മനുഷ്യക്കടത്തിനും എതിരാണ് മദ്ധ്യധരണ്യാഴി. അവയ്ക്ക് കടകവിരുദ്ധമാണത്: അതായത്, മദ്ധ്യധരണ്യാഴി ആഫ്രിക്കയെയും ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന മാർഗ്ഗമാണ്; വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും തമ്മിൽ; ആളുകളും സംസ്കാരങ്ങളും, ജനങ്ങളും ഭാഷകളും, തത്വശാസ്ത്രങ്ങളും മതങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന മാർഗ്ഗം. തീർച്ചയായും, കടൽ എല്ലായ്പ്പോഴും ഏതെങ്കിലും വിധത്തിൽ മറികടക്കേണ്ടതായ ഒരു അഗാധതയാണ്, മാത്രമല്ല അത് അപകടകരമാകുകയും ചെയ്യാം. എന്നാൽ അതിലെ വെള്ളം ജീവൻറെ നിധികൾ കാത്തുസൂക്ഷിക്കുന്നു, അതിൻറെ തിരമാലകളും കാറ്റും എല്ലാത്തരം യാനങ്ങളെയും സംവഹിക്കുന്നു. അതിൻറെ കിഴക്കൻ തീരത്ത് നിന്ന്, രണ്ടായിരം വർഷം മുമ്പ്, യേശുക്രിസ്തുവിൻറെ സുവിശേഷം പുറപ്പെട്ടു.
കാലത്തിൻറെ അടയാളങ്ങൾ വായിച്ചുകൊണ്ടുള്ള യാത്ര
ഇത് തീർച്ചയായും മാന്ത്രികമായി സംഭവിക്കുന്നതല്ല, എന്നന്നേയ്ക്കുമായി ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ല. അത് ഓരോ തലമുറയും അത് ജീവിക്കുന്ന കാലത്തിൻറെ അടയാളങ്ങൾ വായിച്ചുകൊണ്ട് നടത്താൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു യാത്രയുടെ ഫലമാണ്. 2020-ൽ ബാരിയിലും കഴിഞ്ഞ വർഷം ഫ്ലോറൻസിലും നടന്ന സമാനമായ സമ്മേളനങ്ങൾക്ക് ശേഷമാണ് മർസെയിലിലെ കൂടിക്കാഴ്ച അരങ്ങേറിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, മറിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ 1950-കളുടെ അവസാനത്തിൽ ഫ്ലോറൻസിൽ നഗരാധിപൻ ജോർജിയോ ലാ പിറ സംഘടിപ്പിച്ച "മെഡിറ്ററേനിയൻ സംവാദങ്ങളിൽ" തുടക്കംകുറിച്ച ഒരു പ്രയാണത്തിൻറെ മുന്നേറ്റമായിരുന്നു. "ഒരാളുടെ പുരോഗതി മറ്റുള്ളവരുടെ വളർച്ചയ്ക്ക് വിഘാതമാകാതെ, എല്ലാവർക്കും കൂടുതൽ മനവികമായ ഒരു ലോകം, ” നമുക്കെല്ലാവർക്കും നൽകാനും സ്വീകരിക്കാനും എന്തെങ്കിലും ഉള്ള ഒരു ലോകം" (പോപുളോരും പ്രൊഗ്രേസിയൊ 44) കെട്ടിപ്പടുക്കാൻ വിശുദ്ധ പോൾ ആറാമൻ “മാനവ പുരോഗതി” അഥവാ, “പോപുളോരും പ്രൊഗ്രേസിയൊ” എന്ന ചാക്രിക ലേഖനത്തിലൂടെ നല്കിയ അഭ്യർത്ഥനയോട് പ്രതികരിക്കാനുള്ള ഒരു ചുവടുവെപ്പ്.
പ്രത്യാശയുടെ ദർശനം
മർസെയിലെ പരിപാടിയിൽ നിന്ന് എന്താണ് പുറത്തുവന്നത്? മദ്ധ്യധരണ്യപ്രദേശത്തെ സംബന്ധിച്ച ഒരു വീക്ഷണമാണ് ഉയർന്നുവന്നത്, അതിനെ ഞാൻ ലളിതമായി മാനുഷികം എന്ന് വിശേഷിപ്പിക്കും, അത് പ്രത്യയശാസ്ത്രപരമല്ല, തന്ത്രപരമായതല്ല, രാഷ്ട്രീയമായി ശരിയായതൊ ഒരു ഉപകരണമോ അല്ല, അല്ല, മനുഷികം, അതായത്, മനുഷ്യവ്യക്തിയുടെയും അവൻറെ അലംഘനീയ ഔന്നത്യത്തിൻറെയും പ്രാഥമിക മൂല്യവുമായി സകലത്തെയും ബന്ധിപ്പിക്കാൻ കഴിവുറ്റത്. അതേ സമയം പ്രതീക്ഷയുടെ ഒരു വീക്ഷണം തെളിഞ്ഞു. ഇത് ഇന്ന് ആശ്ചര്യകരമാണ്: അതായത്, മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോയ അല്ലെങ്കിൽ, അവ പങ്കുവെച്ച സാക്ഷികളെ നീ ശ്രവിക്കുകയും അവരിൽ നിന്ന് നീ ഒരു "പ്രതീക്ഷയുടെ പ്രഖ്യാപനം" സ്വീകരിക്കുകയും ചെയ്യുമ്പോൾ, നീ ദൈവത്തിൻറെ ഒരു പ്രവർത്തനത്തിനു മുന്നിലാണ്.
പ്രത്യാശ ബാഷ്പീകൃതമാകരുത്
സഹോദരീസഹോദരന്മാരേ, ഈ പ്രതീക്ഷ "ആവിയായിപ്പോകരുത്", അല്ല, നേരെമറിച്ച്, അത് ആസൂത്രണം ചെയ്യപ്പെടുകയും ദീർഘകാല, ഇടത്തര, ഹ്രസ്വകാല പ്രവർത്തനങ്ങളിലൂടെ യാഥാർത്ഥ്യമാക്കുകയും വേണം. കുടിയേറണോ വേണ്ടയോ എന്ന് ആളുകൾക്ക്, പൂർണ്ണ അന്തസ്സോടെ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുക എന്നാണ് ഇതിനർത്ഥം. മദ്ധ്യധരണി പ്രത്യാശയുടെ ഒരു സന്ദേശമായിരിക്കണം.
ഭാവിയിലേക്കു തുറവുള്ള ഒരു ചക്രവാളം സ്വന്തമാക്കുക
എന്നാൽ പരസ്പര പൂരകമായ മറ്റൊരു വശമുണ്ട്: നമ്മുടെ യൂറോപ്യൻ സമൂഹങ്ങൾക്ക്, പ്രത്യേകിച്ച് പുത്തൻ തലമുറകൾക്ക് പ്രത്യാശ പുനഃപ്രദാനം ചെയ്യേണ്ടതുണ്ട്. വാസ്‌തവത്തിൽ, ഭാവിയിലേക്ക് തുറന്ന ഒരു ചക്രവാളം ആദ്യം നമുക്ക് ഇല്ലെങ്കിൽ നമുക്ക് എങ്ങനെ മറ്റുള്ളവരെ സ്വാഗതം ചെയ്യാൻ സാധിക്കും? പ്രത്യാശയില്ലാത്ത, സ്വകാര്യജീവിതത്തിൽ അടച്ചുപൂട്ടിയ, തങ്ങളുടെ അനിശ്ചിതത്വം കൈകാര്യം ചെയ്യുന്നതിൽ ആശങ്കാകുലരായ യുവാക്കൾക്ക് എങ്ങനെ കൂടിക്കാഴ്ച നടത്താനും പങ്കുവയ്ക്കാനും സാധിക്കും? വ്യക്തിവാദം, ഉപഭോക്തൃത്വം, പൊള്ളയായ ഒളിച്ചോട്ടം എന്നിവയാൽ പലപ്പോഴും രോഗാതുരമായ നമ്മുടെ സമൂഹങ്ങൾ സ്വയം തുറക്കപ്പെടേണ്ടതുണ്ട്, ആത്മാവിലും മനസ്സിലും പ്രാണവായു നിറയ്ക്കേണ്ടതുണ്ട്, അപ്പോൾ പ്രതിസന്ധിയെ ഒരു അവസരമായി കാണാനും അതിനെ ക്രിയാത്മകമായി നേരിടാനും അവയ്ക്ക് കഴിയും.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
യൂറോപ്പ് അഭിനിവേശവും ഉത്സാഹവും വീണ്ടും കണ്ടെത്തേണ്ടതുണ്ട്, മർസെയിൽ എനിക്ക് അവ കണ്ടെത്താൻ കഴിഞ്ഞു എന്ന് എനിക്ക് പറയാൻ സാധിക്കും: മർസെയുടെ ഇടയനായ കർദ്ദിനാൾ അവെലിനിലും വൈദികരിലും സമർപ്പിതരിലും ഉപവിപ്രവർത്തനത്തിലും വിദ്യഭ്യാസമേഖലയിലും ഏർപ്പെട്ടിരിക്കുന്ന അല്മായ വിശ്വാസികളിലും വേലൊദ്ഹോം സ്റ്റേഡിയത്തിലെ ദിവ്യബലിയിൽ വലിയ തീക്ഷ്ണതയോടെ പങ്കുകൊണ്ട ദൈവജനത്തിലും ഞാൻ അവ ദർശിച്ചു. അവർക്കെല്ലാവർക്കും, മാർസെയിൽ നടന്ന പരിപാടിയിലേക്ക് ഫ്രാൻസ് മുഴുവൻറെയും ശ്രദ്ധ തൻറെ സാന്നിധ്യത്താൽ പ്രകടമാക്കിയ അന്നാടിൻറെ പ്രസിഡൻറിനും ഞാൻ നന്ദി പറയുന്നു. മാർസെയിലിലെ ജനങ്ങൾ “നോതൃ ദാം ദെ ല ഗ്യാഹ്ദ്” – അഥവാ, “സംരക്ഷക നാഥ” എന്ന അഭിധാനത്തിൽ വണങ്ങുന്ന അമ്മ മെഡിറ്ററേനിയൻ ജനതയുടെ യാത്രയെ തുണയ്ക്കട്ടെ, അങ്ങനെ ഈ പ്രദേശം എല്ലായ്പ്പോഴും എന്തായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവോ അതായി ഭവിക്കട്ടെ: നാഗരികതയുടെയും പ്രത്യാശയുടെയും മൊസൈക്ക്. നന്ദി.
സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.
അനുവർഷം സെപ്റ്റംബർ 27-ന് വിശുദ്ധ വിൻസെൻറ് ഡി പോളിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു. പരസ്നേഹത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഈ വിശുദ്ധൻറെ ഈ തിരുന്നാളെന്നു പറഞ്ഞ പാപ്പാ മറ്റുള്ളവരുടെ കാര്യത്തിലുള്ള ശ്രദ്ധയുടെയും ആവശ്യത്തിലിരിക്കുന്നവരോടുള്ള തുറവിൻറെയും മനോഭാവം വളർത്തിയെടുക്കാൻ എല്ലാവർക്കും പ്രചോദനം പകർന്നു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: