ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ പൊതുനന്മയ്ക്കായാണ് മാറ്റിനിറുത്തപ്പെടുന്നത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കുറച്ചുപേർ ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നാൽ, മറ്റുള്ളവർ അവഗണിക്കപ്പെടുന്നുവെന്നോ,മാറ്റിനിറുത്തപ്പെടുന്നുവെന്നോ അർത്ഥമാക്കേണ്ടതില്ലെന്നും, ഏവരുടെയും നന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. "സർവ്വത്രികവാദത്തിനും വ്യക്തിഗതവാദത്തിനുമിടയിൽ ഉടമ്പടിയും ഉടമ്പടികളും" എന്ന പ്രമേയത്തിൽ ഒരുമിച്ച് കൂടിയ ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ്, ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികൾ, അവയിൽ ഉൾപ്പെടാത്തവരെ അവഗണിച്ചുകളയാൻ വേണ്ടിയുള്ളവയല്ലെന്നും, പൊതുനന്മ ലക്ഷ്യമാക്കിയാണ് ഏവരും ഒരുമയോടെ പ്രവർത്തിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചത്.
ഇറ്റലിയിലെ നാല്പത്തിയേഴാമത് ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട് ഇത്തവണ നടന്ന സമ്മേളനത്തിൽ വിചിന്തനം ചെയ്യപ്പെട്ട മൂന്ന് ഉടമ്പടികൾ; നോഹയുമായുള്ള ഉടമ്പടി മാനവികതയും സൃഷ്ടലോകവുമായുള്ള ബന്ധവുമായും, അബ്രഹവുമായുള്ള ഉടമ്പടി, ഐക്യത്തിന്റെയും ഫലപുഷ്ടിയുടെയും അടിസ്ഥാനമാകുന്ന ദൈവത്തിലുള്ള വിശ്വാസമെന്ന പൊതുവായ വേരിനെക്കുറിച്ചും, സിനായ് ഉടമ്പടി, നിയമം നല്കപ്പെടുന്നതും, എല്ലാ ജനതകൾക്കുമായുള്ള രക്ഷയുടെ ഉപകരണമായി ഇസ്രയേലിനെ തിരഞ്ഞെടുക്കുന്നതുമായും ബന്ധപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പഴയ, പുതിയ നിയമങ്ങളിലുടനീളം കാണാവുന്ന ഈ വിഷയങ്ങൾ മാനവികതയോടുള്ള ദൈവത്തിന്റെ സാർവ്വത്രികസ്നേഹത്തിനും,
പ്രത്യേകത തിരഞ്ഞെടുപ്പിലൂടെ കാണപ്പെടുന്ന വ്യക്തിഗതസ്നേഹത്തിനുമിടയിൽ നമുക്ക് കാണാനാകും. പിൻവലിക്കപ്പെടാനാവാത്ത വിധത്തിലുള്ള ദൈവത്തിന്റെ വിളിയും ദാനങ്ങളും, കൂട്ടായ്മയ്ക്കായുള്ള ദൈവത്തിന്റെ നിരന്തരമായ വിളിയും ഇവയെ ഏകീകരിക്കുന്നുണ്ട്.
വൈരാഗ്യബുദ്ധിയാലും, അക്രമങ്ങളാലും കലുഷിതമായ മാനവികതയ്ക്ക് രക്ഷയും പ്രത്യാശയും നൽകുന്ന ഒന്നാണ് നോഹയുടെ സമയത്ത് ദൈവം നടത്തുന്ന ഉടമ്പടി. പാരിസ്ഥിതികമായ ഒരു മാനവും ഇതിനുണ്ട്. അതുകൊണ്ടുതന്നെ, പ്രകൃതി വിഭവങ്ങളുടെ തുല്യവും, വിവേകപൂർണ്ണവുമായ ഉപയോഗത്തിന് ഈ ഉടമ്പടി നമ്മെ ക്ഷണിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.
ഏകദൈവവിശ്വാസമുള്ള മൂന്ന് മതങ്ങൾക്കും പൊതുവായുള്ള അബ്രാഹവുമായുള്ള ഉടമ്പടി, സഹോദരങ്ങളെപ്പോലെ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെന്നും, യഥാർത്ഥ സമാധാനമുള്ള ഒരു ലോകം കെട്ടിപ്പടുക്കുവാനായി നമ്മെ ആഹ്വാനം ചെയ്യുന്നുണ്ടെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ഇസ്രായേൽ ജനത്തെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി, മറ്റുള്ളവരെ വേർതിരിച്ചു നിറുത്താനോ, ഒഴിവാക്കാനോ വേണ്ടിയുള്ളതല്ല, മറിച്ച് പൊതുനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ളതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇതിന് ഒരു മിഷനറി മാനവും ഉണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ ശരീരമായ സഭയിലും, മാനവികതയുടെ ഇടയിലും, മനുഷ്യരെ വേർതിരിച്ചുനിറുത്താൻ ശ്രമിക്കുന്ന ഒരു ലോകത്ത്, മറ്റുള്ളവരെ അവഗണിക്കാനായല്ല, ദൈവം കുറച്ചുപേരെ തിരഞ്ഞെടുക്കുന്നത് എന്നത്, ഒരു മുന്നറിയിപ്പാണെന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധ ഗ്രന്ഥം ഏവരുടെയും പൊതുസ്വത്തായി കണക്കാക്കപ്പെടുന്നതിനായി, വചനത്താൽ പരിപോഷിപ്പിക്കപ്പെടുവാൻ ഏവരെയും സഹായിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: