ഉക്രൈൻ ജനതയ്ക്കായി ഉക്രൈൻ സഭയ്‌ക്കൊപ്പം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്‌വിയാത്തോസ്ളാവ് ഷെവ്ചുക് ഉൾപ്പെടെയുള്ള ഗ്രീക്ക് കത്തോലിക്കാസഭയുടെ സിനഡ് മെത്രാന്മാരെ, സെപ്റ്റംബർ 6 ബുധനാഴ്ച, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. രണ്ടു മണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ചയിൽ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേലദ്ധ്യക്ഷൻ, റഷ്യ-ഉക്രൈൻ യുദ്ധം മൂലം കഷ്ടപ്പെടുന്ന ഉക്രൈന്റെ ദുരിതാവസ്ഥയെക്കുറിച്ച് പാപ്പായോട് വിശദീകരിച്ചു. ഉക്രൈൻ ജനതയുടെ സഹനത്തിൽ പ്രാർത്ഥനയിലൂടെ പങ്കു ചേരുന്നതിനും, അവരുടെ സഹനത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്നതിനും പാപ്പാ കാണിക്കുന്ന സന്മനസ്സിന് അദ്ദേഹം നന്ദി പറഞ്ഞു.
ഉക്രൈനിലെ ജനം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും, അവർ ജീവിക്കുന്ന രക്തസാക്ഷിത്വസമാനമായ അവസ്ഥയെക്കുറിച്ചും തന്റെ മറുപടിയിൽ പരാമർശിച്ച പാപ്പാ യുദ്ധത്തിന് മുൻപിൽ മനുഷ്യർ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയിൽ തന്റെ ദുഃഖം രേഖപ്പെടുത്തി. എല്ലാം ഇല്ലാതാക്കാനുള്ള പിശാചിന്റെ പ്രവൃത്തിയാണ് യുദ്ധമെന്ന് പരിശുദ്ധപിതാവ് പറഞ്ഞു. റഷ്യ-ഉക്രൈൻ യുദ്ധം ഉക്രൈനില കുട്ടികളുടെ മുഖങ്ങളിൽനിന്ന് പുഞ്ചിരി ഇല്ലാതാക്കിയെന്ന് പാപ്പാ ആവർത്തിച്ചു.
യുദ്ധത്തിന്റെ ക്രൂരതയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, ആളുകളുടെ മനസാന്തരത്തിനും, നിലവിലെ സംഘർഷത്തിന് അറുതി വരുത്തുന്നതിനുമായി, കൂടുതൽ പ്രാർത്ഥന ആവശ്യമുണ്ടെന്നും, കൂടിക്കാഴ്ചയിൽ ലഭിച്ച അഭ്യർത്ഥനയെത്തുടർന്ന്, ഒക്ടോബർ മാസത്തിൽ കൂടുതലായി സമാധാനത്തിനായി, പ്രത്യേകിച്ച് ഉക്രൈനിലെ സമാധാനത്തിനായി ജപമാലപ്രാർത്ഥന നടത്തണമെന്നും പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.
തന്റെ പീഡാനുഭവനിമിഷങ്ങളിൽ, അവഹേളനങ്ങൾക്കും സഹനത്തിനും കുരിശുമരണത്തിനും ഇരയാകുക എന്നതിനേക്കാൾ, സത്യം പറയുവാനുള്ള ധൈര്യത്തിന് സാക്ഷ്യമേകാനും, തന്റെ ജനം നഷ്ടധൈര്യരാകാതിരിക്കുവാനായി അവരോട് സമീപസ്ഥനായിരിക്കാനുമാണ് യേശു ശ്രമിച്ചതെന്ന് പാപ്പാ പറഞ്ഞു. ഇത് എളുപ്പമുള്ള ഒരു കാര്യമല്ലെന്നും, എന്നാൽ ജനം തങ്ങളുടെ ഇടയന്മാരെ വിശുദ്ധരും, ക്രിസ്തു പഠിപ്പിച്ച മാർഗ്ഗത്തിന്റെ അധ്യാപകരും ആയിരിക്കുവാനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെത്രാൻസംഘത്തിനൊപ്പം പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നതിന് മുൻപായി, താൻ അർജന്റീനയിൽ ആയിരുന്നപ്പോൾ മേജർ ആർച്ച്ബിഷപ് നൽകിയ കന്യകാമറിയത്തിന്റെ ചിത്രത്തിന് മുൻപിൽ എന്നും ഉക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് പാപ്പാ പറഞ്ഞു.
ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് മുൻപാണ് പാപ്പാ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാമേലധ്യക്ഷന്മാർക്ക് കൂടിക്കാഴ്ച അനുവദിച്ചത്. വത്തിക്കാൻ പ്രെസ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: