തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

ദക്ഷിണാഫ്രിക്കയ്ക്കും ഉക്രൈനും വേണ്ടി പ്രാർത്ഥനയോടെ പാപ്പാ

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലുണ്ടായ അഗ്നിബാധയുടെ ഇരകളായവർക്കുവേണ്ടി പ്രാർത്ഥനകൾ നേർന്നും കുടുംബാംഗങ്ങൾക്ക് സാമീപ്യമറിയിച്ചും, ഉക്രൈനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദക്ഷിണാഫ്രിക്കയിൽ അഗ്നിബാധയിൽ മരണമടഞ്ഞവർക്കും, ഉക്രൈനിൽ യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് തെക്കൻ ആഫ്രിക്കയിലെ അഗ്നിബാധയിൽ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അതോടൊപ്പം ഇപ്പോഴും തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ ഏഴുപതിലധികം ആളുകൾ മരണമടഞ്ഞതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. അഞ്ചു നിലകളുള്ള ഈ കെട്ടിടത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ നിരവധി കുട്ടികളും ഉണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്‌മരിച്ചു. അപകടത്തിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആഹ്വാനം ചെയ്ത പാപ്പാ, സംഭവത്തിൽ വേദനയ്ക്കുന്ന കുടുംബാംഗങ്ങൾക്ക് തന്റെ അനുശോചനം രേഖപ്പെടുത്തുകയും, അവർക്കും, അപകടത്തിൽപ്പെട്ടവർക്ക് സേവനങ്ങളെത്തിക്കുന്നവർക്കും അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്‌തു.

ജൊഹാന്നസ്ബർഗിൽ ഓഗസ്റ്റ് 31-ആം തീയതിയുണ്ടായ അപകടത്തിൽ 73 പേര് മരണമടയുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി 1-30-നാണ് അപകടം നടന്നത്. അപകടകരണവുമായി ബന്ധപ്പെട്ട് അധികാരികളുടെ ഭാഗത്തുനിന്ന് നിലവിൽ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരകൾ

സെപ്റ്റംബർ 8-ന് ആഘോഷിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, റഷ്യ-ഉക്രൈൻ യുദ്ധത്തിൽ പീഡിപ്പിക്കപ്പെടുന്ന ഉക്രൈൻ ജനതയുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാമെന്ന് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2023, 17:07