സിനഡിനായുള്ള ജാഗരണ പ്രാർത്ഥനയ്ക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
അടുത്തു വരുന്ന സിനഡിനായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തുന്ന ജാഗരണത്തിൽ പങ്കുചേരാൻ സകല ക്രൈസ്തവരോടുമുള്ള അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ വീണ്ടും ആവർത്തിച്ചു.
ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തിലാണ് ശനിയാഴ്ച നടത്തുന്ന എക്യുമേനിക്കൽ പ്രാർത്ഥനാ ജാഗരണത്തിനുള്ള ക്ഷണം ആവർത്തിച്ചത്. ഒക്ടോബർ 4ന് ആരംഭിക്കുന്ന സിനഡ് സമ്മേളനത്തിന് ഒരുക്കമായാണ് സെപ്റ്റംബർ 30ആം തിയതി ശനിയാഴ്ച " ഒരുമിച്ച് " എന്ന് പേരിട്ടിരിക്കുന്ന ജാഗരണ പ്രാർത്ഥന നടത്തുന്നത്.
സിനഡിനെ പരിശുദ്ധാത്മാവിന് സമർപ്പിച്ച്
40 രാജ്യങ്ങളിൽ നിന്ന് ഏകദേശം 3000 യുവജനങ്ങളെയാണ് ജാഗരണത്തിന് പ്രതീക്ഷിക്കുന്നത്. വിവിധ ക്രൈസ്തവ പാരമ്പര്യങ്ങളിൽ നിന്ന് 12 പ്രതിനിധികളും പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം ചേരും. അവരിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോ ഒന്നാമനും, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും ഉൾപ്പെടുന്നു.
ജാഗരണ പ്രാർത്ഥനയുടെ പ്രധാന ഉദ്ദേശ്യം സിനഡിനെ പരിശുദ്ധാത്മാവിന്റെ മാർഗ്ഗ നിർദ്ദേശത്തിന് സമർപ്പിക്കുകയാണെന്ന് സിനഡ് കാര്യാലയത്തിന്റെ അണ്ടർ സെക്രട്ടറിയായ സി.നത്തലി ബെക്വാർട്ട് പറഞ്ഞു. അതേ സമയം പലതരം വിഘടനങ്ങൾ അടയാളപ്പെടുത്തിയ ഈ ലോകത്തിൽ ഐക്യത്തിനും സമാധാനാത്തിനുമുള്ള പ്രതിബദ്ധതയും എല്ലാ ക്രൈസ്തവരുടെയും ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ പ്രാധാന്യവും അത് പ്രകടിപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: