തിരയുക

ഫ്രാൻസിസ് പാപ്പാ മർസിലിയയിൽ വിശുദ്ധ ബലിയുടെ മദ്ധ്യേ തിരുവചനസന്ദേശം നൽകുന്നു ഫ്രാൻസിസ് പാപ്പാ മർസിലിയയിൽ വിശുദ്ധ ബലിയുടെ മദ്ധ്യേ തിരുവചനസന്ദേശം നൽകുന്നു   (VATICAN MEDIA Divisione Foto)

മറ്റുളവർക്ക് യേശുവിന്റെ സന്തോഷം പകരുന്നവരാകാം: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിലെ മർസിലിയൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ സെപ്തംബർ ഇരുപത്തിമൂന്നാം തീയതി പ്രാദേശികസമയം വൈകുന്നേരം നാലുമണിക്ക് ഫ്രാൻസിസ് പാപ്പാ കാർമ്മികത്വം വഹിച്ച വിശുദ്ധ ബലിയുടെ മദ്ധ്യേ നൽകിയ തിരുവചനസന്ദേശം
തിരുവചനസന്ദേശം-ശബ്ദരേഖ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ദാവീദ് രാജാവ് തന്റെ രാജ്യം സ്ഥാപിച്ച ശേഷം വാഗ്ദാനപേടകം ജറുസലേമിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി തിരുവെഴുത്തുകളിൽ പറയുന്നു. യാത്രാമധ്യേ, അവൻ, ജനങ്ങളോടൊപ്പം പേടകത്തിന്റെ മുൻപിൽ നൃത്തം ചെയ്തുകൊണ്ട് , കർത്താവിന്റെ സാന്നിധ്യത്തിൽ സന്തോഷിച്ചു (2 സാമു 6:1-15 ). ഈ രംഗത്തിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷകനായ വിശുദ്ധ ലൂക്കാ  മറിയം തന്റെ ചാർച്ചക്കാരിയായ   എലിസബത്തിനെ സന്ദർശിച്ചതിനെക്കുറിച്ച് നമ്മോട് പറയുന്നത്: മറിയവും യാത്രയാവുന്നത് ജെറുസലേമിലേക്കാണ് . എലിസബത്തിന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ എലിസബത്തിന്റെ ഉദരത്തിലുള്ള കുഞ്ഞു, മിശിഹായുടെ വരവ് തിരിച്ചറിഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ട് പേടകത്തിന് മുൻപിൽ ദാവീദ് രാജാവ്  ചെയ്തതുപോലെ നൃത്തം ചെയ്യാൻ തുടങ്ങുന്നു (ലൂക്കാ 1:39-45 ).

അതിനാൽ, മറിയം, മനുഷ്യാവതാരമായ യേശുവിനെ ലോകത്തിലേക്ക് പരിചയപ്പെടുത്തുന്ന ഉടമ്പടിയുടെ യഥാർത്ഥ പേടകമായി  അവതരിപ്പിക്കപ്പെടുന്നു. വൃദ്ധയും, വന്ധ്യയുമായിരുന്ന ചാർച്ചക്കാരിയെ കാണാൻ പോകുന്നത് യുവ കന്യകയാണ്. യേശുവിനെ വഹിച്ചുകൊണ്ട്, എല്ലാ വന്ധ്യതകളെയും തരണം ചെയ്യുന്ന ദൈവീക സന്ദർശനത്തിന്റെ അടയാളമായി അവൾ മാറുന്നു. നമ്മെ അന്വേഷിക്കുവാനും, നമ്മെ സന്തോഷിപ്പിക്കുവാനും, നമ്മുടെ ഹൃദയങ്ങളിലേക്കിതാ ദൈവം യാത്രയാവുന്നു എന്ന സന്തോഷ വാർത്ത പ്രദാനം ചെയ്തു കൊണ്ട്  യൂദയായിലെ  മലനിരകളിലേക്ക് കയറുന്നത് നമ്മുടെ അമ്മയാണ്.

ഈ രണ്ട് സ്ത്രീകളിൽ; മറിയത്തിലും എലിസബത്തിലും , മനുഷ്യരാശിയിലേക്കുള്ള ദൈവത്തിന്റെ സന്ദർശനം വെളിപ്പെടുന്നു: ഒരാൾ ചെറുപ്പവും മറ്റൊരാൾ വാർധക്യത്തിലെത്തിയവളും , ഒരാൾ കന്യകയും മറ്റൊരാൾ വന്ധ്യയും , എന്നിട്ടും അവർ രണ്ടുപേരും "അസാധാരണമായ രീതിയിൽ " ഗർഭം ധരിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിലുള്ള  ദൈവത്തിന്റെ ഇടപെടലാണ് : അസാധ്യമെന്നു തോന്നുന്നത് പോലും അവൻ സാധ്യമാക്കുന്നു, വന്ധ്യതയിൽ പോലും ജീവൻ പകരുന്ന അവന്റെ കരുതൽ.

സഹോദരീ സഹോദരന്മാരേ, ആത്മാർത്ഥതയോടെ നമുക്ക് സ്വയം ചോദിക്കാം: ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുവെന്ന യാഥാർഥ്യം നാം തിരിച്ചറിയുന്നുണ്ടോ? അത്  നാം വിശ്വസിക്കുന്നുണ്ടോ?

ലൗകിക മതേതരത്വവും,  മതപരമായ നിസ്സംഗതയും അടയാളപ്പെടുത്തുന്ന നമ്മുടെ സമൂഹങ്ങളിൽ കർത്താവ് മറഞ്ഞിരിക്കുന്നതും പലപ്പോഴും പ്രവചനാതീതവുമായ രീതിയിൽ ചരിത്രത്തിൽ പ്രവർത്തിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും  ചെയ്യുന്നുവെന്ന് നാം വിശ്വസിക്കുന്നുണ്ടോ?

നമുക്ക് ഈ കർത്താവിൽ വിശ്വാസമുണ്ടോ എന്ന് വിവേചിച്ചറിയാൻ ഒരു വഴിയുണ്ട്.  മറിയത്തിന്റെ അഭിവാദ്യം കേട്ടയുടൻ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി എന്നാണ് വചനം പറയുന്നത്.

അതിനാൽ ഇതാണ് ആ അടയാളം: കുതിച്ചുചാടുക. അവനിൽ വിശ്വസിക്കുന്നവർ, പ്രാർത്ഥിക്കുന്നവർ, ആത്മാവിൽ  സന്തോഷഭരിതരായി കുതിച്ചുചാടുന്നു, നമ്മുടെ അന്തരാത്മാവിലുള്ള ചലനം നമുക്ക് അനുഭവവേദ്യമാകുന്നു. വിശ്വാസാത്മകമായ ഈ കുതിച്ചുചാട്ടം, നമുക്ക് അൽപനേരം ധ്യാനിക്കാം.

വിശ്വാസത്തിന്റെ അനുഭവം ഒന്നാമതായി ജീവിതാകമാനം  ഒരു ആവേശം ജനിപ്പിക്കുന്നു. കുതിച്ചുചാടുക എന്നാൽ "ഉള്ളിൽ സ്പർശിക്കുക" എന്നാണർത്ഥമാക്കുന്നത്.ആന്തരികമായ ഈ  ആവേശം, നമ്മുടെ ഹൃദയത്തിൽ എന്തോ ചലിപ്പിക്കുന്നതായി നമ്മിൽ  അനുഭവപ്പെടുന്നു. അത് നിസംഗതയും , മന്ദോഷ്ണതയും നിറഞ്ഞ ഒരു ഹൃദയത്തിന്റെയും, വിശ്രമത്തിലാണ്ടുപോയ ഒരു ജീവിതത്തിന്റെയും  നേരെ വിപരീതമായ ഒരു യാഥാർഥ്യമാണ്.

മറിച്ച് ആത്മാവിലുള്ള ഈ കുതിച്ചുചാട്ടം നമ്മുടെ അസ്തിത്വത്തിനു പുതിയ ഒരു മാനം പ്രദാനം ചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ ദാരുണമായ അവസ്ഥകളിൽ കഴിയുന്ന ആളുകൾ, പ്രത്യേകമായി പലായനം ചെയ്യുന്ന ആളുകൾ,തിരസ്കരിക്കപ്പെടുന്നവർ,ഉദരത്തിൽ വച്ച് നശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾ,വൃദ്ധർ എന്നിവരോടുള്ള നമ്മുടെ നിസ്സംഗവും, തണുത്തതുമായ സമീപനം നമ്മുടെ ജീവിതത്തെ മുഴുവൻ യാന്ത്രികമാക്കുന്ന ദയനീയാവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു.നമ്മുടെ യൂറോപ്യൻ സമൂഹത്തിൽ ഈ നിസ്സംഗത നമ്മെ രോഗികളാക്കുന്നുവെന്നും തിരിച്ചറിയണം. അപകർഷതാബോധം, നിരാശ, അനിശ്ചിതത്വം; ആത്മാവിലുള്ള കുതിച്ചുചാട്ടരഹിതമായ ഈ അവസ്ഥയെയാണ് ചിലർ സങ്കടകരമായ വികാരങ്ങൾ എന്ന് വിളിച്ചതും.

എന്നാൽ വിശ്വാസത്തിന്റെ അനുഭവം എലിസബത്തിന്റെ ഉദരത്തിലെ ശിശുവിനെയെന്ന പോലെ നമ്മുടെ ഉള്ളിലും കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കുന്നു. ജീവിതത്തിന്റെ  ഓരോ ദിവസവും മനോഹരമാക്കുവാനും, ബുദ്ധിമുട്ടുകൾക്കും, കഷ്ടപ്പാടുകൾക്കും വേദനകൾക്കും നടുവിലും  യാഥാർഥ്യത്തിലേക്ക് കണ്ണുകൾ തുറന്നുനോക്കുവാനും ഇപ്രകാരം നമുക്ക് സാധിക്കുന്നു. അനുദിനം കർത്താവിന്റെ സന്ദർശനവും,സാമീപ്യവും പരിപാലനവും അനുഭവിക്കുവാനും നമുക്ക് സാധിക്കുന്നു.

വ്യക്തിജീവിതത്തിന്റെ നിഗൂഢതയും സമൂഹത്തിന്റെ വെല്ലുവിളികളും  അഭിമുഖീകരിക്കുമ്പോൾ, വിശ്വസിക്കുന്നവർ സന്തോഷഭരിതമായ ഒരു കുതിച്ചുചാട്ടവും, അഭിനിവേശവും, നട്ടുവളർത്താനുള്ള  ഒരു സ്വപ്നവും, വ്യക്തിപരമായി സ്വയം സമർപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്ന താൽപ്പര്യവുമൊക്കെ ജീവിതത്തിൽ അനുഭവിക്കുന്നു.

നമുക്ക് ഓരോരുത്തർക്കും സ്വയം ചോദിക്കാം: എനിക്ക് ഈ കാര്യങ്ങളൊക്കെ ഉള്ളിൽ  തോന്നുന്നുണ്ടോ? എനിക്ക് ഇത്തരത്തിൽ ജീവിക്കാൻ സാധിക്കുന്നുണ്ടോ? ഇപ്രകാരം വിശ്വാസത്തിൽ ജീവിക്കുന്നവർക്കറിയാം  കർത്താവ് എല്ലാറ്റിലും സന്നിഹിതനാണെന്നും   സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ നമ്മെ വിളിക്കുന്നുവെന്നും, ക്ഷണിക്കുന്നുവെന്നും. ഇപ്രകാരം നമുക്ക് ലഭിച്ച വിളിക്കനുസൃതമായി പുതിയ ഒരു ലോകം സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കണം.

വിശ്വാസത്തിന്റെ അനുഭവം, വ്യക്തിജീവിതത്തിന്റെ ആവേശത്തിന് പുറമേ, മറ്റുള്ളവരുടെ ജീവിതത്തിലേക്കും  ഒരു ആവേശം സൃഷ്ടിക്കുന്നു.  വാസ്തവത്തിൽ ദൈവത്തിന്റെ സന്ദർശനം അസാധാരണമായ സംഭവങ്ങളിലൂടെയല്ല, മറിച്ച് ഒരു കണ്ടുമുട്ടലിന്റെ  ലാളിത്യത്തിലാണ് സംഭവിക്കുന്നതെന്ന് നാം കാണുന്നു. രണ്ട് സ്ത്രീകൾ തമ്മിലുള്ള ആർദ്രമായ ആലിംഗനത്തിൽ, വിസ്മയവും പ്രതീക്ഷയും നിറഞ്ഞ രണ്ട് ഗർഭസ്ഥാവസ്ഥകളുടെ  നടുവിൽ ദൈവം ഒരു കുടുംബത്തിലേക്ക് കടന്നുവരുന്നു. ഈ കൂട്ടായ്മയിൽ  മറിയത്തിന്റെ ആത്മനിർവൃതിയും, എലിസബത്തിന്റെ അത്ഭുതവും, പങ്കുവയ്ക്കുന്നതിന്റെ സന്തോഷവുമെല്ലാം നമുക്ക് കാണാം.

സഭയിൽ പോലും നമുക്ക് ഇത് എപ്പോഴും ഓർക്കാം: ദൈവം ഒരു ബന്ധമാണ്. മനുഷ്യരുടെ കണ്ടുമുട്ടലുകളിലൂടെ, മറ്റുള്ളവരോട് എപ്രകാരം സ്വയം ഉള്ളു തുറക്കാമെന്ന് അറിയുമ്പോൾ, നമ്മെ കടന്നുപോകുന്നവരുടെ ജീവിതത്തിന് ഒരു ആവേശം നൽകുമ്പോൾ  ദൈവം നമ്മെ സന്ദർശിക്കുന്നു. നമ്മുടെ ഹൃദയം നിർവികാരത്തള്ളലിൽ ആണ്ടുപോകാതെ ദുർബലരുടെയും മുറിവേറ്റവരുടെയും സമീപത്തേക്ക് കടന്നുചെല്ലണം.

നമ്മുടെ മെട്രോപൊളിറ്റൻ നഗരങ്ങളും, വിവിധ സംസ്ക്കാരങ്ങളും മതങ്ങളും നിലനിൽക്കുന്ന ഫ്രാൻസ് പോലുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളും ഈ അർത്ഥത്തിൽ അഹംഭാവവും,വ്യക്തിവാദവും  സൃഷ്ടിക്കുന്ന സ്വാർത്ഥതയ്ക്കും അടച്ചുപൂട്ടലിനും എതിരായ വലിയ വെല്ലുവിളിയാണ്.

നമ്മുടെ അടുത്ത് താമസിക്കുന്നവർക്ക് സഹായമാകുവാൻ  നാം യേശുവിന്റെ  ജീവിതമാതൃക പിന്തുടരണം.  ക്ഷീണിതരും, അവശരുമായ  ജനക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ, അനുകമ്പയും വികാരവും തോന്നുകയും, മുറിവേറ്റവനു  മുമ്പിൽ കരുണയുടെ 'സ്നേഹപുരസരമുള്ള കുതിച്ചുചാട്ടം' നടത്തുകയും ചെയ്യുന്ന കർത്താവിൽ നിന്നുമാണ് ഇവയെല്ലാം  നാം പഠിക്കുന്നത്.

മഹാനായ വിശുദ്ധരിൽ ഒരാളായ വിൻസെന്റ് ഡി പോൾ പ്രസ്താവിക്കുന്നതുപോലെ, "നമ്മുടെ ഹൃദയങ്ങളെ മയപ്പെടുത്താൻ ശ്രമിക്കണം, മറ്റുള്ളവരുടെ വേദനകളോടും ദുരിതങ്ങളോടും ചേർന്ന് നിന്നുകൊണ്ട്  ദരിദ്രർ "നമ്മുടെ പ്രഭുക്കന്മാരും യജമാനന്മാരും" ആണെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലേക്ക്  എത്തുന്ന കരുണയുടെ യഥാർത്ഥ ചൈതന്യം നമുക്ക് ലഭ്യമാക്കണമെന്ന്  ദൈവത്തോട് പ്രാർത്ഥിക്കുകയും വേണം.

സഹോദരങ്ങളേ, സഹോദരിമാരേ, ഫ്രാൻസിന്റെ അനേകം "സന്തോഷാത്മകമായ കുതിച്ചുചാട്ടങ്ങൾ", വിശുദ്ധി, സംസ്കാരം, കലാകാരന്മാർ, ചിന്തകർ എന്നിവയാൽ സമ്പന്നമായ ഒരു ചരിത്രത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, അത് നിരവധി തലമുറകൾക്ക് പ്രചോദനമായി മാറിയതുപോലെ  ഇന്നും നമ്മുടെ ജീവിതത്തിന്, സഭയുടെ, ഫ്രാൻസിന്റെ, യൂറോപ്പിന്റെ ജീവിതത്തിന് ഈ വിശ്വാസത്തിന്റെയും,സ്നേഹത്തിന്റെയും,പ്രത്യാശയുടെയും കൃപ ആവശ്യമാണ്.

സാഹോദര്യത്തോടുള്ള പ്രതിബദ്ധതയുടെ രുചി നാം വീണ്ടും കണ്ടെത്തേണ്ടതുണ്ട്. കുടുംബങ്ങളോടും,  ദുർബലരോടുമുള്ള സ്നേഹം ഊട്ടിയുറപ്പിച്ചുകൊണ്ട്  സുവിശേഷത്തിൽ പരിവർത്തനം ചെയ്യുന്ന കൃപ നാം കണ്ടെത്തണം. ഇതാണ്  ജീവിതത്തെ മനോഹരമാക്കുന്നത്.

എലിസബത്തിന് സംഭവിച്ചതുപോലെ, അതികഠിനവും, പ്രയാസകരവുമായ ഒരു യാത്രയിൽ ‘ഇതാണ് ദൈവത്തിന്റെ കരുതലെന്ന’ ഓർമ്മപ്പെടുത്തൽ നൽകുന്ന മറിയത്തെ നമുക്ക് നോക്കാം. 

എലിസബത്തിനു സന്തോഷത്തിന്റെ കുതിച്ചുചാട്ടം സമ്മാനിക്കുവാൻ അവൾക്കു സാധിച്ചതുപോലെ പ്രാർത്ഥനയിലും, സേവനത്തിലും സഹോദരങ്ങളെ തിരിച്ചറിയുവാൻ, മെഡിറ്ററേനിയൻ വെല്ലുവിളികളും, ദരിദ്രരുടെ നിലവിളികളും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും നന്മകളിലൂടെ തരണം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ.

സഹോദരീസഹോദരന്മാരേ, നിങ്ങളുടെ ജീവിതത്തിന് കൂട്ടായിരിക്കുവാനും, ഫ്രാൻസിനെ പരിപാലിക്കുവാനും, യൂറോപ്പിനെ മുഴുവൻ സംരക്ഷിക്കുവാനും, ആത്മാവിൽ നമുക്ക് കുതിച്ചുചാടുവാനും  നോത്തെർ ടാം ദേ ലാ ഗാർഡ് മാതാവിനോട്  ഞാൻ പ്രാർത്ഥിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2023, 11:53