ജനതകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പാലങ്ങൾ പണിയാൻ പാപ്പായ്‌ക്കൊപ്പം ഏഷ്യൻ യുവത്വം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഒരു സിനഡൽ സഭ എന്ന ലക്ഷ്യത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം സ്വീകരിച്ച്, ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷനും, ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയും മുൻകൈയ്യെടുത്ത് നടത്തുന്ന "ഓൺലൈൻ" സംഗമത്തിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും. തെക്കൻ ഏഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽനിന്നുള്ള കുറച്ചു യുവവിദ്യാർത്ഥികൾക്കാണ് പാപ്പായോടൊപ്പം സംവദിക്കാൻ അവസരം ലഭിക്കുന്നത്. അർത്ഥശൂന്യവും, അനാവശ്യവുമായ ചർച്ചകളിൽ ഏർപ്പെടാതെ, പരസ്പരം കണ്ടുമുട്ടിയും, ശ്രവിച്ചും, ശരിയായി വിവേചിച്ചും ഒരു സിനഡൽ രീതിയിലുള്ള സഭയുടെ വളർച്ചയ്ക്കായി യുവജനത്തെയും, അതുവഴി സമൂഹത്തെയും നയിക്കുക എന്ന ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനത്തിൽനിന്ന് പ്രേരിതമായാണ് ഇതുപോലെ ഒരു സംരംഭം നടത്തപ്പെടുന്നത്.
മുൻപ് സംഘടിപ്പിക്കപ്പെട്ട സമാന സംഗമങ്ങളിൽ, 2022 ഫെബ്രുവരി 24-ന് അമേരിക്കയിൽനിന്നും 2022 നവംബർ 1-ന് ആഫ്രിക്കയിൽനിന്നുമുള്ള കുറച്ചു വിദ്യാർത്ഥികളുമായി പാപ്പാ ഓൺലൈനിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്ന്, "പാലങ്ങൾ പണിയുക" എന്ന സംരംഭത്തിന്റെ മൂന്നാം പാദമായാണ് "ദക്ഷിണ ഏഷ്യയിലൂടെ പാലങ്ങൾ പണിയുക" എന്ന പദ്ധതി നടത്തപ്പെടുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ, ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലായിരിക്കും സംവാദം നടക്കുക. സെപ്റ്റംബർ 26-ന്, റോമിലെ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക്, ഇന്ത്യയിൽ വൈകുന്നേരം 6.30-നായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. വത്തിക്കാനിലെ പാപ്പായുടെ ഔദ്യോഗിക വസതിയായ സാന്താ മാർത്ത ഭവനത്തിൽനിന്ന് പാപ്പായും ഈ വിർച്വൽ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള ചെറിയ ഗ്രൂപ്പുകൾ പരസ്പരസംവാദങ്ങളിലൂടെയും, വിചിന്തനങ്ങളിലൂടെയും, അവരുടെ സാമൂഹികപ്രശ്നങ്ങൾ പങ്കിടും. ഈ ചെറു ഗ്രൂപ്പുകളുടെ പ്രതിനിധികളായിരിക്കും പാപ്പായുമായി സൂം (Zoom) എന്ന ഓൺലൈൻ പ്രോഗ്രാമിലൂടെ സംവദിക്കുക. ഇതിന്റെ തത്സമയസംപ്രേക്ഷണം യൂട്യൂബിലൂടെ ദൃശ്യമായിരിക്കും.
ഇന്ത്യയിൽനിന്നുള്ള, ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് യൂണിവേഴ്സിറ്റി, ഡൽഹിയിലെ സെന്റ്. സ്റ്റീഫൻസ് കോളേജ്, ചെന്നൈയിലെ ലയോള കോളേജ്, പാകിസ്ഥാനിലെ ലാഹോറിലുള്ള ലയോള ഹാൾ റീസേർച്ച് ആൻഡ് സ്പിരിച്ച്വാലിറ്റി സെന്റർ, നേപ്പാളിലെ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് സെപ്റ്റംബർ 26-ന് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുക.
മൂന്ന് രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പങ്കെടുക്കുന്നത്. മനഃശാസ്ത്രം, വാണിജ്യം, ഭൗതികശാസ്ത്രം, നിയമം, കമ്പ്യൂട്ടർ സയൻസ്, രസതന്ത്രം, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന ഈ വിദ്യാർത്ഥികളെ 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ഒരു വിദ്യാർത്ഥിക്ക് വീതമായിരിക്കും പാപ്പായുമൊത്ത് സംസാരിക്കാനാവുക.
https://www.luc.edu/buildingbridges/ എന്ന വെബ്സൈറ്റിൽ സമ്മേളനത്തിന്റെ തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥിസമൂഹങ്ങൾക്ക് വിവിധ സാമൂഹികവിഷയങ്ങളിലുള്ള അവരുടെ ചോദ്യങ്ങളും പ്രതീക്ഷകളും, അനുഭവങ്ങളും പങ്കുവയ്ക്കാനുള്ള ഒരു വേദികൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: