സാമ്രാജ്യത്വയുക്തിയെ മഹത്വവത്ക്കരിക്കാതെ ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി
ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യൻ യുവജനദിനത്തിൽ പങ്കെടുത്തവരുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ ഓൺലൈൻ വീഡിയോ സന്ദേശത്തിലെ വാക്കുകൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദേശത്തിന്റെ അർത്ഥവും വ്യാപ്തിയും വത്തിക്കാൻ ഔദ്യോഗിക വക്താവ് ഡോ.മത്തേയോ ബ്രൂണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'മഹത്തായ റഷ്യൻ സംസ്കാരവും, ആത്മീയതയും, പൈതൃകവും യുവ തലമുറയുടെ വളർച്ചയ്ക്ക് വളരെ മുതൽക്കൂട്ടാകുമെന്ന' പാപ്പായുടെ വാക്കുകളെയാണ് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്. റഷ്യൻ ആത്മീയത, തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും ഉയർത്തിപ്പിടിക്കുന്നതല്ലയെന്നും പാപ്പാ അടിവരയിട്ടു സൂചിപ്പിച്ചിരുന്നു.
"അനുരഞ്ജനത്തിന്റെ വിത്തുകൾ വിതയ്ക്കുന്നവർ" ആകാനുള്ള ക്ഷണം ആവർത്തിച്ച ശേഷം, റഷ്യൻ നഗരത്തിലെ സെന്റ് കാതറിൻ ബസിലിക്കയിൽ ഒത്തുകൂടിയ ആൺകുട്ടികളോടും പെൺകുട്ടികളോടും പാപ്പാ തങ്ങളുടെ സ്വന്തം "പൈതൃകം" ഒരിക്കലും മറക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം "മഹത്തായ റഷ്യ"യെയും അതിന്റെ സാംസ്കാരിക ചരിത്രത്തെയും അനുസ്മരിക്കുകയും പീറ്റർ ദി ഗ്രേറ്റിനെയും കാതറിൻ രണ്ടാമനെയും പരാമർശിക്കുകയും ചെയ്തു.
മോസ്‌കോയിലെ 'ചർച്ച് ഓഫ് ദ മദർ ഓഫ് ഗോഡ്' വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പാപ്പായുടെ വാക്കുകൾ ഉക്രെയ്‌നിൽ നിന്ന് നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സാമ്രാജ്യത്വ ആശയങ്ങളുടെ പ്രോത്സാഹനമാന്ന് പാപ്പായുടെ ആശയമെന്ന തെറ്റായ പ്രചാരണമാണ് മാധ്യമലോകത്ത് നടക്കുന്നത്.
എന്നാൽ 'ഏത് തരത്തിലുള്ള സാമ്രാജ്യത്വത്തിന്റെയും, കൊളോണിയലിസത്തിന്റെയും കടുത്ത എതിരാളിയും വിമർശകനുമാണ് ഫ്രാൻസിസ് പാപ്പായെന്ന് ഗ്രീക്ക്-കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: