തിരയുക

 ഫ്രാൻസീസ് പാപ്പാ,  നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ജാലത്തിൻറെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 26/08/23 ഫ്രാൻസീസ് പാപ്പാ, നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ജാലത്തിൻറെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 26/08/23  (VATICAN MEDIA Divisione Foto)

പാപ്പാ: സാങ്കേതികതയുടെ തെറ്റായ പ്രവണതകൾക്കെതിരെ ജാഗരൂഗരായിരിക്കുക!

ഫ്രാൻസീസ് പാപ്പാ, കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ജാലത്തിൻറെ, (International Catholic Legislators Network) പതിനാലാം വാർഷികയോഗത്തിൽ പങ്കെടുക്കുന്നവരുടെ ഇരുനൂറോളം പേരടങ്ങിയ പ്രതിനിധിസംഘത്തെ ശനിയാഴ്ച (26/08/23) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാങ്കേതികത്വത്തിൻറെ അതിപ്രസരം മാദ്ധ്യമ ലോകത്തിലും മറ്റും ഉളവാക്കിയിരിക്കുന്ന മനുഷ്യത്വരഹിതമായ പ്രവണതകൾക്കെതിരെ മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

ആഗസ്റ്റ് 24-27 വരെ, ഇറ്റലിയിലെ ഫ്രസ്ക്കാത്തിയിലും റോമിലുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ജാലത്തിൻറെ, അഥവാ, (International Catholic Legislators Network) പതിനാലാം വാർഷികയോഗത്തിൽ പങ്കെടുക്കുന്നവരുടെ ഇരുനൂറോളം പേരടങ്ങിയ പ്രതിനിധിസംഘത്തെ ശനിയാഴ്ച (26/08/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ  ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട ഇതു പറഞ്ഞത്.

“വലിയ അധികാര വടംവലി, സംഘടിത ആധിപത്യം, സാങ്കേതികത: മനുഷ്യത്വരഹിതമായ പ്രവണതകൾക്കുള്ള ക്രിസ്തയ പ്രത്യുത്തരം” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുക, വിദ്വേഷവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുക, മനുഷ്യബന്ധങ്ങളെ കേവലം കണക്കുകളിലേക്ക് ചുരുക്കുക എന്നിങ്ങനെ സാങ്കേതികത്വത്തിൻറെ ഫലമായുണ്ടാകുന്ന അനേകം മനുഷ്യത്വരഹിത പ്രവണതകൾ കാണപ്പെടുന്നുണ്ടെന്നും ആകയാൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

കമ്പ്യൂട്ടർ - ഇൻറർനെറ്റ് സാങ്കേതികവിദ്യകളുടെ സ്വാധീനത്തിലേക്ക് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ സാങ്കല്പിക സമാഗമത്തിൻറെ ദുരുപയോഗത്തെ ജയിക്കണമെങ്കിൽ  വിയോജിക്കുന്നവരെപ്പോലും പരസ്പരം ആദരിക്കാനും പരസ്പരം ശ്രവിക്കാനുമുള്ള മൗലികാഹ്വനം ഉൾക്കൊള്ളുന്ന യഥാർത്ഥ സമാഗമത്തിലൂടെ മാത്രമെ സാധിക്കുകയുള്ളുവെന്ന് ഉദ്ബോധിപ്പിച്ചു.

ഏതൊരു ജാലത്തിൻറെയും അഥവാ, ശൃംഖലയുടെയും (network) ലക്ഷ്യം ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും തങ്ങളായിരിക്കുന്നതിനെക്കാൾ വലിയൊരു യാഥാർത്ഥ്യത്തിൻറെ ഭാഗമാണ് തങ്ങളെന്ന അവബോധം അവരിൽ ഉളവാക്കുകയുമാണെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. എന്നാൽ ജനങ്ങളെ ഒന്നിച്ചു കൂട്ടുന്നതിൽ മാത്രം ഈ ലക്ഷ്യം ഒതുങ്ങി നില്ക്കുന്നില്ലെന്നും അത് പൊതുവായ ഒരു ലക്ഷ്യം പ്രാപിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

കത്തോലിക്ക നിയമനിർമ്മാതാക്കളുടെ അന്താരാഷ്ട്ര ജാലത്തിൻറെ സ്വഭാവസവിശേഷതകളായ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക, പൊതുവായ ലക്ഷ്യത്തിലേക്കു നയിക്കുക എന്നീ രണ്ടു സത്താപരമായ മാനങ്ങൾ സഭയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2023, 16:36