പാപ്പാ: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്ത് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈദികാധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മാർപ്പാപ്പാ ഒരിക്കൽ കൂടി മുന്നറിയിപ്പു നല്കുന്നു.
താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിന് തയ്യാറാക്കിയതും ഏഴാം തീയതി തിങ്കളാഴ്ച റോം രൂപതയിലെ എല്ലാ വൈദികർക്കും അയച്ചതുമായ കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരിക്കുന്നത്.
ആദ്ധ്യാത്മിക ലൗകികത സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപത്താണെന്ന് ഹെൻറി ദെ ലുബാച് എന്ന വൈദികൻറെ വാക്കുകൾ പാപ്പാ ഉദ്ധരിക്കുന്നു.
ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അത് ഏതൊരു കേവല ധാർമ്മിക ലൗകികതയെക്കാളും അനന്തമായി വിനാശകരമായിരിക്കും എന്ന അദ്ദേഹത്തിൻറെ വാക്കുകളും പാപ്പാ അനുസ്മരിക്കുന്നു.
ആദ്ധ്യാത്മികതയെ ബാഹ്യമായവയിൽ ഒതുക്കുന്ന ജീവിതരീതിയാകയാൽ ആത്മീയ ലൗകികത അപകടകരമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു. ആദ്ധ്യാത്മികതയുടെ പുറംചട്ടയണിയുന്ന ഈ ആത്മീയ ലൗകികത വൈദികരുടെ ഹൃദയത്തിൽ ചേക്കേറുമ്പോൾ അത് വൈദിക മേധാവിത്വത്തിൻറെ രൂപമെടുക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.
ദൈവവും സഹോദരങ്ങളുമായുള്ള യഥാർത്ഥ ബന്ധത്തിലല്ല, പ്രത്യുത, പദവിയിൽ ജീവിക്കുന്ന പൗരോഹിത്യ അത്മായജീവിതങ്ങളുടെ ഒരു ലക്ഷണമാണ് വൈദികാധിപത്യം എന്ന ഒരു വൈദികൻറെ വാക്കുകളും പാപ്പാ തൻറെ കത്തിൽ അനുസ്മരിക്കുന്നു.
നമ്മുടെ ബലഹീനതകളിൽ തളരാതെ പ്രത്യാശയിലും പ്രാർത്ഥനയിലും മുന്നേറാൻ പാപ്പാ പ്രചോദനം പകരുന്നു. നവവീര്യം ആർജ്ജിക്കുന്നതിന് ശാരീരികവും മാനസികവുമായ വിശ്രമം മാത്രം പോരായെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കായി നാം സ്വയം തുറന്നിടണമെന്നും പാപ്പാ പറയുന്നു. സാഹോദര്യം സാന്ത്വനമേകുകയും ആന്തരിക സ്വാതന്ത്ര്യത്തിന് ഇടമേകുകയും പൗരോഹിത്യ ശുശ്രൂഷയുടെ വെല്ലുവിളികൾക്കു മുന്നിൽ നാം ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
റോം രൂപതയിലെ വൈദികരുടൊപ്പം നടക്കുന്നുവെന്ന തോന്നാലാണ് തനിക്കുള്ളതെന്ന് വെളിപ്പെടുത്തുന്ന പാപ്പാ, അവരുടെ സന്തോഷസന്താപങ്ങളിലും പദ്ധതികളിലും പരിശ്രമങ്ങളിലും തിക്തതകളിലും അജപാലനപരങ്ങളായ സാന്ത്വനങ്ങളിലും താൻ അവരുടെ ചാരെയുണ്ടെന്ന അവബോധം അവർക്കുണ്ടാകണമെന്ന തൻറെ അഭിലാഷവും പ്രകടിപ്പിക്കുന്നു. റോമിലെ സഭ സകലർക്കും സഹാനുഭൂതിയുടെയും പ്രത്യാശയുടെയും മാതൃകയായിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: