പാപ്പാ : കൂദാശ ചെയ്ത ഓസ്തിയാകുന്ന ഭൂതക്കണ്ണാടിയിലൂടെ സഹോദരരെ കാണാൻ പഠിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ദിവ്യകാരുണ്യ യേശുവിന്റെ ശിഷ്യകളായ സന്യാസിനികൾ എന്ന സമൂഹത്തിന്റെ തുടക്കത്തെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ സഭാ സ്ഥാപകരായ മെത്രാനായിരുന്ന റഫായെല്ലോ ദെല്ലെ നോച്ചെയേയും,ധീരരും ഉദാരമനസ്കരുമായിരുന്ന ലിൻഡ മാക്കിനാ സിൽവിയാ ദി സൊമ്മായെയും പരിശുദ്ധാത്മാവ് നയിച്ച വഴികളെ പാപ്പാ ഓർമ്മിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെയും, സ്പഞ്ഞോളാ എന്ന മഹാമാരിയുടെയും ദുരിതങ്ങൾ അനുഭവിച്ച് വളരെക്കാലം ഇടയദൗർലഭ്യം മൂലം കഷ്ടപ്പെട്ട പ്രാദേശിക രൂപതയായ ത്രിക്കാരിക്കോയിലെ ആവശ്യങ്ങൾ മനസ്സിലാക്കിയ മെത്രാൻ തന്റെ രൂപതയിൽ പ്രവർത്തിക്കാൻ ഒരു സന്യാസസമൂഹത്തെ കിട്ടാതിരുന്ന അവസരത്തിലാണ് സ്വന്തമായി ഒരു സന്യാസിനി സമൂഹം ആരംഭിച്ചത്. ഏറ്റം ബലഹീനരെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം.
ദിവ്യകാരുണ്യ യേശുവിന്റെ ശിഷ്യകളായ സന്യാസിനി സമൂഹത്തിന്റെ കേന്ദ്രം സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ബലവുമായ പരിശുദ്ധ കുർബാനയായിരുന്നു. ആ സ്നേഹവും ഐക്യവും ഉപവിയും ആരാധനയിലൂടെയും സേവനത്തിലൂടെയും പരിഹാര പ്രവൃത്തികളിലൂടെയും മാനുഷികവും സാമൂഹികവുമായ പാപങ്ങളാൽ സൃഷ്ടിക്കപ്പെട്ട ശൂന്യതകളിലും മുറിവുകളിലും അനുകമ്പ കൊണ്ട് നിറയ്ക്കുകയായിരുന്നു എന്ന് പാപ്പാ പറഞ്ഞു.
ദിവ്യകാരുണ്യത്തിന്റെ മുന്നിൽ ഒന്നും കേൾക്കാൻ കഴിയുന്നില്ല എന്നു നമുക്ക് തോന്നുമ്പോഴും കൂദാശചെയ്ത ഓസ്തിയിലെ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, ആ നല്ല മെത്രാൻ ആവശ്യപ്പെടുന്നതു പോലെ, "ഗുരു ഇവിടെയുണ്ട് "എന്നാവർത്തിച്ച് വിശ്വാസപൂർവ്വം തങ്ങളെ തന്നെ വിട്ടുകൊടുക്കാൻ സമൂഹം തയ്യാറായി. ലോകം ഇതിനെ മൗഢ്യം എന്ന് കരുതുമ്പോഴും അനേകം ആവശ്യങ്ങളുടെ മുന്നിൽ കൈയ്യിൽ ഒന്നുമില്ലാതിരുന്നപ്പോഴും ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ മുട്ടുകുത്തി, തങ്ങളുടെ സമയത്തെ ആരാധനയിലും പരിഹാര പ്രവർത്തികളിലും ചിലവഴിച്ച ആ സ്ത്രീകളുടെ പ്രാർത്ഥനയുടെ വഴിയാണ് ഫലമണിഞ്ഞതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു. സകല പ്രതീക്ഷകൾക്കും അപ്പുറത്ത് ആ പ്രാർത്ഥന പകർന്ന ശക്തി അവരെ ഭൗതീകവും സാംസ്കാരികവും ആത്മീയവുമായ വീണ്ടെടുപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇടവരുത്തി എന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
കുടുംബത്തിലെയും ഇടവക സമൂഹത്തിലേയും വിശ്വാസം പുനരുജ്ജീവിപ്പിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് വളരെക്കാലം അടിച്ചമർത്തപ്പെട്ടിരുന്ന സമൂഹം പുറംതള്ളിയ അനേകരിൽ തങ്ങളുടെ അന്തസ്സിന്റെ വില തെളിക്കാനും അവർക്കു കഴിഞ്ഞു. ദാരിദ്ര്യത്തിനും, അനീതിക്കും എതിരെ അങ്ങനെ അവർ ഒരു വൈവിധ്യമാർന്ന യുദ്ധം ആരംഭിച്ചു എന്ന് പറഞ്ഞ പാപ്പാ സ്നേഹത്തിന്റെ മഹാമാരി പരത്തി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ മഹാ സംഭവത്തിന്റെ സാക്ഷികളും അവകാശികളുമാണ് അവരെന്നും അവരുടെ സാന്നിധ്യം വഴി അഞ്ച് ഭൂഖണ്ഡങ്ങളിലും ദിവ്യകാരുണ്യ കേന്ദ്രങ്ങളും, സ്കൂളുകളും, പ്രവർത്തനങ്ങളും വഴി അതേ പ്രവർത്തികൾ തുടരാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. ഇന്നും വെല്ലവിളികൾക്കു കുറവില്ല എന്നും അതിനാൽ ദിവ്യകാരുണ്യത്തിലെ മുറിക്കപ്പെട്ട അപ്പവും, പാദം കഴുകിയ ഗുരുവുമായ യേശുവിന്റെ മുന്നിൽ നിന്നാരംഭിച്ച് അവരും കൂദാശ ചെയ്ത ഓസ്തിയാകുന്ന ഭൂതക്കണ്ണാടിയിലൂടെ സഹോദരരെ കാണാൻ പഠിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.
മെത്രാനായിരുന്ന റഫായേല്ലോ തന്റെ സന്യാസിനികളോടു ആവശ്യപ്പെട്ടിരുന്നത് പോലെ കർത്താവിന്റെ കാസകളും പിലാസകളുമായിരുന്ന് ദരിദ്രരുടെ എളിയ കാണിക്കകൾ സ്വീകരിച്ച് ദൈവത്തിന് സമർപ്പിക്കാനും എല്ലാവരേയും സ്വാഗതം ചെയ്യുന്ന "കർത്താവിന്റെ കാസകളായി "സക്രാരിയുടെ മുന്നിൽ മുട്ടുകുത്തി സഹോദരുടെ നേർക്ക് കരങ്ങൾ വിരിച്ചു നിൽക്കുന്നവരായിരിക്കാനും അവരെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: