തിരയുക

ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ 

പാപ്പാ, പരിശുദ്ധ അമ്മയുടെ സവിധത്തിൽ!

ഫ്രാൻസീസ് പാപ്പാ ലിസ്ബൺ യാത്രയ്ക്കു മുമ്പ് റോമിലെ മേരി മേജർ ബസിലിക്കയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ തൻറെ ലിസ്ബൺ സന്ദർശനത്തെയും ലോകയുവജനസംഗമത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെയും പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു പ്രാർത്ഥിച്ചു.

തൻറെ വിദേശ ഇടയസന്ദർശനങ്ങൾക്കു മുമ്പ് പതിവുള്ളതു പോലെ, ഫ്രാൻസീസ് പാപ്പാ താൻ ആഗസ്റ്റ് 2-ന്, ബുധനാഴ്ച (02/08/23) ആരംഭിക്കുന്ന പഞ്ചദിന ലിസ്ബൺ സന്ദർശനത്തോടനുബന്ധിച്ച്, തിങ്കളാഴ്ച (31/07/23) ഉച്ചതിരിഞ്ഞ് റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലെത്തുകയും അവിടെ “റോമൻ ജനതയുടെ രക്ഷ” അഥവാ., “സാളൂസ് പോപുളി റൊമാനി” (Salus populi romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ പവിത്രസന്നിധിയിൽ പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്ത വേളയിലാണ് ഈ സമർപ്പണം നടത്തിയത്.

ഫ്രാൻസീസ് പാപ്പാ ഈ ബസിലിക്കയിൽ പരിശുദ്ധ അമ്മയുടെ സവിധത്തിൽ എത്തുന്നത് ഇത് നൂറ്റിയൊമ്പതാമത്തെ തവണയാണ്. ഓരോ രാജ്യാന്തര യാത്രകൾക്കു മുമ്പും പിമ്പും പാപ്പാ ഈ മാതാവിൻറെ സന്നിധിയിൽ പ്രാർത്ഥിക്കുന്നതിനായി അണയാറുണ്ട്.

പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ ആഗസ്റ്റ് 1-ന്, ചൊവ്വാഴ്ച തുടക്കം കുറിച്ച മുപ്പത്തിയേഴാം ആഗോള കത്തോലിക്കാ യുവജനസംഗമത്തോട് അനുബന്ധിച്ചാണ് പാപ്പായുടെ ഈ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനം. ബുധനാഴ്ച രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താളത്തിൽ നിന്ന് ലിസ്ബണിലേക്കു പുറപ്പെടുന്ന പാപ്പാ അഞ്ചാം തീയതി ശനിയാഴ്‌ച (05/08/23) ഫാത്തിമാ നാഥയുടെ സവിധത്തിലും എത്തുകയും ഫാത്തിമാ നാഥയുടെ ദേവാലയത്തിൽ  പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിൽ വച്ച് യുവ രോഗികളുമൊത്തു കൊന്തനമസ്ക്കാരം ചൊല്ലുകയും ചെയ്യും. ആറാം തീയതി ഞായറാഴ്ച ലോക യുവജനദിനാചരണത്തിൻറെ സമാപന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനിൽ തിരിച്ചെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 14:28