തിരയുക

ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള കുട്ടികൾക്കൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള കുട്ടികൾക്കൊപ്പം - ഫയൽ ചിത്രം  (ANSA)

ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രയിൻ ജനതയ്ക്കുവേണ്ടി വീണ്ടും ശക്തമായ പ്രാർത്ഥനകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"ഒരുപാട് സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈനിലെ നമ്മുടെ സഹോദരീസഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന്" ഫ്രാൻസിസ് പാപ്പായുടെ ശക്തമായ ആഹ്വാനം. നിരവധി ജീവനുകളെടുത്തുകൊണ്ടിരിക്കുന്ന ക്രൂരമായ റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്, കഠിനമായ ഈ യുദ്ധഭീകരതയുടെ ഇരകളായിക്കൊണ്ടിരിക്കുന്ന ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 24-ന് അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ, പ്രിയപ്പെട്ട ഉക്രൈനെ വിശുദ്ധന്റെ മധ്യസ്ഥത്തിന് സമർപ്പിക്കാമെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളാകാനും, അപ്പസ്തോലന്മാർ നേരിടേണ്ടിവന്ന സഹനങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട്, വിശ്വാസത്തോടെ സഹനങ്ങളെ നേരിടാമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഉക്രൈനിൽ നിരവധി കുട്ടികളെ കാണാതായിട്ടുണ്ടെന്നും, ഒരുപാട് ആളുകൾ ഈ യുദ്ധത്തിൽ മരണമടഞ്ഞെന്നും പാപ്പാ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. ആക്രമിക്കപ്പെടുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ പലവുരു ആവർത്തിച്ചു.

ഓഗസ്റ്റ് 23 ബുധനാഴ്ച പതിവുപോലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയുടെ അവസാനം ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ് ഉക്രൈൻ ജനതയ്ക്കുവേണ്ടി വീണ്ടും ഒരിക്കൽക്കൂടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

ഇന്നേ ദിവസം ഉക്രൈനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദിവസമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23-നാണ് ഉക്രൈനിൽ ദേശീയ പാതകാദിനം ആഘോഷിക്കുന്നത്. 1991 ഓഗസ്റ്റ് 24-നായിരുന്നു ഉക്രൈൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2023, 17:58