ക്രിസ്തു സാക്ഷ്യം നൽകുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്ക് നന്ദിയർപ്പിച്ച് പാപ്പാ
ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി
ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി ഇറ്റലിയിലെ കാരിമാറ്റിക് കൂട്ടായ്മയായ 'റിന്നോവമെന്തോ ദെല്ലോ സ്പിരിത്തോ' യുടെ ദേശീയ പ്രസിഡന്റ് ജൂസെപ്പെ കൊന്തൽദോയുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച്ച നടത്തി. പാപ്പായുമായുള്ള കൂടിക്കാഴ്ച, സഹോദരതുല്യമായ അനുഭവം തനിക്ക് തന്നുവെന്ന് ജൂസെപ്പെ കൊന്തൽദോ പിന്നീട് അറിയിച്ചു.
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നീണ്ടമിനിറ്റുകൾ നടന്ന സൗഹൃദ സംഭാഷണത്തിൽ പിതൃവാത്സല്യത്തോടെ കരിസ്മാറ്റിക് കൂട്ടായ്മയിലെ എല്ലാവർക്കും തന്റെ അനുഗ്രഹാശിസുകൾ അറിയിക്കുകയും,ഇനിയും കൂടുതൽ ഉത്സാഹത്തോടെ പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് മുൻപോട്ടുപോകുവാനും, അപ്രകാരം വിശ്വാസത്തിന്റെ കതിരുകൾ മറ്റു സഹോദരങ്ങളിലേക്ക് പകരുവാനും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
‘റിന്നോവമെന്തോ ദെല്ലോ സ്പിരിത്തോ സാന്തോ’യുടെ തുടർന്നുള്ള വിശ്വാസപ്രഘോഷണങ്ങൾക്ക് തന്റെ ആത്മീയസാന്നിധ്യവും, സഹകരണവും പാപ്പാ വാഗ്ദാനം ചെയ്തു.അതുല്യമായ സന്തോഷമാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ താൻ അനുഭവിച്ചതെന്നും അതിന് ദൈവത്തോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ജൂസെപ്പെ കൊന്തൽദോ പറഞ്ഞു.ദൈവത്തെയും, സഭയെയും ഇനിയും കൂടുതൽ തീക്ഷ്ണതയോടെ സേവിക്കുവാനുള്ള പ്രോത്സാഹനമാണ് പാപ്പായിൽ നിന്നും തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ജീവിത മാതൃകയും സാക്ഷ്യവും വഴിയായി ഈ ലോകത്തിനും,സഭയ്ക്കും ഫ്രാൻസിസ് പാപ്പാ നൽകുന്ന നിരവധിയായ നന്മകൾക്ക് ജൂസെപ്പെ കൊന്തൽദോ നന്ദി പറഞ്ഞു.യൂറോപ്പിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 'റിന്നോവമെന്തോ ദെല്ലോ സ്പിരിത്തോ സാന്തോ ' കൂട്ടായ്മയിൽ പതിനായിരക്കണക്കിന് ആളുകളാണ് അംഗങ്ങൾ ആയിട്ടുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: