ക്രിസ്തുവിന്റെ പീഡനവഴികളിലും ഫാത്തിമ മാതാവിന്റെ സന്നിധിയിലും ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ശനിയാഴ്ച രാവിലെ ഫാത്തിമയിലെത്തി രോഗികൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
യുവജനങ്ങൾക്കൊപ്പം ക്രൂശിതന്റെ പാതയിൽ
ഓഗസ്റ്റ് നാല് വെള്ളിയാഴ്ച ലിസ്ബണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെയ്ക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 യുവജനങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച പാപ്പാ, യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനായി, പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിയോടെ (ഇന്ത്യയിൽ വൈകിട്ട് 9.30) നൂൺഷ്യേച്ചറിൽനിന്നും അറുന്നൂറ് മീറ്ററുകൾ അകലെയുള്ള എഡ്വേർഡ് ഏഴാമൻ പാർക്കിലേക്ക് യാത്ര പുറപ്പെട്ടു. തുറന്ന ജീപ്പിൽ സഞ്ചരിച്ച പാപ്പായെ, റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. യാത്രയിൽ നിരവധി കൊച്ചുകുട്ടികളെ പാപ്പാ ചുംബിച്ച് ആശീർവദിച്ചു. നിരവധി ആളുകൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും ചിത്രങ്ങളും വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളും ഏന്തിയിരുന്നു. ഏതാണ്ട് 60 ഏക്കർ വിസ്തൃതിയുള്ള എഡ്വേർഡ് ഏഴാമൻ പാർക്കിൽ കാത്തിരുന്ന യുവജനങ്ങൾ പാപ്പായെ ആഹ്ളാദാരവങ്ങളോടെയും ഗാനാലാപനങ്ങളോടെയുമാണ് വരവേറ്റത്. ഏകദേശം ഒരു മണിക്കൂർ നേരം പാപ്പാ യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് എട്ടുലക്ഷം ആളുകളാണ് ഈ സമ്മേളനത്തിൽ ഒരുമിച്ചുകൂടിയത്. വാഹനത്തിൽനിന്നിറങ്ങിയ പാപ്പായെ വീൽചെയറിലാണ്, പല നിലകളിലായി പ്രത്യേകമായി തയ്യാറാക്കിയ സ്റ്റേജിലേക്ക് എത്തിച്ചത്. യുവജനങ്ങൾക്കൊപ്പം വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യമുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ത്രിത്വസ്തുതിയോടെയും പ്രാർത്ഥനയോടെയുമാണ് പാപ്പാ പ്രാർത്ഥനാസംഗമത്തിന് പ്രാരംഭം കുറിച്ചത്. തുടർന്ന് സ്പാനിഷ് ഭാഷയിൽ പാപ്പാ യുവജനങ്ങളോട് സംസാരിച്ചു.
പരിശുദ്ധപിതാവിന്റെ പ്രഭാഷണത്തിന് ശേഷം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകൾ നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവവഴിയിലെ വിവിധ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളോടും, ഗാനങ്ങളോടും, നവ്യനൃത്ത, നാട്യങ്ങളോടും, ജീവിതഗന്ധിയായ വിചിന്തനങ്ങളോടും കൂടിയായിരുന്നു യുവജനങ്ങൾ കുരിശിന്റെ വഴിയുടെ പ്രാർത്ഥന നയിച്ചത്. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി. തുടർന്ന് കുറച്ചു കുട്ടികൾക്ക് പാപ്പായെ വ്യക്തിപരമായി അഭിവാദ്യം ചെയ്യാനും അവസരം ലഭിച്ചു.
കുരിശിന്റെ വഴിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിച്ചശേഷം വൈകുന്നേരം ഏഴരയോടെ പാപ്പാ തിരികെ നൂൺഷ്യേച്ചറിലേക്ക് യാത്രയായി. ഏഴ് നാല്പതിന് നൂൺഷ്യേച്ചറിൽ എത്തിയ പാപ്പാ അത്താഴം കഴിച്ചശേഷം വിശ്രമിച്ചു.
ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്
ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 5.45-ന് വിശുദ്ധബലി അർപ്പിച്ച പാപ്പാ, ഫാത്തിമ മാതാവിന്റെ അരികിൽ പ്രാർത്ഥന നടത്തുവാനായി നൂൺഷ്യേച്ചറിൽനിന്നും ഏകദേശം 9 കിലോമീറ്ററുകൾ അകലെയുള്ള ഫീഗോ മദുറോ വ്യോമത്താവളത്തിലേക്ക് രാവിലെ 7.30-ന് കാറിൽ യാത്രയായി. 7.45-ന് വിമാനത്താവളത്തിലെത്തിയ പാപ്പാ 8 മണിക്ക് അവിടെനിന്ന് സൈനിക ഹെലികോപ്റ്ററിൽ ഫാത്തിമയിലേക്ക് യാത്ര പുറപ്പെട്ടു. ലിസ്ബണിൽനിന്നും ഏകദേശം 103 കിലോമീറ്ററുകൾ അകലെയാണ് ഫാത്തിമ. 50 മിനിറ്റുകൾ നീണ്ട ഈ യാത്രയ്ക്ക് ശേഷം 8.50-ന് പാപ്പാ ഫാത്തിമയിലെ ഹെലിപ്പോർട്ടിൽ എത്തി.
ഫാത്തിമ നഗരം
1917-ൽ പരിശുദ്ധ അമ്മ ലൂസി, ഫ്രാൻസിസ്, ജാചിന്ത എന്നീ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതോടെയാണ് ഫാത്തിമ എന്ന നഗരം കൂടുതൽ പ്രശസ്തമായത്. മാനവികതയുടെ ഭാവിയുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങൾ ഈ കുട്ടികൾ വഴി പരിശുദ്ധ അമ്മ നൽകിയിരുന്നു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽനിന്ന് ഏതാണ്ട് 120 കിലോമീറ്ററുകൾ വടക്കാണ് പതിമൂവായിരത്തോളം ആളുകൾ അധിവസിക്കുന്ന ഫാത്തിമ നഗരം. മാതാവ് പ്രത്യക്ഷപ്പെട്ട ഇവിടെ 1928 മെയ് 13-ന് ഇന്നത്തെ ജപമാലറാണിയുടെ പേരിലുള്ള ദേവാലയത്തിന്റെ പണികൾ ആരംഭിച്ചു. പന്ത്രണ്ടാം പിയൂസ് പാപ്പാ, ലൂച്ചെ സുപ്പെർണ എന്ന രേഖയാൽ 1954 നവംബർ 11-ന് ഈ ദേവാലയത്തിന് ബസലിക്ക എന്ന പദവി നൽകി. ഫ്രാൻസിസും, ജാചിന്തയും മെയ് 13 രണ്ടായിരത്തിൽ വാഴ്ത്തപ്പെട്ടവരായും മെയ് 13 2017-ൽ വിശുദ്ധരായും പ്രഖ്യാപിക്കപ്പെട്ടു. 2005 ഫെബ്രുവരി 13-ന് മരിച്ച സിസ്റ്റർ ലൂസിയെ 2023 ജൂൺ 22-ന് ധന്യയായി പ്രഖ്യാപിച്ചിരുന്നു.
ലെയറിയ-ഫാത്തിമ രൂപത
ഇന്ന് ലെയ്റിയ-ഫാത്തിമ എന്ന് അറിയപ്പെടുന്ന രൂപത 1545 മെയ് 22-നാണ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ പിന്നീട് 1881 സെപ്റ്റംബർ 30-ന് ഈ രൂപത നിറുത്തലാക്കപ്പെട്ടു. 1918 ജനുവരി 17-ന് പുനഃസ്ഥാപിക്കപ്പെട്ട ഈ രൂപതയോട് ഫാത്തിമ എന്ന പേര് ചേർക്കപ്പെട്ടത് 1984 മെയ് 13-നാണ്. ഏതാണ്ട് 1700 ചതുരശ്രകിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ രൂപതയുടെ പ്രദേശത്ത് രണ്ടുലക്ഷത്തി തൊണ്ണൂറായിരത്തോളം (289.898) ആളുകൾ വസിക്കുന്നുണ്ട്. ഇവരിൽ രണ്ടരലക്ഷത്തോളം (248.412) ആളുകളും കത്തോലിക്കാരാണ്. 73 ഇടവകകൾ ഉള്ള ഈ രൂപതയിൽ 86 വൈദികരുണ്ട്. ഇവരെക്കൂടാതെ 81 സന്ന്യാസിഭവനാംഗങ്ങളും, 660 സന്ന്യാസിനികളുമുണ്ട്. 49 വിദ്യാഭ്യാസസ്ഥാപനങ്ങളും 65 ഉപവിപ്രവർത്തനസ്ഥാപനങ്ങളും ഇവിടെയുണ്ട്. അഭിവന്ദ്യ ജൊസേ ഓർണെലാസാണ് ഈ രൂപതാധ്യക്ഷൻ.
പരിശുദ്ധ അമ്മയുടെ മുൻപിൽ പ്രാർത്ഥനയോടെ
ഇത് രണ്ടാം വട്ടമാണ് പാപ്പാ ഫാത്തിമയിൽ എത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ് മാസം, ഇതുമായി ബന്ധപ്പെട്ട ഫ്രാൻസിസിന്റെയും, ജാചിന്തയുടെയും നാമകരണച്ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു. ഫാത്തിമയിലെ ഹെലിപ്പോർട്ടിൽ രാവിലെ 8.50-ന് എത്തിയ പാപ്പാ അവിടെനിന്ന് 9 മണിക്ക് തുറന്ന ജീപ്പിൽ യാത്രപുറപ്പെട്ട് 9.15-ന് നാലര കിലോമീറ്ററുകൾ അകലെയുളള ഫാത്തിമമാതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ എത്തി. യാത്രയിലുടനീളം റോഡിനിരുവശങ്ങളിലും പാപ്പായെ കാത്തുനിന്ന പതിനായിരക്കണക്കിന് ആളുകളെ പാപ്പാ അഭിവാദ്യം ചെയ്യുകയും ശിശുക്കൾക്ക് ചുംബനം നൽകുകയും രോഗികളായ കുട്ടികൾക്ക് ആശീർവാദമേകുകയും ചെയ്തു. ഫാത്തിമമാതാവിന്റെ ബസലിക്കയുടെ മുൻപിൽ ലക്ഷക്കണക്കിന് ആളുകൾ പാപ്പായെ കാത്തുനിന്നിരുന്നു. 9.30-ന് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണചാപ്പലിലേക്ക് വീൽചെയറിൽ പ്രവേശിച്ച പാപ്പായ്ക്ക് രണ്ടു കുട്ടികൾ വെളുത്ത പൂക്കൾ നൽകുകയും അവ പരിശുദ്ധ അമ്മയുടെ മുന്നിൽ വയ്ക്കപ്പെടുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ സന്നിധിയിൽ അല്പനേരത്തേക്ക് കണ്ണുകളടച്ച് നിശബ്ദമായി പാപ്പാ പ്രാർത്ഥന നടത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകളും പൂർണ്ണ നിശബ്ദരായി. തുടർന്ന് ഒരു സ്വർണക്കൊന്തയും പാപ്പാ പരിശുദ്ധ അമ്മയുടെ കാൽച്ചുവട്ടിൽ സമർപ്പിച്ചു.
രോഗികളായ യുവജനങ്ങൾക്കൊപ്പം പ്രാർത്ഥന
കുറച്ചു തടവുകാർക്കും, ഏതാണ്ട് നൂറോളം രോഗികൾക്കും പാപ്പയ്‌ക്കൊപ്പം ഫാത്തിമ മാതാവിന്റെ സന്നിധിയിൽ നിൽക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് സന്തോഷത്തിന്റെ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ജപമാല വിവിധ ഭാഷകളിൽ അർപ്പിക്കപ്പെട്ടു.. പലവിധത്തിൽ അസുഖബാധിതരാìയ ആളുകളും ചെറുപ്പക്കാരുമാണ് ജപമാല രഹസ്യങ്ങൾ വായിച്ചത്. ജപമാലപ്രാർത്ഥനയുടെ അവസാനം ഏവരും സാൽവെ റെജീന എന്ന മരിയൻ ഭക്തിഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചു. പരിശുദ്ധ അമ്മയുടെ മുന്നിൽ കുറച്ചു നിമിഷങ്ങൾ കൂടി പാപ്പാ പ്രാർത്ഥനയിൽ ചിലവഴിച്ചു. തുടർന്ന് ലെയ്റിയ-ഫാത്തിമ രൂപതാധ്യക്ഷൻ പാപ്പായെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പരിശുദ്ധ അമ്മ മാനവികതയ്ക്ക് സന്ദേശമേകിയ ഈ തീർത്ഥാടനകേന്ദ്രത്തിൽ പാപ്പായ്‌ക്കൊപ്പവും പാപ്പായ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതിലെ സന്തോഷം അദ്ദേഹം വെളിപ്പെടുത്തി. ഉക്രൈൻ യുദ്ധത്തിലേക്കും, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മറ്റു സംഘർഷങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കൂടുതൽ മാനവികമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി പരിശുദ്ധ അമ്മയുടെ സഹായം തേടാമെന്നും ആഹ്വാനം ചെയ്തു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.
പ്രസംഗത്തിന് ശേഷം യുവജനങ്ങളെ അഭിവാദ്യം ചെയ്‌ത പാപ്പാ, പരിശുദ്ധ അമ്മയ്ക്കായി കരഘോഷം മുഴക്കുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ദൈവദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്‌തതിന്റെ അനുസ്മരണത്തിൽ "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥന ചൊല്ലുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി.
തിരികെ ലിസ്ബണിലെക്ക്
സ്റ്റേജിൽനിന്ന് വീൽചെയറിൽ പുറത്തേക്ക് വന്ന പാപ്പാ വഴിയിൽ രോഗികളും കുട്ടികളുമുൾപ്പെടെ നിരവധി ആളുകൾക്ക് വീണ്ടും ആശീർവാദം നൽകി. തുറന്ന ജീപ്പിൽ കയറിയ പാപ്പാ 10.40-ഓടെ, പരിശുദ്ധ അമ്മയുടെ ബസലിക്കയിൽനിന്ന് നാലര കിലോമീറ്ററുകൾ അകലെയുള്ള ഫാത്തിമയിലെ ഹെലിപ്പോർട്ടിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളുടെ ഇടയിലൂടെ യാത്രയായി. 11.50-ന് ഹെലിപ്പോർട്ടിലെത്തിയ പാപ്പാ, 11 മണിയോടെ സൈനികഹെലികോപ്റ്ററിൽ തിരികെ ലിസ്ബണിലെക്ക് പുറപ്പെട്ടു. 103 കിലോമീറ്റർ ദൂരം 50 മിനിറ്റുകൾ കൊണ്ട് സഞ്ചരിച്ച് 12 മണിയോടെ ലിസ്ബണിലെ ഫീഗോ മദൂറോ വ്യോമകേന്ദ്രത്തിലെത്തിയ പാപ്പാ അവിടെനിന്ന് ഏകദേശം 9 കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് പോവുകയും അവിടെ ഉച്ചഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: