തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (ANSA)

“ക്രിസ്തു ജീവിക്കുന്നു” : യുവജന ശുശ്രുഷയ്ക്കുള്ള രണ്ടു പ്രവൃത്തിപഥങ്ങൾ - എത്തിച്ചേരലും വളർച്ചയും

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 209 ആം ഖണ്ഡികയ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

209. പ്രധാന പ്രവൃത്തിപഥങ്ങൾ

യുവജന ശുശ്രുഷയ്ക്കു പ്രധാനമായി രണ്ടു പ്രധാന പ്രവൃത്തിപഥങ്ങൾ ഉണ്ടെന്ന് ഊന്നിപ്പറയാൻ മാത്രം ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമത്തേത് എത്തിച്ചേരലാണ്. കർത്താവിനെ അനുഭവിക്കാൻ പുതിയ യുവാക്കളെ ആകർഷിക്കുന്നതിനുള്ള വഴിയാണത്. രണ്ടാമത്തേത് വളർച്ചയാണ്. ആ അനുഭവം ഉണ്ടായിട്ടുള്ളവർക്ക് അതിന്റെ പക്വതയിലേക്കു  വളരാൻ സഹായിക്കലാണത്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജന പ്രേഷിത ദൗത്യത്തിന്റെ പ്രവർത്തന രീതിയിൽ പ്രാധാന്യം നൽകേണ്ട രണ്ടു വസ്തുതകളെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ ഇന്നത്തെ ഖണ്ഡികയിൽ നമ്മോടു സംസാരിക്കുന്നത്. അവ എത്തിപ്പിടിക്കലും (outreach) വളർച്ചയും (Growth) ആയിരിക്കണം എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

 തേടി പുറപ്പെടൽ (Outreach)

എന്തുകൊണ്ടാണ് ഈ തേടി പുറപ്പെടലിന് ഇത്ര പ്രാധാന്യം കൈവരുന്നത്? എന്താണ് ഇതിന്റെ അടിസ്ഥാനം? ദൈവവചനത്തിൽ ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? എന്നുള്ള ഒരന്വേഷണം നമുക്ക് തേടി പുറപ്പെടലിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധ്യം തരും.

സത്യത്തിൽ Outreachന് അടിത്തറ ദൈവ സ്വഭാവത്തിൽ തന്നെ കണ്ടെത്തുന്നതാണ്. ത്രിയേകദൈവത്തിന്റെ സ്നേഹത്തിന്റെ ഒരു പുറപ്പെടലാണല്ലോ സൃഷ്ടികർമ്മം. തന്നിൽ തിങ്ങി നിറഞ്ഞ സ്നേഹത്തിന്റെ ബഹിസ്പുരണം സ്വന്തം രൂപസാദൃശ്യമായി രൂപാന്തരപ്പെടുത്തിയ ദൈവം തന്നെയാണ് തേടിപ്പുറപ്പെടലിന്റെ അടിസ്ഥാനവും മാതൃകയും. ഒരുതരത്തിൽ ദൈവം തന്റെ തേടിപ്പുറപ്പെടലിനെ ഒരു തുടർക്കഥയായി ആദിമുതൽ കൊണ്ടു നടക്കുന്ന ചരിത്രമല്ലേ രക്ഷാകര ചരിത്രം.

സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച് തന്റെ പ്രതിരൂപമായി ഭൂമിയെ പരിപാലിക്കാൻ ഭരമേൽപ്പിച്ച മനുഷ്യൻ വഴി പിഴച്ചപ്പോൾ അവനെ നശിപ്പിച്ച്  മറ്റൊന്നു സൃഷ്ടിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല ദൈവം അവനെ വീണ്ടെടുപ്പിനായി തേടിയിറങ്ങിയത്. അത് ത്രിയേക ദൈവത്തിന്റെ സ്വഭാവമാണ് തേടിയിറങ്ങലും എത്തിപ്പിടിക്കലും വീണ്ടെടുപ്പും. എല്ലാ തേടിയിറക്കത്തിലും പരിശുദ്ധ ത്രിത്വത്തിന്റെ ഒന്നായ ഇടപെടൽ വളരെ വ്യക്തമാണ്.

താൻ തിരഞ്ഞെടുത്ത ജനത്തിന്റെ ഓരോ പ്രതിസന്ധിയുടെയും നിമിഷങ്ങളിൽ തന്റെ തേടിയാത്രയുടെ സ്വഭാവം പിൻതുടരാൻ എത്രയോ വ്യക്തികളെ ദൈവം തിരഞ്ഞെടുത്തു. പ്രവാചകരുടെ ഒരു നീണ്ട നിര നമുക്ക് മുന്നിൽ നിവരുന്നത് വിശുദ്ധ ഗ്രന്ഥതാളുകൾ സാക്ഷ്യം വഹിക്കുന്നു. പിതാവും, സഹോദരനും, സുഹൃത്തും, അയൽക്കാരനുമായി വിവിധ ഭാവങ്ങളിൽ ദൈവം തന്റെ സൃഷ്ടിയെ തേടി യാത്ര തുടർന്നു. ഇതിലൊന്നും തൃപ്തനാവാത്തവണ്ണം സ്വന്തം പുത്രനിലൂടെ ഈ ഭൂമിയിൽ മനുഷ്യമാംസം ധരിക്കുകയും പാപമൊഴികെ മനുഷ്യന്റെ എല്ലാ അവസ്ഥകളിലേക്കും  താഴ്ന്നിറങ്ങിയ ദൈവത്തിന്റെ Outreach തന്നെയാണ് സഭയുടെ ദൗത്യവും. ഇതു തന്നെയാണ് സഭയുടെ യുവജന പ്രേഷിതത്വത്തിന്റെ രണ്ട് പ്രധാന തൂണുകളിലൊന്നായി പരിശുദ്ധ പിതാവ് വിവരിക്കുന്ന Outreachന്റെ അടിസ്ഥാനവും മാതൃകയും.

യേശുവിന്റെ ദൗത്യത്തിൽ നിന്ന് അവന്റെ Outreach മാറ്റി നിറുത്തിയാൽ സത്യത്തിൽ എന്താണ് ആ മനുഷ്യാവതാരത്തിന് അർത്ഥം? മനുഷ്യനെ തേടി മനുഷ്യനായെത്തിയ ദൈവപുത്രന്റെ ചരിത്രം കടൽക്കരയിലും, കുന്നിൽ പുറങ്ങളിലും, പലപ്പോഴും വിശ്വാസം ഭ്രഷ്ട് കൽപ്പിച്ച സമറിയാക്കാരെയും, ചുങ്കക്കാരെയും, പാപികളെയും, ചെകിടനേയും, കുരുടനേയും കുഷ്ഠരോഗികളെയും മാത്രമല്ല കുഷ്ഠം ബാധിച്ച മനസ്സുകൾ അകലം സൂക്ഷിച്ചകറ്റി നിറുത്തിയ തീണ്ടലുകൾക്കും പൈശാചികവും ശാരീരികവും മാനസികവുമായ വൈകല്യങ്ങളാൽ വലഞ്ഞവരെപ്പോലും തേടിപ്പിടിച്ചു ചേർത്തു നിറുത്തിയവന്റെതായിരുന്നു. ആ സ്നേഹാന്വേഷണത്തിൽ ആരും തഴയപ്പെട്ടില്ല.

അപ്പോസ്തലന്മാരും ആദിമ ക്രൈസ്തവരും ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതിൽ അത്ഭുതപ്പെടേണ്ടതില്ല. പേടിച്ച് മുറിയടച്ചു കഴിഞ്ഞകാലത്തിൽ നിന്നും സധൈര്യം പുറത്തു വരാനുള്ള പെന്തക്കുസ്ത അനുഭവം യേശുവിനെ രക്ഷകനും നാഥനുമായി പ്രഘോഷിക്കുന്നതിൽ മാത്രമല്ല സ്വന്തം ജീവിതങ്ങൾ കൊണ്ട് അവനെ സാക്ഷ്യപ്പെടുത്താനും അവർക്കു കഴിഞ്ഞു. തർക്കങ്ങളുടെ മുന്നിലും ആത്മാവിൽ സത്യം തേടിയ അവർ ദൈവപുത്രരെന്ന നിലയിലുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം തടഞ്ഞ "പഴയനിയമ"ങ്ങളുടെ വാതിലുകൾ  തേടിപുറപ്പെടുന്ന യേശുവിന്റെ സ്നേഹത്തിന്റെ താക്കോലുകൊണ്ട് തുറക്കുകയായിരുന്നു.

ദൈവത്തിന്റെ ആലയമിരുന്ന ജറുസലേമിൽ മാത്രമല്ല യൂദയായിലും, സമറിയായിലും എന്തിന് ലോകത്തിന്റെ അതിർത്തികൾ വരെ അവർ തേടിയിറങ്ങിയ ആദിമസഭയുടെ ആഗോള വ്യാപനം ഈ പുറപ്പെടലിന്റെ അനന്തരഫലമാണ്. എന്നാൽ പിന്നീടു സഭയുടെ ചരിത്രത്തിൽ എപ്പോഴെല്ലാം സഭ ഈ തേടിയിറങ്ങലിന് മാന്ദ്യം സംഭവിച്ച് സ്ഥാപനതൽപ്പരതയിൽ നിശ്ചലമായോ അപ്പോഴെല്ലാം സഭ പ്രതിസന്ധിയിലായിട്ടുണ്ട്. സഹസ്രാബ്ദങ്ങൾ പിന്നിട്ട് സഭാ സമൂഹം ഇന്ന് ആധുനികതയുടെ അതിപ്രസരമേറ്റ തിരമാലകളിലൂടെ തങ്ങളുടെ സഞ്ചാരം തുടരുമ്പോൾ മരിച്ചു മണ്ണടിഞ്ഞ ഒരു മഹാത്മാവിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു സമൂഹമായല്ല അവൾ യാത്ര ചെയ്യേണ്ടത്. ഇന്നും ജീവിക്കുന്ന യുവാവായ ക്രിസ്തുവിന്റെ പ്രസരിപ്പും ഓജസ്സും  പേറുന്ന ഊർജ്ജസ്വലയായാണ്. യേശുവിന്റെ നിത്യയൗവനം അവന്റെ മണവാട്ടിയായ സഭ പ്രതിഫലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് യുവജന സാന്നിധ്യം ഒഴിച്ചുകൂടാനാവില്ല. ഇക്കാരണത്താലാണ് യുവജന പ്രേഷിതത്വം സഭയുടെ മുൻഗണനകളിൽ മുൻഗണനയായിരിക്കണം എന്ന് സഭ ചിന്തിക്കുന്നത് യുവജന സിനഡിലൂടെ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

മുൻനാളുകളിൽ നമ്മൾ വിചിന്തനം ചെയ്ത ഖണ്ഡികകളിൽ യുവാക്കളിൽ സഭയോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. യുവജനത്തിൽ കണ്ടെത്തുന്ന രണ്ടു കാര്യങ്ങൾ ചിലപ്പോൾ യുവജന പ്രേഷിതത്വത്തിൽ ഏർപ്പെടുന്നവർക്ക് ബുദ്ധിമുട്ടേകിയേക്കാം. വളരെക്കാലം സഭയോടൊത്ത് സഞ്ചരിച്ച് അൾത്താര ശുശ്രൂഷയും വേദപാഠവും ഒക്കെ കഴിഞ്ഞ് അവരുടെ നല്ല പ്രസരിപ്പിന്റെ കാലത്ത് സഭയിൽ നിരാശരായി തീർന്ന ഒത്തിരി യുവാക്കളുടെ കഥകൾ ഒരു പക്ഷേ നമുക്ക് മുന്നിലുണ്ടാവാം. പലപ്പോഴും അവരുടെ സ്വപ്നങ്ങൾക്ക് ആമം വയ്ക്കുന്ന ശിക്ഷകനായ അധ്യാപകനിൽ നിന്നേൽക്കുന്ന നിരാശാനുഭവം പോലെ സഭയുടെ ചട്ടക്കൂടുകൾ അവരെ നിരാശരാക്കിയിട്ടുണ്ടാകാം. ദുർമാതൃകകളും, തിക്താനുഭവങ്ങളും ഇതിനു ആക്കം കൂട്ടിയിട്ടുമുണ്ടാകാം. ഇവിടെ നമുക്ക് മാതൃക എമ്മാവൂസിലേക്ക്  നിരാശരായി കടന്നു പോകുന്ന തന്റെ ശിഷ്യരെ തേടി കണ്ടെത്തിയ  യേശുവിന്റെ മാതൃകയാണ് സ്വീകാര്യം. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കർത്താവിന്റെ മേശയ്ക്കുചുറ്റും അവരെ പങ്കുകാരാക്കുക.

ശാസ്ത്രവും കണക്കും തെളിവുകൾ നിരത്തി പരസ്പരം മൽസരിക്കുന്ന ഈ കാലത്ത് ചില കാര്യങ്ങളിൽ യുവാക്കൾ പിടിവാശിക്കാരാവുന്നതിൽ അവരെ കുറ്റം പറയാനാവുമോ? അവന്റെ ശിഷ്യരുടെ കൂട്ടത്തിലും ഒരു പിടിവാശിക്കാരൻ തോമായുണ്ടായിരുന്നല്ലോ? വിശ്വാസത്തിന്റെ നിഗൂഢതകൾ പറഞ്ഞ്  തോമയെ നിരാശനാക്കാതെ  തോമായുടെ പിടിവാശിക്ക് വഴികാട്ടിക്കൊടുക്കയല്ലേ യേശു ചെയ്തത്. യുവാക്കളെ അവരുടെ മാനസീകാവസ്ഥയിൽ കണ്ടെത്തുക, മനസ്സിലാക്കുക  എന്നതാണ് തേടിപ്പുറപ്പെടലിന്റെ കാതൽ.

വളർച്ച

യുവജന പ്രേഷിത പ്രവർത്തനത്തിന്റെ രണ്ടാമത്തെ ഘടകം വളർച്ചയാണ് എന്ന് പാപ്പാ പറയുന്നു. യുവജനങ്ങളുടെ സമഗ്രമായ വളർച്ചയാണ് അവർക്കായുള്ള പ്രവർത്തനങ്ങളുടെ  ലക്ഷ്യം. അത്യന്തികമായി അത് യേശുവുമായുള്ള സൗഹൃദത്തിലുള്ള വളർച്ചയാണ്. ഇവിടെയും നമുക്ക് മാതൃകയാകേണ്ട രീതി  യേശുവിന്റെതു തന്നെയാണ്.  യോഹന്നാന്റെ സുവിശേഷം ഈ പ്രക്രിയ വളരെ വ്യക്തമായി നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നുണ്ട്. യേശു തന്റെ ശിഷ്യരെ പഠിപ്പിക്കുന്നത് "വന്നു കാണുക" എന്നു പറഞ്ഞു കൊണ്ടാണ്. വന്നുകണ്ടവർ കണ്ടവർ പിന്നീട് യേശുവിന്റെ പ്രേഷിതരായി മാറുകയാണ് ചെയ്യുന്നത്. സ്നാപക  യോഹന്നാൻ ചൂണ്ടിക്കാണിച്ച ദൈവത്തിന്റെ കുഞ്ഞാടിനെ തേടിപ്പോയ അന്ത്രയാസും കൂട്ടുകാരനും, പിന്നെ പത്രോസിനെ യേശുവിന്റെ അടുത്തെത്തിക്കുന്നു. പിന്നെ പീലിപ്പോസും നഥാനിയേലും, സമരിയാക്കാരിയും ഒക്കെ ഈ യേശു അനുഭവം കൊണ്ട് പ്രേഷിതരാവുകയായിരുന്നു.

യുവജന പ്രേഷിത ദൗത്യത്തിൽ ഈ ചെന്ന് കാണൽ വളരെ പ്രധാനപ്പെട്ടതാണ്. ശിഷ്യരായിരുന്നവർ യേശുവോടൊപ്പം ചെന്ന് വസിച്ച് അവനെ അറിയുകയും അതിനു ശേഷം അവനെ അനുഗമിക്കുകയുമായിരുന്നു. അത് വെറും ഒരു ബൗദ്ധികമായ അറിവ് മാത്രമല്ല. കൂടെയുള്ള വാസം സമഗ്രമായ അറിവിന്റെ അനുഭവത്തിലേക്കാണ് അവരെ നയിക്കുന്നത്. അവിടെ ഒരു സുതാര്യതയുണ്ട്. പരസ്പര സംവാദമുണ്ട്. സൗഹൃദത്തിന്റെ ആഘോഷ വിരുന്നും വിളമ്പലും പങ്കിടലുമുണ്ട്.  ഇതാണ് ശിഷ്യരെ ക്രിസ്തുവിലേക്ക് വളർത്തിയ അനുഭവവാസം.

യുവജന പ്രേഷിത ദൗത്യം അവരെ യേശുവുമായുള്ള ഒരു വ്യക്തിപരമായ അനുഭവത്തിലേക്കു നയിക്കേണ്ടതും, വളർത്തേണ്ടതുമാണ്. അത് അവരുടെ മാനുഷികവും, ആത്മീയവും, സാമൂഹികവുമായ എല്ലാ തലങ്ങളിലേക്കും പടർന്നു പന്തലിക്കുന്ന ഒരു അനുഭവമായി മാറണം. അതവരെ അവരെത്തന്നെയും ലോകത്തെയും യേശുവിന്റെ കണ്ണിലൂടെ കാണാനും, യേശുവിന്റെ ഹൃദയം കൊണ്ട് ഗ്രഹിക്കാനും, യേശുവിന്റെ കരങ്ങൾ കൊണ്ട് ശുശ്രൂഷിക്കാനും പ്രാപ്തരാക്കും. അങ്ങനെ വ്യക്തിപരമായ ഒരു ക്രിസ്തു അനുഭവം അവൻ എനിക്കാരാണെന്നു എന്നെ ബോധ്യപ്പെടുത്തും .  ഈ ബോധ്യത്തിലേക്കുള്ള വളർച്ചയുടെ പടികൾ സൃഷ്ടിക്കുകയാണ് യുവജന പ്രേഷിതത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ രണ്ടാമത്തേത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2023, 15:10