മനുഷ്യരാശിയുടെ ഹൃദയം നാനാത്വത്തിൽ നിർമ്മിക്കപ്പെട്ടതാണ്: പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സ്പെയിനിലെ വീഗൊയിൽ 1923 ന് സ്ഥാപിതമായ റിയൽ ഫുട്ബോൾ ക്ലബ് സെൽറ്റയിലെ അംഗങ്ങൾ, ക്ലബിന്റെ ശതാബ്ദിയോടനുബന്ധിച്ച് ജൂലൈ മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച നടത്തുകയും, പാപ്പാ സന്ദേശം നൽകുകയും ചെയ്തു.
തദവസരത്തിൽ സമൂഹത്തിന്റെ വിവിധങ്ങളായ മൂല്യങ്ങൾ കണ്ടെത്തുന്നതിനും, അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരവും, വഴിയുമാണ് കായികമെന്ന് പാപ്പാ എടുത്തു പറഞ്ഞു. അവരുടെ വസ്ത്രത്തിലുള്ള അമലോത്ഭവ മാതാവിന്റെ ചിത്രവും, അർജന്റീനിയൻ കുപ്പായത്തിലെ നിറവും നമ്മൾ തമ്മിലുള്ള യോജിപ്പിന്റെ വലിയ സന്ദേശം പ്രദാനം ചെയ്യുന്നുവെന്ന്, തന്റെയും റിയൽ ഫുട്ബോൾ ക്ലബ് സെൽറ്റയുടെ പ്രസിഡന്റ് ഡോൺ.കാർലോസിന്റെയും കുടിയേറ്റ ജീവിതത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതിനാൽ അസ്തിത്വത്തിന്റെ കൊടുങ്കാറ്റു നിറഞ്ഞ കടലിൽ തീർത്ഥാടകരായ നമുക്ക് പരിശുദ്ധ അമ്മയുടെ സംരക്ഷണം കൂടിയേ തീരൂ, ഒപ്പം കുപ്പായത്തിലുള്ള വിശുദ്ധ യാക്കോബിന്റെ കുരിശ് ജീവിതയുദ്ധത്തിലെ വിജയത്തിന്റെ പതാകയായി ഉയരട്ടെയെന്നും പാപ്പാ ആശംസിച്ചു.
അതിനാൽ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട്, വിനയാന്വിതമായ ഒരു ജീവിത ശൈലിയിലൂടെ വിജയം കൈവരിക്കുവാൻ ഒരു ടീം എന്ന നിലയിൽ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു. കളിക്കളത്തിൽ എതിരാളി എന്നതിനുമപ്പുറം സ്വാഗതം ചെയ്യുന്ന സുഹൃത്തെന്ന നിലയിൽ കാണുവാനും ,അപ്രകാരം കളിയും ജീവിതവും പരസ്പരം യോജിപ്പിച്ച് അവസാനം നീതിയുടെ കിരീടം നേടുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: