പാപ്പാ: സമൂഹത്തിന്റെ സംരക്ഷണത്തിനായി ജീവൻ അപകടത്തിലാക്കിയവരെ ഓർമ്മിക്കാൻ നമുക്ക് കടമയുണ്ട്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പേപ്പൽ ബസിലിക്കയായ സെയിന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും സാൻ ജോർജ്ജോ വേലാബ്രോ ദേവാലയത്തിലും 1993 ജൂലൈ 27 നും 28 നും ഇടയിൽ നടന്ന ഭീകരാക്രമണത്തിന്റെ 30 ആം വാർഷികം അനുസ്മരിച്ച് റോമാ രൂപതയും, ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ ഭരണാധികാരികളും, ലീബെര എന്ന സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംരംഭത്തിൽ ആത്മീയമായി പങ്കുചേരുവാനാണ് ഫ്രാൻസിസ് പാപ്പാ കത്തെഴുതിയത്.
ലോകം മുഴുവനുള്ള കത്തോലിക്കാ വിശ്വാസികളെയും പ്രത്യേകിച്ച് റോമിലുള്ളവരെയും ആഴത്തിൽ മുറിവേൽപ്പിച്ച ആ ഭീകരാക്രമണത്തിനുമുന്നിൽ ജനങ്ങൾ തങ്ങളുടെ ബലഹീനത കണ്ടെത്തുകയായിരുന്നു എന്ന് പാപ്പാ കത്തിൽ രേഖപ്പെടുത്തി.
സമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തം ജീവൻ അപകടത്തിലാക്കിക്കൊണ്ടുപോലും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ശ്രദ്ധാലുക്കളായവരെ ഓർമ്മിക്കാൻ ഇന്ന് എന്നെത്തെക്കാളും നമുക്കോരോരുത്തർക്കും കടമയുണ്ട് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നീതിയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുകയും അവയെ സംരക്ഷിക്കാൻ ത്യാഗങ്ങൾ ചെയ്തവരെ അനുസ്മരിക്കേണ്ടത് സ്നേഹത്തിന്റെ ഒരു പുത്തൻ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ എല്ലാവർക്കും ഒരു കൂട്ടുത്തരവാദിത്വമുണ്ട് എന്നു മനസ്സിലാക്കാനുള്ള മനസാക്ഷിയുടെ സുശക്തമായ ആഹ്വാനമായി മാറുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വേദനിപ്പിക്കുന്ന ഈ സംഭവങ്ങൾക്ക് ഏതാനും മാസം മുൻപ് അഗ്രിജേന്തൊയിലേക്കു നടത്തിയ അപ്പോസ്തോലിക യാത്രയിൽ വി. ജോൺ പോൾ രണ്ടാമൻ പറഞ്ഞ "ഇവിടെ ഐക്യം ഉണ്ടാകട്ടെ. എല്ലാജനങ്ങളും ആഗ്രഹിക്കുന്ന ഈ ഐക്യവും സമാധാനവും …, ഇവിടെ ഒരു ജീവന്റെ സംസ്കാരമാണ് ആവശ്യം" എന്ന വാക്കുകൾ ഉദ്ധരിച്ച ഫ്രാൻസിസ് പാപ്പാ, നിർഭാഗ്യവശാൽ സമകാലിക സമൂഹത്തെ വരിഞ്ഞു മുറുക്കുന്ന നിയമവിരുദ്ധതയെ സുദൃഢമായി എതിർക്കാൻ ആഹ്വാനം ചെയ്തു. പൊതുനന്മയും പ്രത്യേക തരത്തിൽ ഏറ്റവും ദുർബ്ബലരായവരുടെയും എല്ലാത്തരത്തിലുള്ള അനീതിക്ക് ഇരയാകുന്നവരുടെയും വിധിയാണ് ഇവിടെ ചൂതാടപ്പെടുന്നതെന്ന് കത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.
യുവാക്കളെ പ്രത്യേകിച്ച് അഭിസംബോധന ചെയ്തുകൊണ്ട് ഭയം മനസ്സിനെയും ഹൃദയത്തെയും കീഴടക്കുമ്പോൾ മാഫിയകൾ വേരിറക്കി നമ്മെ കീഴടക്കും എന്നും അതിനാൽ ഭയപ്പെടാതെ ധൈര്യം കാട്ടാനും പാപ്പാ അഭ്യർത്ഥിച്ചു.ഈ ദുരന്തത്തിന്റെ അനുസ്മരണയ്ക്കായി സംഘടിപ്പിച്ചിട്ടുള്ള മെഴുകുതിരി പ്രദക്ഷിണത്തിൽ രാത്രിയിലെ കാവൽക്കാരെ പോലെ സ്വാതന്ത്ര്യത്തിന്റെയും, നീതിയുടെയും, നേരായ വഴിയിലേക്കുമുള്ള മനം മാറ്റത്തിന്റെ സജീവ പിന്തുണ നൽകാൻ പാപ്പാ അവരെ ക്ഷണിച്ചു. സമൂഹത്തിൽ ഉത്തരവാദിത്വം വഹിക്കുന്നവരും, നഗരത്തിലെ അനേകം സഭാ ഘടകങ്ങളും ഒരു പുത്തൻ മാനവികത പ്രോത്സാഹിപ്പിക്കാൻ സജീവമായി മുന്നോട്ടുവരട്ടെ എന്നും പാപ്പാ ആശംസിച്ചു.
മത്തായിയുടെ സുവിശേഷത്തിലെ അദ്ധ്യായം 25:31-46 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, പ്രത്യേകിച്ച് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ വസിക്കുന്ന അവരുടെ സമപ്രായക്കാരോടു, ആർദ്രതയോടും ദയയോടും കൂടി വർത്തിക്കാൻ അഭ്യർത്ഥിച്ച ഫ്രാൻസിസ് പാപ്പാ രാത്രിയുടെ ഇരുളിൽ കർത്താവ് അവരെ നയിക്കട്ടെ എന്നും അവരുടെ വിശ്വാസത്തിന്റെ പ്രതീകമായ കത്തിച്ചതിരി കൈകളിലേന്തി സ്നേഹവതിയായ രൂപതയുടെ വെളിച്ചമായി മാറാനും അവരെ ആഹ്വാനം ചെയ്തു. അവരെ ഓരോരുത്തരെയും റോമിന്റെ ആരോഗ്യനാഥയുടെയും മധ്യസ്ഥരായ വിശുദ്ധ അപ്പോസ്തലർ പത്രോസിന്റെയും പൗലോസിന്റെയും സംരക്ഷണത്തിനേൽപ്പിക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥന തനിക്കായി അഭ്യർത്ഥിച്ച പാപ്പാ അവർക്കു ആശീർവാദം നൽകിക്കൊണ്ടാണ് കത്തവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: