കൊറിയൻ ജനതയ്ക്ക് പാപ്പായുടെ സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവ കുടുംബത്തെ ഇന്നും യാതനകളിലാഴ്ത്തുന്ന നിരവധിയായ യുദ്ധങ്ങളും സായുധ സംഘർഷങ്ങളും സംരക്ഷണം ഉറപ്പാക്കുന്നതിനും ജനതകൾ തമ്മിലും സമൂഹത്തിനകത്തും നീതിയും സഹകരണവും പരിപോഷിപ്പിക്കുന്നതിനും നിരന്തര ജാഗ്രത പുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് മാർപ്പാപ്പാ.
1950 ജൂൺ 23 മുതൽ 1953 ജൂലൈ 27 വരെ നീണ്ട കൊറിയൻ യുദ്ധത്തിൻറെ സമാപനത്തിൻറെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കൊറിയക്കാർക്കായി ഇരുപത്തിയേഴാം തീയതി വ്യാഴാഴ്ച (27/07/23) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇന്നും ലോകത്തിൽ വേദനാഹേതുവായി തുടരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും അന്ത്യത്തിൻറെ അനിവാര്യത ഊന്നിപ്പറഞ്ഞിരിക്കുന്നത്.
അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബിഷപ്പ് മത്തിയാസ് റി ലോംഗ് ഹൂണിനെ സംബോധന ചെയ്തുകൊണ്ടുള്ള ഈ സന്ദേശം സോൾ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലാസ്സറൊ യു ഹ്യൂംഗ് സിക്ക് ഈ വാർഷികദിനമായിരുന്ന വ്യാഴാഴ്‌ച താൻ മ്യയോംഗ് ദോംഗ് കത്തീദ്രലിൽ അർപ്പിച്ച സമാധാനദിവ്യബലി മദ്ധ്യേ വായിച്ചു.
വ്യക്തിയോടും അവകാശങ്ങളോടും പൊതുനന്മയോടും സൃഷ്ടിയോടുമുള്ള ആദരവിൽ അധിഷ്ഠിതമായ ശാന്തിയുടെ പ്രവാചകരാകാൻ പാപ്പാ പ്രസ്തുത സന്ദേശത്തിൽ കൊറിയയിലെ ജനങ്ങളെ ക്ഷണിക്കുന്നു.
നീതിയും സമാധാനവും പരിശുദ്ധാരൂപിയിലുള്ള സന്തോഷവും നിറഞ്ഞ ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമം നവീകരിക്കാനും പാപ്പാ മെത്രാന്മാരും വൈദികരും സന്ന്യാസിസന്ന്യാസിനികളും അല്മായവിശ്വാസികളുമടങ്ങിയ ദൈവജനത്തോട് ആവശ്യപ്പെടുന്നു.
യുദ്ധവിരാമ ഉടമ്പടിയനുസ്മരണം വിദ്വഷത്തിൻറെ അന്ത്യത്തെ മാത്രമല്ല കൊറിയ ഉപദ്വീപിലും ലോകം മുഴുവനിലും നീണ്ടുനില്ക്കുന്ന അനുരഞ്ജനത്തിൻറെയും സാഹോദര്യത്തിൻറെയും ഏകതാനതയുടെയും ഭാസുരമായ ഭാവിയെയും ദ്യോതിപ്പിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: