സത്യവും ഉപവിയും മൗലിക ബന്ധത്താൽ സംയോജിതം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനസരണി സത്യത്തിലും ഉപവിയിലുമാണെന്ന് മാർപ്പാപ്പാ.
“ശാസ്ത്രം ശാന്തിക്കായി” എന്ന ശീർഷകത്തിൽ ഇറ്റലിയിലെ തേറമൊയിൽ, തേറമൊ രൂപത ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ സഹകരണത്തോടെ വെള്ളി, ശനി ദിനങ്ങളിൽ (30/06-01/07/2023) സംഘടിപ്പിച്ച രണ്ടാം അന്താരഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ പ്രസ്തുത രൂപതാദ്ധ്യക്ഷനായ മെത്രാൻ ലൊറേൻസൊ ലെവൂത്സിക്കയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
ഉപവിയിലുള്ള സത്യത്താൽ പ്രബുദ്ധമായ അന്വേഷണം സമാധാനപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കൂടുതൽ ശക്തമായ അടിത്തറയിടുമെന്നും കാരണം, അത് വ്യക്തിയോടുള്ള ആദരവിലും ദൈവിക ദാനങ്ങളോടുള്ള കൃതജ്ഞതാഭരിത പ്രത്യുത്തരത്തിലും സമൂഹത്തിൻറെ ലക്ഷ്യത്തിലേക്ക് ഏകതാനമായി ക്രമപ്പെടുത്തിയിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.
സത്യവും ഉപവിയും മൗലികമായ ഒരു ബന്ധത്താൽ സംയോജിതമാണെന്ന്, ബൗദ്ധിക ഉപവിയെക്കുറിച്ച് പരാമർശിക്കവെ വാഴ്ത്തപ്പെട്ട അന്തോണിയൊ റൊസ്മീനി പറഞ്ഞിട്ടുള്ളതിനെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ, സത്യാന്വേഷണവും സത്യത്തെക്കുറിച്ചുള്ള പഠനവും ഉപവിക്കുള്ള ആധികാരിക സേവനത്തിൻറെ അനിവാര്യ ഘടകമാണെന്നും അതേ സമയം, ഉപവി ജീവിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നത് മനുഷ്യനെ ദൈവികദാനത്തോടു തുറവുള്ളവനാക്കും വിധം സത്യത്തെക്കുറിച്ചുള്ള ഉപരിസമ്പൂർണ്ണമായ അറിവിലേക്ക് നയിക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.
പരിവർത്തനവിധേയമായ കാലഘട്ടത്തിൽ, ബൗദ്ധിക ഉപവി പ്രവർത്തനങ്ങൾ ഗവേഷണ കേന്ദ്രങ്ങളുടെ പരിധിക്കുള്ളിൽ ഒതുക്കി നിറുത്തപ്പെടുകയോ "ചെറുഗണത്തിനു" മാത്രമായി സംവരണം ചെയ്യപ്പെടുകയോ അരുതെന്നും, പ്രത്യുത, നവികൃത സാമീപ്യത്തിൻറെ നിർമ്മാണത്തിന് പ്രചോദനമേകുകയും അതിനെ താങ്ങിനിറുത്തുകയും ചെയ്യണമെന്നും പാപ്പാ പറയുന്നു. ആകയാൽ ശാസ്ത്രീയാന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, വൈവിധ്യമാർന്ന വിജ്ഞാന മേഖലകളിലെ തങ്ങളുടെ പ്രതിബദ്ധതയുടെ ചരിത്രപരമായ ഉത്തരവാദിത്വം, വൈക്തിക മേഖലകളിൽ സ്വയം ഒറ്റപ്പെടാനുള്ള പ്രലോഭനത്തെ മറികടന്ന് കണ്ടെത്തേണ്ടത് അടിയന്തിരമാണെന്നും ഇത് അറിവിൻറെ നൂതന സംസ്കാരം പരിപോഷിപ്പിക്കുന്നതിന് ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: