പാപ്പാ: ഒരുമിച്ചു വളരുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒരുമിച്ചു വളരുക
സുവിശേഷത്തിലെ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള മൂന്ന് ഉപമകളെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് പാപ്പാ മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോള ദിനമായി ആചരിച്ച ഞായറാഴ്ചത്തെ ദൈവവചന പ്രഘോഷണം നടത്തിയത്. തന്റെ പ്രഭാഷണത്തിൽ യേശുവിന്റെ ഉപമകളെ മുത്തശ്ശീമുത്തച്ഛന്മാർ കുഞ്ഞുമക്കളെ മടിയിലിരുത്തി പറഞ്ഞു കൊടുക്കുന്ന കഥകളോടു ഉപമിച്ചു കൊണ്ടാണ് പാപ്പാ ആരംഭിച്ചത്. മൂന്ന് ഉപമകളിലും ഒരുമിച്ചു വളരുക എന്ന സന്ദേശമാണ് കാണാൻ കഴിയുക എന്ന് പാപ്പാ വിശദീകരിച്ചു.
പുറത്തു നിന്നു മാത്രമല്ല തിന്മകളുടെ ഉത്ഭവം
ആദ്യത്തെ ഉപമയിൽ കളകളും ഗോതമ്പു ചെടികളും ഒരുമിച്ചു വളരുന്നത് നമ്മെ വളരെ യഥാർത്ഥ നിരൂപിതമായി കാര്യങ്ങൾ കാണാൻ ഇടയാക്കുന്നു. മനുഷ്യ ചരിത്രത്തിലും നമ്മുടെ ജീവിതത്തിലും ഇരുളും വെളിച്ചവും, സ്നേഹവും സ്വാർത്ഥതയും കൂടിക്കലർന്നിരിക്കുന്നു. നന്മയും തിന്മയും വേർതിരിക്കാനാവാത്ത വിധം ഇഴപിരിഞ്ഞാണിരിക്കുന്നതെന്ന് നമുക്ക് തോന്നാം. യഥാർത്ഥ ബോധത്തോടെയുള്ള ഈ വീക്ഷണം നമ്മെ ചരിത്രത്തെ പ്രത്യയശാസ്ത്രങ്ങളില്ലാതെ വന്ധ്യമായ ശുഭാപ്തി വിശ്വാസമോ വിഷം കലർന്ന അശുഭാപ്തി വിശ്വാസമോ കൂടാതെ കാണാൻ സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു. ക്രൈസ്തവർ യഥാർത്ഥ്യ ബോധമുള്ളവരാണ്, കാരണം അവർ ദൈവത്തിന്റെ പ്രത്യാശയാൽ നയിക്കപ്പെടുന്നവരാണ്. തിന്മകൾ പുറത്തു നിന്നു മാത്രമല്ല വരുന്നതെന്നും അവ നമ്മുടെ ഉള്ളിൽ നിന്നും വരുമെന്നും അനുഭവമുള്ളവരാണ് നമ്മൾ. എങ്കിലും ഈ ഉപമ നമ്മൾ ഇത്തരം സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന ഒരു ചോദ്യം മുന്നോട്ടുവയ്ക്കുന്നു. തിന്മകളെ മനുഷ്യന്റെ പ്രയത്നം കൊണ്ട് മാത്രം തുടച്ചു നീക്കാനാവില്ല. "ശുദ്ധസമൂഹം " "ശുദ്ധമായ സഭ'' മുതലായവ സൃഷ്ടിക്കാനുള്ള പ്രലോഭനത്തിൽ തെറ്റിൽ വീണവരോടു നമ്മൾ പലപ്പോഴും അക്ഷമരും അക്രമാസക്തരുമാകാറുണ്ട്. സംശുദ്ധി വരുത്താനുള്ള നീക്കത്തിൽ പലപ്പോഴും കളകളോടൊപ്പം നല്ല ഗോതമ്പിനും മുന്നോട്ടു പോകാനും, വളരാനും, മാറ്റം വരാനും ഉള്ള സാഹചര്യം നാം നിഷേധിക്കുന്നു. ഇവിടെയാണ് കർത്താവിന്റെ " വിളവാകും വരെ ഒരുമിച്ചു വളരട്ടെ" എന്ന വാക്കുകളുടെ പ്രസക്തി എന്ന് പാപ്പാ വിശദീകരിച്ചു.
കരുണയെക്കുറിച്ച് പഠിപ്പിക്കുന്ന ദൈവത്തിന്റെ ദർശനം മറ്റുള്ളവരോടു നമ്മെ ക്ഷമാശീലരാകാൻ ക്ഷണിക്കുന്നു. - നമ്മുടെ കുടുംബത്തിലും, സഭയിലും സമൂഹത്തിലും, പാപ്പാ പറഞ്ഞു. കുറവുകളോടും, അമാന്തങ്ങളോടും പഴകാനല്ല മറിച്ച് നല്ല ഗോതമ്പിനെ ബഹുമാനത്തോടും ശ്രദ്ധയോടും കൂടെ വളരാനനുവദിക്കാൻ പരിശ്രമിക്കുക. ഹൃദയത്തിന്റെ ശുദ്ധീകരണവും തിന്മയുടെ മേലുള്ള അന്തിമ വിജയവും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഗോതമ്പിനെ കളയിൽ നിന്ന് വേർതിരിക്കാനുള്ള പ്രലോഭനത്തെ മറികടന്ന് പ്രവൃത്തിയുടെ ഏറ്റവും നല്ല വഴിയും സമയവും മനസ്സിലാക്കാൻ ഉപമ നമ്മളെ ക്ഷണിക്കുകയാണ് എന്ന് പാപ്പാ കൂടിച്ചേർത്തു.
മുത്തശ്ശീമുത്തച്ഛന്മാരെയും മുതിർന്നവരെയും കുറിച്ച് ഇവിടെ അനുസ്മരിച്ച പാപ്പാ വാർദ്ധക്യം ഒരു അനുഗ്രഹീത സമയമാണെന്നും ദൈവം വിതച്ച നല്ല വിത്ത് സാത്താൻ വിതച്ച തിന്മയുടെ വിത്തിന്റെ മേൽ നിലനിൽക്കുമെന്ന പ്രത്യാശയുടെ സമയമാണ് എന്നും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.
തലമുറകൾ തമ്മിലുള്ള കൈമാറ്റം
സുവിശേഷത്തിലെ കടുകുമണിച്ചെടിയുടെ ഉപമയിൽ നിന്ന് "ഒരുമിച്ച് വളരുന്ന " മരത്തേയും അതിലെ കമ്പുകളിൽ അഭയം തേടുന്ന കിളികളിലേക്കുമാണ് പാപ്പാ ശ്രദ്ധ ക്ഷണിച്ചത്. മുതിർന്നവരും യുവതലമുറയുകളുമായുള്ള ബന്ധത്തിൽ ഒരു പുതിയ കെട്ടുപ്പാട് ആവശ്യമാണെന്നും അവരുടെ നീണ്ട ജീവിതാനുഭവങ്ങൾ വളർന്നു വരുന്നവർക്ക് പോഷണമാകുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഇത്തരം ഒരു ഫലവത്തായ കൈമാറ്റത്തിലൂടെ ജീവിതത്തിന്റെ മനോഹാരിത പഠിക്കാനും സാഹോദര്യമാർന്ന ഒരു സമൂഹ നിർമ്മിതിക്കും സഭയിൽ പാരമ്പര്യവും ആത്മാവിന്റെ പുതുമയും തമ്മിൽ പരസ്പരം കണ്ടുമുട്ടാനും സംവദിക്കാനും ഇടയാക്കുമെന്നും പാപ്പാ അറിയിച്ചു.
മാവും പുളിമാവും "ഒന്നിച്ചു വളരുന്ന " മൂന്നാമത്തെ ഉപമയിലൂടെ കൂട്ടിക്കലർത്തലിൽ സാധ്യമാകുന്ന ഉയർച്ചയെ ദർശിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ഇത് ഒരുമിച്ചു ജീവിക്കുന്ന, കൂടി കലരുന്ന, കൂടിക്കാഴ്ചയുടേയും, പരസ്പരം പിൻതുണയ്ക്കുകയും ചെയ്യുന്ന കലയെയാണ് നമ്മെ അനുസ്മരിപ്പിക്കുന്നതെന്നും നമ്മിൽ നിന്ന് പുറത്തു കടന്ന് മറ്റുള്ളവരുമായി ചേരാനുള്ള ക്ഷണമാണെന്നും ഇവാഞ്ചലി ഗൗദിയൂം ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് അടിവരയിട്ടു. അങ്ങനെ സ്വാർത്ഥതയെ മറികടന്ന് കൂടുതൽ മനുഷ്യത്വവും സാഹോദര്യവുമുള്ള ഒരു ലോകം പണിതുയർത്താനാവും.
കുടുംബങ്ങളിൽ മുതിർന്നവരെ പാർശ്വവൽക്കരിക്കരുതെന്നും സമ്പൂർണ്ണതയുടെ വേഗതയിൽ ചെയ്യാനുള്ള കാര്യക്ഷമതയുടെയും പ്രകടനത്തിന്റെയും ഉട്ടോപിയകളുടെ പിന്നാലെ നടന്ന് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവരുടെ അടുത്ത് നമ്മുടെ വേഗത കുറക്കാൻ കഴിയാതെ പോകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കൂടിക്കലർന്ന് ഒരുമിച്ചു വളരാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: