തിരയുക

യുവാക്കൾക്കൊപ്പവും യുവാക്കൾക്കുവേണ്ടിയും പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ഓഗസ്റ്റ് മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോയിലൂടെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോകയുവജനദിനാഘോഷവുമായി ബന്ധപ്പെട്ട സന്ദേശമേകി ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്വജീവിതം കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം നൽകി മുൻപോട്ട് പോകുവാൻ ലിസ്ബണിൽ നടക്കുന്ന ലോകായുവജനദിനം സഹായിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്, യുവജനങ്ങൾക്കായി ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം. ഓഗസ്റ്റ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ സന്ദേശത്തിലാണ്, ഓഗസ്റ്റ് 1 മുതൽ 6 വരെ തീയതികളിൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോകയുവജനദിനത്തിൽ സംബന്ധിക്കുന്ന യുവജനങ്ങൾക്കായി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

ചോദ്യോത്തരശൈലിയിലുള്ള വീഡിയോയിൽ, സഭ വയോധികരുടെ ഒരു ക്ലബായി മാറിയോ എന്ന ചോദ്യത്തിന്, സഭ വയോധികരുടെയോ ചെറുപ്പക്കാരുടെയോ ഒരു ക്ലബല്ല എന്ന് ഫ്രാൻസിസ് പാപ്പാ ഉത്തരമേകി. വയോധികരുടെ മാത്രം ഒരു ക്ലബായി സഭ മാറുമെങ്കിൽ അത് അവസാനത്തിലേക്ക് നീങ്ങുന്ന ഒന്നായി മാറുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുവജനങ്ങൾക്കൊപ്പം ജീവിക്കുകയാണെങ്കിൽ നമ്മളും യുവാക്കളായി മാറുമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു. പ്രായമാകാതിരിക്കാൻ സഭയ്ക്ക് യുവാക്കളുടെ ആവശ്യമുണ്ട് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

"മറിയം തിടുക്കത്തിൽ എഴുന്നേറ്റ് യാത്രയായി" എന്ന വാക്കുകൾ എന്തുകൊണ്ടാണ് ലോകായുവജനദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പരിശുദ്ധ അമ്മ, താൻ ദൈവമാതാവാകുവാൻ പോകുന്നു എന്ന് കേട്ടയുടനെ സെൽഫി എടുക്കുവാനോ, മറ്റുള്ളവരുടെ മുന്നിൽ തന്നെത്തന്നെ ഉയർത്തിക്കാട്ടുവാനോ നിൽക്കാതെ, സേവനം ചെയ്യാനും സഹായിക്കാനായി, വേഗത്തിലും ധൃതിയിലും സഞ്ചരിക്കുകയാണ് ആദ്യമായി ചെയ്‌തത്‌ എന്ന് പാപ്പാ മറുപടി നൽകി. തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സഹായിക്കുവാനായി പരിശുദ്ധ അമ്മ  ഇത്തരത്തിൽ പുറപ്പെട്ടതിനെക്കുറിച്ച് പറഞ്ഞുകൊണ്ട്, "നിങ്ങൾ യുവജനങ്ങളും, ഇതുപോലെ മറ്റുള്ളവരെ സഹായിക്കുവാനായി ഇറങ്ങിപ്പുറപ്പെടണം" എന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

ലിസ്ബണിൽ നടക്കുവാനിരിക്കുന്ന ലോകായുവജനദിനത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, വരുവാനിരിക്കുന്ന ഒരു ലോകത്തിന്റെ വിത്ത് അവിടെ കാണുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ മറുപടി പറഞ്ഞു. സ്നേഹത്തിൽ കേന്ദ്രീകൃതവും, പരസ്പരം സഹോദരീസഹോദരങ്ങളായി അനുഭവപ്പെടുകയും ചെയ്യാൻ സാധിക്കുന്ന ഒരു ലോകത്തെക്കുറിച്ചാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. എന്നാൽ നാം യുദ്ധത്തിലാണ്, നമുക്ക് മറ്റുള്ളവരുടെ ആവശ്യമുണ്ട്. സുവിശേഷത്തിന് സാക്ഷ്യം നൽകാൻ ഭയമില്ലാത്ത ഒരു ലോകത്തിന്റെ വിത്താണ് താൻ ലിസ്ബണിൽ കാണുവാൻ ആഗ്രഹിക്കുന്നത്. സന്തോഷമുള്ള ഒരു ലോകമാണ് താൻ ആഗ്രഹിക്കുന്നത്, കാരണം നാം ക്രിസ്ത്യാനികൾക്ക് സന്തോഷമില്ലെങ്കിൽ, നാം വിശ്വസനീയരല്ല, മറ്റുള്ളവർ നമ്മിൽ വിശ്വസിക്കുകയുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സന്തോഷത്തോടെ ക്രൈസ്തവസാക്ഷ്യം നല്കുന്നതിനെക്കുറിച്ചാണ് പാപ്പാ പരാമർശിച്ചത്.

നമ്മുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സാക്ഷ്യം നൽകിക്കൊണ്ട് മുന്നോട്ട് പോകുവാൻ യുവജനങ്ങളായ നമ്മെ ലോകയുവജനദിനം സഹായിക്കുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജൂലൈ 2023, 15:43