തിരയുക

ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ   (Vatican Media)

കൊച്ചുമക്കൾക്കിടയിൽ മുത്തച്ഛനെ പോലെ ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലെ വേനൽക്കാല വിശ്വാസ പരിശീലനകളരിയിൽ കുട്ടികളുമായി ജൂലൈ മാസം പതിനെട്ടാം തീയതി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

വേനൽക്കാലങ്ങളിൽ ഇറ്റലിയിലെ എല്ലാ പള്ളികളിലും തീവ്രവിശ്വാസ പരിശീലന  കളരികൾ  സംഘടിപ്പിക്കുന്നതോടൊപ്പം വത്തിക്കാനിലും എല്ലാ വർഷവും കുട്ടികളെ ഒരുമിച്ചു കൂട്ടി ഒരു മാസം നീണ്ടു നിൽക്കുന്ന കൂട്ടായ്മ നടത്താറുണ്ട്. കൂട്ടായ്മയിൽ പങ്കെടുക്കുന്ന കുട്ടികളെയും, അവരെ സഹായിക്കുന്ന യുവജനങ്ങളെയും  സന്ദർശിക്കുവാൻ പതിവു പോലെ ഈ വർഷവും ഫ്രാൻസിസ് പാപ്പാ ജൂലൈ മാസം പതിനെട്ടാം തീയതി  കടന്നുചെന്നു.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ കൊച്ചുമക്കൾക്കിടയിലേക്ക് മുത്തച്ഛനെ പോലെ കടന്നുചെന്ന പാപ്പായെ പാട്ടുകളുടെയും, ഹർഷാരവത്തിന്റെയും അകമ്പടികളോടെയാണ് സ്വീകരിച്ചത്. "യേശുക്രിസ്തുവേ നീ ആണ് എന്റെ ജീവനും, ജീവിതവുമെന്ന" ആംഗലേയ-ഇറ്റാലിയൻ  ഗാനത്തിന്റെ ഈരടികൾ കുഞ്ഞുങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്നും ഉയർന്നപ്പോൾ,ഫ്രാൻസിസ് പാപ്പായുടെ മുഖത്തെ സന്തോഷവും ഇരട്ടിയായി.

ചോദ്യങ്ങൾ ചോദിക്കുവാൻ പാപ്പാ തന്നെ കുട്ടികളെ പ്രോത്സാഹിപ്പിച്ചപ്പോൾ, എദോവാർദോ എന്ന കുട്ടി, മാതാപിതാക്കൾക്ക് ഞങ്ങൾ എന്താണ് നൽകേണ്ടത്? എന്ന ചോദ്യം പാപ്പായോട് ചോദിച്ചു. അതിനു മറുപടിയായി, നമ്മെ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ എടുക്കുന്ന കഷ്ടപ്പാടുകൾക്ക് ആവർത്തിച്ചു നന്ദി പറയുവാൻ പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മുത്തശീമുത്തച്ഛന്മാരുടെ അഗാധമായ ജ്ഞാനവും, അനുഭവ സമ്പത്തും  പാപ്പാ ഓർമ്മിപ്പിച്ചു.

ഏറെ സമയം കുട്ടികളുടെ കൂടെ ചിലവഴിച്ച പാപ്പാ, സാഹോദര്യ സ്നേഹത്തിന്റെ ആവശ്യകതയും, പരസ്പര ബഹുമാനത്തിന്റെയും, മൂല്യാധിഷ്ഠിത ജീവിതത്തിന്റെയും, സംഭാഷണങ്ങളുടെയും പ്രാധാന്യവും എടുത്തു പറഞ്ഞു. കൂടിക്കാഴ്ചയുടെ അവസാനം കർത്തൃപ്രാർത്ഥന ചൊല്ലുകയും, കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. അവസാനം കുട്ടികളോടൊപ്പം ഒരു ഫോട്ടോയെടുത്ത ശേഷമാണ് പാപ്പാ മടങ്ങിപോയത്.

യേശുവിന്റെ സുവിശേഷം കുട്ടികളോട് പങ്കുവയ്ക്കുവാൻ കിട്ടിയ അവസരം അവിസ്മരണീയവും, അനുഗ്രഹപ്രദവുമാണെന്ന് ആനിമേറ്റർമാർ ഒറ്റകെട്ടായി പറയുന്നു.കൂടിക്കാഴ്ചയ്ക്കിടയിൽ 'തങ്ങളുടെ ഹീറോ' എന്നെഴുതിയ  കാർഡ്ബോർഡിൽ ഉണ്ടാക്കിയ ഒരു മെഡൽ പാപ്പായെ അണിയിച്ചതും ഏറെ ഹൃദയ സ്പർശിയായ കാഴ്ചയായിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂലൈ 2023, 14:00