തുറന്ന ഒരു സഭയിലാണ് വളർച്ച: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അടഞ്ഞ ഒരു സമൂഹമായി നിൽക്കാതെ, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി ആരോഗ്യപരമായ വളർച്ച കൈവരിക്കുവാൻ ക്രൈസ്തവരോട് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ബ്രസീലിലെ അടിസ്ഥാനസഭാസമൂഹങ്ങളുടെ പതിനഞ്ചാമത് സഭാന്തര സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് മറ്റുളളവരിൽനിന്ന് അകന്ന് മറഞ്ഞിരിക്കുന്ന ഒരു സമൂഹമാകാതെ, തുറന്ന മനോഭാവമുള്ള ഒരു സമൂഹമായി മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ക്രൈസ്തവരെ പാപ്പാ ആഹ്വാനം ചെയ്തത്.
ബ്രസീലിലെ മെത്രാൻസംഘമാണ് കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ അയച്ച ആശംസാ സന്ദേശം പുറത്തുവിട്ടത്. ബ്രസീലിലെ അടിസ്ഥാനസഭാസമൂഹങ്ങളുടെ സമ്മേളനത്തിന് തന്റെ ആധ്യാത്മിക സാന്നിധ്യവും ഉറപ്പുനൽകിയ ഫ്രാൻസിസ് പാപ്പാ, സഭാശുശ്രൂഷകൾ തുടർന്ന് മുന്നോട്ട് പോകാൻ ഏവരോടും ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ "പുറത്തേക്ക് വരുന്ന സഭ" എന്ന ചിന്താവിഷയത്തെക്കുറിച്ച് സംസാരിച്ച പരിശുദ്ധപിതാവ്, സഭയെ ജലത്തോട് ഉപമിച്ചു. ഒരു നദിയിൽ കെട്ടിക്കിടക്കുന്ന ജലം നിശ്ചലമാകുകയും മോശമാവുകയും ചെയ്യുന്നു. എന്നാൽ, സഭ പുറത്തേക്ക് വരികയും സഞ്ചരിക്കുവാൻ തുടങ്ങുകയും ചെയ്യുമ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തി.
സഭ ഒരിക്കലും മറഞ്ഞിരിക്കാനുള്ളതല്ലെന്നും എപ്പോഴും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒന്നായിരിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും പരിശുദ്ധ അമ്മയുടെ സംരക്ഷണം ആശംസിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പട്ടുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ജൂലൈ 18 ചൊവ്വാഴ്ച ആരംഭിച്ച ബ്രസീലിലെ അടിസ്ഥാനസഭാസമൂഹങ്ങളുടെ സമ്മേളനം ജൂലൈ 22 വരെ നീളും. ബ്രസീലിന്റെ വിവിധഭാഗങ്ങളിൽനിന്നായി 1500-ഓളം പ്രതിനിധികളും 63 മെത്രാന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: