റോമിൽ സെമിനാരിപരിശീലനത്തിന് പ്രാധാന്യമേകി പാപ്പാ: റോമൻ മേജർ സെമിനാരിക്ക് പുതിയ റെക്ടർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റോം രൂപതാ പ്രദേശത്തിന് കീഴിലുള്ള പൗരോഹിത്യരൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി ബിഷപ് മിക്കേലേ ദി തോൽവേയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. റോം രൂപതയിലെ ഉപകാര്യനിർവ്വാഹകൻ ബിഷപ് ബാൽദസാറെ റെയ്‌നയുമായി ചേർന്നാണ് ബിഷപ് ദി തോൽവേ വൈദികപരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുക.
2023 ജനുവരി 6-ന് ഫ്രാൻസിസ് പാപ്പാ റോം വികാരിയത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇൻ എക്ലെസിയാറും കൊമ്മൂണിയോണെ എന്ന അപ്പസ്തോലികലേഖനം പുറത്തിറക്കിയിരുന്നു. അതേ ദിനത്തിൽ റോം രൂപതയിലെ അജപാലനസേവനങ്ങളുടെ ചുമതല രൂപതാസഹായ മെത്രാന്മാർക്ക് നൽകിയിരുന്നു.
2023 മെയ് 26-നാണ് റോം രൂപതയിലെ സഹായമെത്രാനായി ബിഷപ് മിക്കേലേ ദി തോൽവേ നിയമിതനായത്.
പുതിയ ഡിക്രി പ്രകാരം ബിഷപ് ദി തോൽവേ പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയുടെ റെക്ടറായും നിയമിതനായി. മെത്രാൻ ഉപദേശകസമിതിയുമായി യോജിച്ചായിരിക്കും ഇതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം നിർവ്വഹിക്കുക. എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ പാപ്പായുടെ നേരിട്ടുളള നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ബിഷപ് ദി തോൽവേ പ്രവർത്തിക്കുക. ജൂലൈ 4-ആം തീയതിയാണ് പാപ്പാ പുതിയ ഡിക്രി ഒപ്പിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: