തിരയുക

മംഗോളിയയിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ഔദ്യോഗികചിഹ്നം മംഗോളിയയിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ഔദ്യോഗികചിഹ്നം 

പ്രത്യാശയിൽ ഒരുമിച്ച്: മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നീളുന്ന മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും, യാത്രയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും വത്തിക്കാൻ  ജൂലൈ 6-ന് വത്തിക്കാൻ പുറത്തുവിട്ടു. ഇതനുസരിച്ച് ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പാ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക.

"ഒരുമിച്ച് പ്രത്യാശിക്കുക" എന്നതാണ് ഇത്തവണത്തെ അപ്പസ്തോലികയാത്രയുടെ ആപ്തവാക്യം. ക്രൈസ്തവ, അക്രൈസ്തവ ഇടങ്ങളിൽ ഉപയോഗത്തിലുള്ള "പ്രത്യാശ" എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ ഉയർന്നുനിൽക്കുക. ഇതോടൊപ്പം ഒരുമിച്ചുള്ള പ്രവർത്തനത്തെ കൂട്ടിച്ചേർത്ത് "ഒരുമിച്ച് പ്രത്യാശിക്കുക" എന്ന സന്ദേശമാണ് പാപ്പാ നൽകുന്നത്. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ അടയാളം കൂടിയായിരിക്കും പാപ്പായുടെ ഇത്തവണത്തെ യാത്ര. എന്നാൽ അതേസമയം അവിടുത്ത സഭയ്ക്ക് തങ്ങളുടെ ലാളിത്യത്തിലും അപ്രധാന്യത്തിലും ആഗോളസഭയ്ക്ക് പ്രത്യാശയുടെ അടയാളമേകാൻ സാധിക്കുമെന്ന ഒരു പ്രതീക്ഷയും ഈ യാത്ര മുന്നോട്ടുവയ്ക്കുന്നുണ്ട്.

മംഗോളിയയുടെ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് ഇത്തവണത്തെ ഔദ്യോഗികചിഹ്നം. ഇതിൽ ജർ എന്ന് വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീല നിറത്തിൽത്തന്നെയുള്ള കുരിശുരൂപവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇരുവശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യഭാഷയിൽ "ഒരുമിച്ച് പ്രത്യാശിക്കുക" എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിന് മുകളിലായിവത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിൽ പുകയും വരച്ചുചേർത്തിട്ടുണ്ട്.

സെപ്റ്റംബർ 4-ന് ഉച്ചയോടെ മംഗോളിയയിൽനിന്ന് യാത്ര തിരിക്കുന്ന പാപ്പാ, അന്നേ ദിവസം വൈകുന്നേരം റോമിൽ തിരികെയെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2023, 16:46