തിരയുക

 ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന വത്തിക്കാൻ ചത്വരത്തിലെ പ്രാർത്ഥനാ വേളയിൽ   ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന വത്തിക്കാൻ ചത്വരത്തിലെ പ്രാർത്ഥനാ വേളയിൽ   (Vatican Media)

അയൽക്കാരുടെ വയലിന്റെ കാവൽക്കാരായി നാം മാറണം

ജൂലൈ മാസം ഇരുപത്തിമൂന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകിയ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിൻെറ സംഗ്രഹം

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

ഇറ്റലിയിൽ വേനൽക്കാല ചൂടിന്റെ മൂർദ്ധന്യതയിൽ, ആലസ്യത്തിന്റെ അലയാഴികൾ മനസിനെ കീഴടക്കുമ്പോൾ ഇതാ മറ്റൊരു ഞായറാഴ്ച കൂടി നമ്മുടെ ശ്രദ്ധയെ വത്തിക്കാന്റെ ചരിത്രമുറങ്ങുന്ന ചത്വരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പരിശുദ്ധ ദിനമായ ഞായറാഴ്ച്ച ക്രൈസ്തവർ ദിവ്യബലിക്കായി ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്ന മനോഹരമായ കാഴ്ച നിരവധിയാളുകളുടെ മനസ്സിൽ സന്തോഷത്തിന്റെയും, ഉത്തേജനത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയുമൊക്കെ വിത്തു പാകിയ ചരിത്രം സത്യമായി ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്നതുപോലെ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറെ  പ്രധാനപ്പെട്ട മറ്റൊരു ഞായാറാഴ്ച ആഘോഷമാണ് പരിശുദ്ധ പിതാവ് ഓരോ  ഞായറാഴ്ചകളിലും പ്രാദേശിക സമയം കൃത്യം പന്ത്രണ്ടു മണിക്ക്  വത്തിക്കാൻ ചത്വരത്തിൽ നടത്തുന്ന മധ്യാഹ്ന പ്രാർത്ഥനയും, സുവിശേഷ സന്ദേശവും, ആശീർവാദവും. 

പതിവു പോലെ ജൂലൈ മാസം  ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ചയും പാപ്പാ വിശ്വാസികളോടൊപ്പം  മധ്യാഹ്ന പ്രാർത്ഥന ചൊല്ലുന്നതിനുവേണ്ടി പന്ത്രണ്ടു മണിക്ക് മുഴങ്ങിയ മണി നാദത്തിന്റെ അകമ്പടിയോടു കൂടി അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനലിനരികിൽ പ്രത്യക്ഷനായി. പതിവിൽ നിന്നും വ്യത്യസ്തമായി പാപ്പായുടെ ഇടതും വലതുമായി ഒരു കൊച്ചുമകനും, മുത്തശ്ശിയും നിലയുറപ്പിച്ചിരുന്നത് വിശ്വാസികളിൽ ഏറെ സന്തോഷമുളവാക്കി. ജൂലൈ മാസം ഇരുപത്തിയാറാം തീയതി യേശുവിന്റെ മുത്തശിമുത്തച്ഛന്മാരായ  വിശുദ്ധ യോവാക്കീമിന്റ്റെയും, അന്നയുടെയും  തിരുനാൾ കത്തോലിക്കാ സഭയിൽ സമുന്നതം ആഘോഷിക്കുകയാണ്.

2021 മുതൽ എല്ലാ വർഷവും ജൂലൈ മാസം നാലാം ഞായറാഴ്ച ആഗോള മുത്തശി മുത്തച്ഛന്മാരുടെ ദിവസമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചിരുന്നു.ഈ വർഷം ജൂലൈ മാസം ഇരുപത്തിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് മധ്യാഹ്നപ്രാർത്ഥനയ്ക്കായി ലോകത്തിലെ മുത്തശി മുത്തച്ഛന്മാരുടെ പ്രതിനിധിയായി ഒരു മുത്തശ്ശിക്കും, കൊച്ചുമക്കളുടെപ്രതിനിധിയായി ഒരു കൊച്ചുമകനുമൊപ്പം ഫ്രാൻസിസ് പാപ്പാ കടന്നുവന്നത്. 

പതിനായിരക്കണക്കിന് വിശ്വാസികളുടെയും,തീർത്ഥാടകരുടെയും,സന്ദർശകരുടെയും, കരഘോഷം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെ, ക്രിസ്തുവിന്റെ വികാരിയും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ പാപ്പായെ വരവേൽക്കുന്നതിൽ, ആഹ്ളാദവും, ചാരിതാർഥ്യവും നിറഞ്ഞ ആനന്ദമായി പ്രകമ്പനം കൊള്ളിച്ചു. പാപ്പായുടെ വരവിനു മണിക്കൂറുകൾക്കു മുൻപേ ചത്വരത്തിൽ സ്ഥാനം പിടിച്ച വിശ്വാസികളുടെ ദൃഷ്ടികൾ ഇമവെട്ടാതെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് പതിയത്തക്കവണ്ണം ഊട്ടിയുറപ്പിച്ചതും ഇന്നും, ജീവിക്കുന്ന ക്രിസ്തുവിന്റെ സഭയോടുള്ള സ്നേഹം വെളിവാക്കുന്നതായിരുന്നു.

ജാലകച്ചില്ലുകൾ തുറന്ന മാത്രയിൽ ഏറെ സമയം വെയിലിന്റെ കാഠിന്യത്തിൽ തളർച്ചയിലായിരുന്ന വിശ്വാസികൾ, തങ്ങളുടെ എല്ലാ ക്ഷീണവും മറന്നു കൊണ്ട്  തങ്ങൾ കാത്തിരുന്ന ക്രിസ്തുവിന്റെ വികാരിയായ പാപ്പായെ ഹർഷാരവങ്ങളുടെയും, പ്രാർത്ഥനാമന്ത്രണങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.

പ്രിയ സഹോദരീ സഹോദന്മാരെ എന്ന തന്റെ പതിവ് അഭിവാദ്യത്തിനു ശേഷം  ലത്തീൻ ആരാധനാക്രമത്തിൽ ജൂലൈ ഇരുപത്തിമൂന്നാം തീയതി വായിച്ചുകേട്ട സുവിശേഷഭാഗത്തെ അധികരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം 24 മുതൽ 43 വരെയുള്ള തിരുവചനങ്ങളിൽ പ്രതിപാദിക്കുന്ന ഗോതമ്പുചെടികളുടെയും, കളകളുടെയും ഉപമയാണ് പാപ്പാ പ്രത്യേകമായി എടുത്തു പറഞ്ഞുകൊണ്ട് വിശദീകരിച്ചത്. 

നല്ല വിത്ത് വിതച്ചുകൊണ്ട് ഫലം കാക്കുന്ന ഒരു നന്മ നിറഞ്ഞ കൃഷിക്കാരന്റെ തോട്ടത്തിൽ കളകൾ വിതച്ചുകൊണ്ട് തിന്മയടിച്ചേൽപ്പിക്കുന്ന  ശത്രുവിന്റെ ഭീകരതയാണ് ഉപമയിലെ പ്രധാന തന്തു.ലോകത്തിന്റെ ഒരു ചിത്രമാണ് ഈ ഉപമ നമുക്ക് പ്രദാനം ചെയ്യുന്നതെന്ന ആമുഖത്തോടെയാണ് പാപ്പാ വിശദീകരണം ആരംഭിച്ചത്. നന്മയെയോ, തിന്മയെയോ മാറ്റിനിർത്തികൊണ്ടുള്ള ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും സാധിക്കുകയില്ലെന് പാപ്പാ എടുത്തു പറയുന്നു. അതിനാൽ നന്മയും തിന്മയും ഒരുമിച്ചു വളരുന്ന ഒരു വലിയ വയലു പോലെയാണ് നമ്മുടെ ലോകമെന്നും, ഈ പ്രതിഫലനം എല്ലാ മേഖലകളിലും, സമൂഹത്തിലും,കുടുംബത്തിലും സഭയിലുമെല്ലാം യാഥാർഥ്യമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

എന്നാൽ തെറ്റായതിനെ തിടുക്കത്തിൽ നശിപ്പിച്ചുകൊണ്ട് എല്ലാം തികഞ്ഞ ഒരു ലോകം സൃഷ്ടിക്കുകയെന്നത് വലിയ ഒരു പ്രലോഭനമാണെന്ന യേശുവിന്റെ മുന്നറിയിപ്പും പാപ്പാ അടിവരയിട്ടു പറഞ്ഞു. മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനും, അവരെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റുവാനും നാം കാട്ടുന്ന വ്യഗ്രത പിശാചിന്റെ പ്രലോഭനമാണെന്നുള്ള ധ്വനിയാണ് പാപ്പായുടെ വാക്കുകളിൽ അലയടിച്ചത്. ഇതിന് പകരമായി പാപ്പാ നിർദ്ദേശിക്കുന്ന മറ്റൊരു മാർഗം നമ്മുടെ തന്നെ ഹൃദയത്തിനുള്ളിൽ വളരുന്ന വിളവിന്റെയും കളകളുടെയും നിലമാണ്.

ഈ ഒരു നിലത്തിന്റെ അരക്ഷിതാവസ്ഥയിൽ ഇടപെടുവാൻ നമുക്ക് സാധിക്കണം. ഹൃദയത്തിന്റെ ഈ നിലത്തിൽനിന്നുമാണ് വിശാലമായ ലോകത്തിന്റെ നിലത്തിലേക്ക് നമ്മൾ കടന്നുചെല്ലേണ്ടത്. സ്വാതന്ത്ര്യത്തിന്റെ വിശാലത പ്രദാനം ചെയ്യുന്ന ഹൃദയത്തിന്റെ ഈ നിലത്തിൽ നന്മയുടെ അതിലോലമായ മുളകളെ  നിരന്തരം പരിപാലിക്കേണ്ടതിന്റെയും, കാളകളെ ഉന്മൂലനം ചെയ്യേണ്ടതിന്റെയും  ആവശ്യകതയും പാപ്പാ ഓർമ്മിപ്പിക്കുന്നു.

തുടർന്ന് പാപ്പാ വിശ്വാസികളോടായി ഒരു ആത്മശോധന നടത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.എന്നിൽ എന്താണ് വളരുന്നതെന്നുള്ള അഗാധമായ മനസാക്ഷിയുടെ പരിശോധന ഓരോ സമയവും ചെയ്യേണ്ടത് ഏറെ അത്യന്താപേക്ഷിതമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.ഇപ്രകാരം നമ്മുടെ ഉള്ളിലെ തിന്മകളെയും, നന്മകളെയും തിരിച്ചറിയുവാൻ ദൈവീകമായ ഒരു വെളിച്ചത്തിന്റെ ആവശ്യകതയും പാപ്പാ അനുസ്മരിപ്പിച്ചു.

ലോകത്തിന്റെ വയലിനും, ഹൃദയത്തിന്റെ വയലിനും പുറമെ മൂന്നാമതൊരു വയല്ക്കൂടി പാപ്പാ എടുത്തു പറഞ്ഞു: അത് അയൽക്കാരന്റെ നിലമാണ്.അനുദിനജീവിതത്തിൽ നാം തുടർച്ചയായി ഇടപഴകുകയും, എന്നാൽ ചിലപ്പോഴെങ്കിലും കുറ്റം വിധിക്കുകയും ചെയ്യുന്ന അയൽക്കാരുടെ നിലത്തെ നന്മയുടെ കണ്ണുകളോടുകൂടി കാണുവാൻ പാപ്പാ ആഹ്വാനം ചെയ്തു. അവരിലുള്ള നന്മകളെ തുലോം ശ്രദ്ധിക്കാതെ എപ്പോഴും അവരുടെ തിന്മകളെ മാത്രം എടുത്തുപറഞ്ഞുകൊണ്ട് വിധിപ്രസ്താവം നടത്തുന്ന പ്രവണത ഉപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു. 

അതിനാൽ ജീവിതമാകുന്ന കൃഷി നിലങ്ങളിൽ നമ്മുടെ വിത്തുകൾ മുളക്കണമെങ്കിൽ ആദ്യം ദൈവത്തിന്റെ പ്രവൃത്തികൾ അന്വേഷിക്കുന്ന വ്യക്തികളായി നാം മാറണം. കൂടാതെ കർത്താവ് വിതച്ചതിന്റെ സൗന്ദര്യം മറ്റുള്ളവരിലും ലോകത്തിലും നമ്മിലും കാണാൻ പഠിക്കുകയും വേണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മറ്റുള്ളവരിലേക്ക് നമ്മുടെ ദൃഷ്ടികൾ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ കൂട്ടിച്ചേർത്തു.വിധിന്യായങ്ങളുടെ പ്രലോഭനങ്ങളെ  അതിജീവിക്കുവാനും, നമ്മിലെ നന്മ തിന്മകളെ തിരിച്ചറിയുവാനും, സത്യസന്ധരാകുവാനും,അയൽക്കാരന്റെ വയലിന്റെ സമൃദ്ധിയിൽ സന്തോഷം കണ്ടെത്തുവാനും എല്ലാവർക്കും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെയുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. 

തുടർന്ന് പാപ്പാ കർത്താവിന്റെ മാലാഖ എന്ന ത്രികാലജപം നയിച്ചു. മധ്യാഹ്ന പ്രാർത്ഥനക്കും ആശീർവാദത്തിനും നിറഞ്ഞ കരഘോഷങ്ങളോടെയും, വീവാ പാപ്പാ എന്ന ആർപ്പുവിളികളോടെയും സമ്മേളിച്ചിരുന്നവർ പ്രതിനന്ദി പ്രകടിപ്പിച്ചു. ഏതാനും നിമിഷങ്ങളിലേക്ക് നീണ്ട ആഹ്ലാദ പ്രകടങ്ങളെ തുടർന്ന്പ്രാർത്ഥനയ്ക്കും,അപ്പസ്തോലിക ആശീർവാദത്തിനും ശേഷം പതിവു  പോലെ ദിവസത്തിന്റെ പ്രത്യേകമായ കാര്യങ്ങളെയും പാപ്പാ അനുസ്മരിച്ചു. 

വളരെ പ്രത്യേകമായി ലോക യുവജന ദിനത്തിന് പുറപ്പെടുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത  പാപ്പാ തുടർന്ന് തന്റെ ഇടതും വലതുമായി നിലയുറപ്പിച്ച മുത്തശ്ശിയുടെയും, കൊച്ചുമകന്റെയും ജീവിതം ഉദ്ധരിച്ചുകൊണ്ട്, ഇന്നത്തെ തലമുറയിൽ അവശ്യം വേണ്ടുന്ന ബന്ധങ്ങളുടെ അടിത്തറയെപറ്റി സംസാരിച്ചു. രണ്ടു തലമുറകൾ തമ്മിലുള്ള കൂട്ടുകെട്ട് പ്രോത്സാഹിപ്പിക്കുവാൻ അഖില ലോക വയോജദിനം സാധ്യമാക്കട്ടെയെയും പാപ്പാ ആശംസിച്ചു.

തുടർന്ന് ലോകമെമ്പാടും സംജാതമാകുന്ന അതി കഠിനമായ കാലാവസ്ഥാവ്യതിയാനങ്ങളെ പറ്റിയും പാപ്പാ സംസാരിച്ചു.ഒരു വശത്ത് വിവിധ പ്രദേശങ്ങൾ അസാധാരണമായ താപ തരംഗങ്ങളാൽ ബാധിക്കപ്പെടുകയും വിനാശകരമായ തീപിടുത്തങ്ങൾ ബാധിക്കുകയും ചെയ്യുന്നു; മറുവശത്ത്, പലയിടത്തും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും നടമാടുന്നുവെന്ന യാഥാർഥ്യം പാപ്പാ വെളിപ്പെടുത്തി. ദക്ഷിണ കൊറിയയെ പ്രത്യേകമായി പരാമർശിച്ച പാപ്പാ അതിനാൽ ഇക്കാര്യത്തിൽ ലോകനേതാക്കൾ ഇടപെടണമെന്ന ആവശ്യവും ഉന്നയിച്ചു.

തുടർന്ന്, ആഫ്രിക്കയുടെ വടക്കൻ ഭാഗത്തുള്ള കുടിയേറ്റക്കാർക്കായി തുടരുന്ന നാടകത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കണമെന്നും, തുടർച്ചയായ യുദ്ധഭീകരതയാൽ വിറങ്ങലിച്ചുനിൽക്കുന്ന ഉക്രൈൻ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും  പാപ്പാ പറഞ്ഞു.  

അവസാനം പതിവുപോലെ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നടത്തിയ പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ച ഭക്ഷണം ആശംസിക്കുകയും, വീണ്ടും കാണാമെന്ന ഉറപ്പു നൽകി ജാലകത്തിനു മറവിലേക്ക് മടങ്ങുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2023, 08:53