മോൺ.ലൂയിജി ബെത്താട്സിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇറ്റലിയിലെ ഐവ്രിയ രൂപതയുടെ മുൻ മെത്രാൻ മോൺ.ലൂയിജി ബെത്താട്സിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശം കൈമാറി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് ഐവ്രിയ രൂപതയുടെ മെത്രാൻ മോൺ. എദോവാർദോ ആൽദൊ ചെറോയ്ക്ക് സന്ദേശമയച്ചത്.
തന്റെ മെത്രാൻ ശുശ്രൂഷയുടെ നീണ്ട വർഷങ്ങളിൽ അദ്ദേഹം, താൻ കണ്ടുമുട്ടിയ എല്ലാ ആളുകൾക്കും ചെയ്ത നന്മ നിറഞ്ഞ കാര്യങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, ദരിദ്രരോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രത്യേകമായ അനുകമ്പയും പാപ്പാ സ്മരിച്ചു.
നീതിയുടെയും സമാധാനത്തിന്റെയും പ്രവാചനാത്മക അടയാളമായിരുന്നു മോൺ.ലൂയിജി ബെത്താട്സിയുടെ ജീവിതമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു.സംഭാഷണങ്ങൾക്കും, കണ്ടുമുട്ടലുകൾക്കും ഏറെ പ്രാധാന്യം കൊടുത്തിരുന്ന വ്യക്തിയെന്ന നിലയിൽ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും പാപ്പാ അനുസ്മരിച്ചു.
മോൺ.ലൂയിജി ബെത്താട്സിയുടെ നിര്യാണത്തിൽ ദുഃഖാർത്ഥരായിരിക്കുന്ന എല്ലാവർക്കും ദൈവീക സമാധാനം ആശംസിക്കുകയും, അനുശോചനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ഐവ്രിയ രൂപതയുടെ മെത്രാനായിരുന്ന മോൺ.ലൂയിജി ബെത്താട്സി, ബൊളോഞ്ഞാ അതിരൂപതാംഗമായിട്ടാണ് വൈദികവൃത്തി ആരംഭിച്ചത്, തുടർന്ന് അതേ രൂപതയുടെ സഹായ മെത്രാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: