രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
'പ്രതീക്ഷയുടെ തീർത്ഥാടകർ' എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ പുതിയ ഉണർവ് പ്രദാനം ചെയ്യാനുതകും വിധം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കസ്റ്ററിയിൽ 'വിശ്വാസത്തിന്റെ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ' എന്ന പേരിൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പുതുതലമുറയിലെ രക്തസാക്ഷികളുടെ നാമാവലി രൂപീകരിക്കുവാൻ ഫ്രാൻസിസ് പാപ്പാ ഉത്തരവിറക്കി.
തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ ഇന്ന് സഭയിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തുന്ന സാക്ഷികളായ സഹോദരങ്ങളുടെ മാഹാത്മ്യം എടുത്തു കാണിച്ചു. സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്. ക്രിസ്തു പാപത്തെയും മരണത്തെയും തന്റെ ജീവത്യാഗത്താൽ കീഴടക്കിയതിനാൽ നന്മ തിന്മയേക്കാൾ ശക്തമാണെന്ന പ്രത്യാശയുടെ സന്ദേശമാണ് ഓരോ രക്തസാക്ഷിത്വവും നമുക്ക് പ്രദാനം ചെയ്യുന്നത്,പാപ്പാ എടുത്തു പറഞ്ഞു.
ആദ്യനൂറ്റാണ്ടുകളിലേതിനു സമമായി ഇന്നും രക്തസാക്ഷികൾ ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ അവരെ 'ദൈവത്തിന്റെ മഹത്തായ ലക്‌ഷ്യം നേടുന്നതിനുള്ള അജ്ഞാതരായ പടയാളികളാണെന്ന' വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് അടിവരയിട്ടു പറഞ്ഞു. 2000 ലെ മഹാജൂബിലി വർഷം മെയ് ഏഴാം തീയതി റോമിലെ കൊളോസിയത്തിൽ നടന്ന എക്യുമെനിക്കൽ ആഘോഷത്തിൽ രക്തസാക്ഷികളെ അനുസ്മരിച്ചതുപോലെ 2025 ലെ ജൂബിലി വർഷത്തിലും അവരെ പ്രത്യേകമായി സ്മരിക്കുമെന്ന് പാപ്പാ സൂചിപ്പിച്ചു.
കത്തോലിക്കാ സഭയിൽ നിന്ന് മാത്രമല്ല മറ്റു സമൂഹങ്ങളിൽ നിന്നുമുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലി രൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും,യുഗത്തിന്റെ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന നമ്മുടെ കാലഘട്ടത്തിൽ, ക്രിസ്ത്യാനികൾ അപകടാവസ്ഥയിൽ തുടരുന്ന സാഹചര്യങ്ങളിൽ നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്ന സ്നാനത്തിന്റെ ചൈതന്യം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: