പാപ്പാ യുവജനത്തോടൊപ്പം. പാപ്പാ യുവജനത്തോടൊപ്പം.  (AFP or licensors)

“ക്രിസ്തു ജീവിക്കുന്നു” : സിനഡിന്റെ അന്തിമരേഖയിലെ നിർദ്ദേശങ്ങൾ

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 208ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

208. സമകാലീന യുവജന സംസ്കാരവുമായി സംഭാഷണത്തിൽ ഏർപ്പെടാൻ കഴിയാത്തതു കൊണ്ട് ഫലപ്രദമല്ലാതായിത്തീർന്ന സമീപനങ്ങളിൽ നിന്ന് സ്വതന്ത്രമായി യുവജന ശുശ്രുഷയെ  നവീകരിക്കുന്നതിനെ സംബന്ധിച്ചു വസ്തു നിഷ്ഠമായ അനേകം നിർദ്ദേശങ്ങൾ സിനഡിൽ ഉണ്ടായി. സ്വാഭാവികമായി അവയെല്ലാം കുറിക്കാൻ എനിക്കിവിടെ സാധിക്കുകയില്ല. സിനഡിന്റെ അവസാന പ്രമാണരേഖയിൽ കുറെ നിർദ്ദേശങ്ങൾ കാണാം.  (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജനങ്ങൾക്കായുള്ള പ്രേഷിത ദൗത്യത്തിന്റെ നവീകരണത്തിന്  ആവശ്യമായ പല നിർദ്ദേശങ്ങൾ സിനഡിൽ ഉരുത്തിരിഞ്ഞുവെന്ന് ഫ്രാൻസിസ് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. എന്നാൽ അവയൊന്നും എടുത്തു പറയാതെ സിനഡിന്റെ അന്തിമ രേഖയിൽ അവ കാണാൻ കഴിയും എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ ഈ ഭാഗം അവസാനിപ്പിക്കുന്നത്. സിനഡിന്റെ അവസാനത്തിൽ പ്രസിദ്ധീകരിച്ച രേഖയിലൂടെ ഒന്ന് കടന്നു പോകുന്നത് ഈ അവസരത്തിൽ ഉചിതമായിരിക്കും എന്നു തോന്നുന്നു. ഒരു ആകാംക്ഷയ്ക്കു വേണ്ടിയെങ്കിലും സിനഡിൽ ഉയർന്നു വന്ന ചിന്തകളെ നമുക്കൊന്നു പരിശോധിക്കാം.

യുവജനങ്ങൾക്കായുള്ള സഭയുടെ പ്രേഷിത പ്രവർത്തനത്തിന് മാതൃകയായി സിനഡ് തിരഞ്ഞെടുത്ത ഭാഗം ലൂക്കായുടെ സുവിശേഷത്തിൽ വിവരിക്കുന്ന എമ്മാവൂസിലേക്കുള്ള ശിഷ്യരുടെ യാത്രയാണ്. ആ ശിഷ്യരോടുള്ള യേശുവിന്റെ സമീപനമാണ് ഏറ്റം ഉൽകൃഷ്ടമായ യുവജന പ്രേഷിതത്വത്തിന് ആധാരം എന്നാണ് സിനഡൽ രേഖ ചൂണ്ടിക്കാണിക്കുന്നത്.

എമ്മാവൂസ് യാത്ര

സമീപകാല സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്തു നീങ്ങുന്ന രണ്ടു പേർ. മുഴുവൻ പ്രതീക്ഷയുമർപ്പിച്ച് മൂന്ന് കൊല്ലത്തോളം കൂടെ നടന്ന ഒരാളുടെ അവസാനം കണ്ട നിരാശയായിരുന്നു അവരുടെ യാത്രയുടെ പിന്നിൽ. ദൈവത്തിന്റെ ആലയമിരുന്ന ജറുസലേമിൽ നിന്ന് ദൈവപുത്രനെന്നു വിശ്വസിച്ചവന്റെ നീചമായ അന്ത്യം കണ്ട അവരുടെ തിരിച്ചു പോക്കായിരുന്നു അത്. സ്വന്തം കണ്ണുകൊണ്ട് കാണുകയും, കരം കൊണ്ട് സ്പർശിക്കുകയും അനുഭവിച്ചറിയുകയും ചെയ്ത ദൈവാനുഭവത്തിന് നിരാശാജനകമായ ഒരന്ത്യം കുരിശിൽ കണ്ട അവർ അവരുടെ സംഭ്രമം പരസ്പരം ചർച്ച ചെയ്യുകയായിരുന്നു. യേശു അവരോടൊപ്പം ഒരപരിചിതനെപ്പോലെ ചേർന്നു നടക്കുന്നു.

കൂടെ നടക്കുന്ന യേശു

യേശു അവരുടെ കൂടെ നടക്കുകയാണ്. അവർ ചർച്ച ചെയ്യുന്നത് കേൾക്കുന്നു. സംഭവങ്ങളുടെ അർത്ഥം ഗ്രഹിക്കാനാവാതെ അവർ കുഴയുന്നത് തിരിച്ചറിയുന്നു. അവരുടെ വീക്ഷണങ്ങളെ കൂടുതൽ ആഴത്തിലേക്ക് കടത്തിവിടാൻ യേശു അവരുമായി സംവാദിക്കുന്നു,ചോദ്യങ്ങൾ ആരായുന്നു. അവരെ ശ്രവിച്ച ശേഷം കർത്താവ് അവർ കണ്ട സംഭവങ്ങളെ  ദൈവവചനങ്ങളുടെ സഹായത്തോടെ ഒരു പുതിയ വെളിച്ചത്തിൽ കാണുവാൻ അവരുടെ കണ്ണുകൾ തുറന്നു കൊടുക്കുന്നു. ഈ പ്രക്രിയ വളരെ സാവധാനമുള്ളതും എന്നാൽ വളരെ ദൃഢവുമായിരുന്നു. കർത്താവ് അവരുടെ താമസസ്ഥലത്ത് ചെല്ലുകയും അവരോടൊത്ത് താമസിക്കുകയും ജീവന്റെ അപ്പം പങ്കുവയ്ക്കുകയും ചെയ്യുന്നു. സത്യത്തിൽ ആ ദിവ്യബലിയിലൂടെ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കണ്ണുകൾ അത്യന്തമായി തുറക്കുന്നതാണ് നാം കാണുക. ജ്വലിക്കുന്ന ഹൃദയത്തോടെ അവർ വീണ്ടും ജരൂസലേമിലേക്ക്, കർത്താവിന്റെ സമൂഹത്തിലേക്ക് തിരിച്ചെത്തുന്നു.

സിനഡിന്റെ അന്തിമരേഖയിലെ നിർദ്ദേശങ്ങൾ

ശ്രവിക്കുന്ന സഭ

യുവജനങ്ങളെ ശ്രവിക്കുന്ന സഭാ സാഹചര്യം ഉണ്ടാകണമെന്നാണ് സിനഡ് ഏറ്റവും ആദ്യം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. സഭയുടെ ആഗോളതല വൈവിധ്യം, രാജ്യങ്ങളും സംസ്കാരങ്ങളും സ്ത്രീ പുരുഷ വ്യത്യാസങ്ങളും എല്ലാം മുന്നിൽ കണ്ടു വേണം ഇക്കാര്യം ചെയ്യേണ്ടതെന്ന് പറയുന്ന സിനഡ്  ഇന്നുകളുടെ പുതുമകളും മുന്നിൽ വയ്ക്കുന്നു. ഡിജിറ്റൽ അന്തരീക്ഷം, അതിന്റെ സാധ്യതകളും ബുദ്ധിമുട്ടുകളും, കുടിയേറ്റം, ചൂഷണം തുടങ്ങിയ തലങ്ങളിലും സഭയുടെ ശ്രവണത്തിന് പ്രാധാന്യമുണ്ടെന്ന് അടിവരയിടുന്നു. പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന പുത്തൻ ആശയങ്ങളിൽ നിന്ന് കുടുംബം എന്ന യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വേണം യുവജന പ്രേഷിത ദൗത്യത്തിന് സഭ പുതിയ വഴികൾ തേടേണ്ടതെന്ന് സിനസ് ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ കാലത്ത് യുവജനം അവരുടെ സ്വത്വം കണ്ടെത്തുന്ന എല്ലാ തലങ്ങളും ശ്രവിക്കാൻ സഭ യുവജന പ്രേഷിതത്വത്തിന്റെ നവീകരണ പ്രക്രിയയിൽ  ശ്രമിക്കണമെന്ന് പ്രത്യേകം സിനഡ് നിർദ്ദേശിക്കുന്നു.

യേശുവുമായുള്ള കണ്ടുമുട്ടൽ

കൗമാരം ജീവിതത്തിന്റെ ഒരു ഘട്ടമാണ്. അത് പക്വതയാർന്ന തീരുമാനമെടുക്കുന്നതിലേക്ക് നയിക്കേണ്ട തിരഞ്ഞെടുപ്പുകളുടെ സമയമാണത്. അതിനാൽ പലപ്പോഴും യുവജനങ്ങളോടു ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നത് അവർക്കുള്ള ദൗത്യത്തിന്റെ ചക്രവാള പശ്ചാത്തലത്തിൽ  ജീവിതത്തെ വീക്ഷിക്കാനാണ്. യുവജന പ്രേഷിത സമീപനം യുവജനങ്ങളിൽ കാണുന്ന അഭിനവത്വവും, സാമൂഹിക പരിസരങ്ങളിൽ അവരുടെ ഇടപെടലുകൾക്കുള്ള പ്രതിബദ്ധതയും, അവർക്ക് കലയോടും സംഗീതത്തോടും കായിക വിനോദങ്ങളോടുമുള്ള അഭിനിവേശവും കണക്കിലെടുക്കണമെന്നും ഇന്നത്തെ കാലത്തെ വിവിധമത വൈവിധ്യങ്ങളെയും അവരുടെ ആത്മീയ അന്വേഷണങ്ങളെയും പരിഗണിക്കണമെന്നും സിനഡിൽ ചർച്ചകൾ ഉയർന്നു. അങ്ങനെ യേശുവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കുള്ള വഴികൾ കണ്ടെത്താനും സജീവമായ ആരാധനക്രമങ്ങൾക്ക് സംവിധാനങ്ങൾ ഒരുക്കുന്നവയാവണം യുവജന പ്രേഷിതത്വമെന്നും സിനഡ് നിരീക്ഷിക്കുന്നുണ്ട്.

സജീവ പങ്കാളിത്തം

പല യുവാക്കളും സഭയിലും സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാനാഗ്രഹിക്കുന്നവരാണ്. അവരുടെ താലന്തുകളും, കഴിവുകളും, സർഗ്ഗവൈഭവവും ഉപയോഗിക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും സന്നദ്ധത കാട്ടുന്നവരാണ് - പുതിയ വഴികൾ കണ്ടെത്താനും സഭയുടെ രീതികളുടെ പോരായ്മകൾ നികത്താനും അവരെ കൊണ്ടാവും. അതിനാൽ അവരെ ഉൾക്കൊള്ളിച്ചും ഉപയോഗപ്പെടുത്തിയുമുള്ള ഒരു പ്രേഷിത പ്രവർത്തന രീതി ഫലപ്രദമാകും എന്നു മാത്രമല്ല സഭയിലേക്ക് യുവത്വം കടന്നു വരികയും ചെയ്യും എന്ന് സിനഡ് വിശ്വസിക്കുന്നത് നമുക്ക് രേഖയിൽ ശ്വസിക്കാനാവും.

യുവതീയുവാക്കൾ സഭയിൽ നിന്നകന്നു പോകാനും അകലം പാലിക്കാനുമുള്ള കാരണങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് സിനഡിന്റെ അന്തിമ രേഖയിൽ. അവരുടെ ജീവിതത്തിൽ ഒരർത്ഥമില്ലാത്ത, ശല്യമാകുന്ന യാഥാർത്ഥ്യമാണ് സഭ എന്ന അഭിപ്രായക്കാരുണ്ട്. മിക്കവാറും ഇത് ഒരു എടുത്തു ചാടിയുള്ള അഭിപ്രായമാകാം എന്നു തള്ളിക്കളയാതെ തന്നെ ഇങ്ങനെയുള്ള അഭിപ്രായത്തിന് എന്തെങ്കിലും ഗൗരവപരമായ, മാനിക്കേണ്ടതായ കാരണങ്ങൾ ഉണ്ടോ എന്ന് ഒരു ആത്മപരിശോധനയ്ക്ക്  സിനഡ് ആഹ്വാനം ചെയ്യുന്നുണ്ട്. യുവജനങ്ങളുടെ സംവേദനക്ഷമതയെ പരിഗണിക്കാതെ ശരിയായ ഒരുക്കമില്ലാത്ത  വൈദീകർ, ക്രൈസ്തവ സമൂഹത്തിൽ യുവജനങ്ങൾക്ക് ഒട്ടും പങ്കില്ലാത്ത അവസ്ഥ, ആധുനിക സമൂഹത്തോടു സഭയുടെ സത്യങ്ങളെ അവതരിപ്പിക്കാൻ പ്രയാസപ്പെടുന്നതും തുടങ്ങി പലതും യുവജനങ്ങളുടെ അകൽച്ചയ്ക്ക് കാരണമാണ് എന്ന് സിനഡിന്റെ രേഖ അടയാളപ്പെടുത്തുന്നു.

യുവജന പ്രേഷിതത്വവും വിളിയും

എല്ലാ ജീവനും ഒരു വിളിയാണ് എന്ന വി. പോൾ ആറാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് സൃഷ്ടിയിൽ തന്നെ സ്രഷ്ടാവ് ഓരോത്തർക്കും നൽകുന്ന വിളി അനുസരിക്കാൻ സഹായിക്കുന്ന ഒരു ലക്ഷ്യബോധം യുവജന പ്രേഷിതത്വം പ്രദാനം ചെയ്യണമെന്ന് സിനഡിന്റെ രേഖ അടിവരയിടുന്നു. മനുഷ്യ ജീവിതം ആ "വിളി" യുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുമ്പോൾ യുവജനങ്ങളുടെ സമഗ്രമായ വളർച്ചയ്ക്ക് വേണ്ട വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും അവർക്കായുള്ള പ്രേഷിത ദൗത്യത്തിൽ ഉൾപ്പെടുത്തേണ്ടി വരും. യേശുവിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ജീവിതങ്ങൾ യേശുവിനെ പോലെ ജീവിക്കാൻ പരിശ്രമിക്കും. ഇവിടെയാണ് വിശുദ്ധിയിലേക്കുള്ള വിളിയുടെ അടിസ്ഥാനം മാമോദീസ യാണെന്ന് നാം മനസ്സിലാക്കേണ്ടത്. അതിനാൽ സഭയുടെ ദൗത്യത്തിൽ നിന്ന് ഒരിക്കലും മാമോദീസാ സ്വീകരിച്ച ഒരാൾക്കും മാറിനിൽക്കാനാവില്ല. ജീവിതത്തെ ഒരു വിളിയുടെ ചക്രവാളത്തിൽ വേണം കണ്ടെത്തത്താൻ. ഇതിൽ കുടുംബവും, സമർപ്പിത ജീവിതവും, പൗരോഹിത്യവും എല്ലാം ഉൾപ്പെടുന്നു എന്നും രേഖ എടുത്തു പറയുന്നു.

കൂടെ നടക്കുന്ന സഭ

യുവജനങ്ങളോടൊപ്പം  അവരുടെ കൂടെ സഞ്ചരിക്കേണ്ടതാണ് സഭയുടെ ദൗത്യം എന്ന് എമ്മാവൂസ് സംഭവം വിവരിച്ചുകൊണ്ട് യുവജനങ്ങൾക്കായുള്ള പ്രേഷിത ദൗത്യത്തിന്റെ മാതൃക വരച്ചുകാട്ടുന്ന സിനഡ്, അവരുടെ തിരഞ്ഞെടുപ്പുകളിൽ ശരിയായവ തിരഞ്ഞെടുക്കാൻ നല്ല അടിസ്ഥാനം പാകേണ്ട വഴിയായി വേണം യുവജന പ്രേഷിത ദൗത്യം രൂപപ്പെടുത്തേണ്ടത് എന്നും നിഷ്കർഷിക്കുന്നു. ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുപ്പുകൾ നടത്താൻ യുവാക്കളെ പ്രാപ്തരാക്കണം. ഒരുമിച്ചുള്ള യാത്ര അവരുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ ഉപകരിക്കും. സഹയാത്രികരാകുന്നത് അപ്പം മുറിക്കലിലേക്ക് കൊണ്ടു ചെന്നെത്തിക്കും. Accompany എന്ന പദത്തിൽ cum pane എന്ന പദം ഒളിഞ്ഞിരിക്കുന്നു. അപ്പത്തോടൊപ്പം എന്നതിലുള്ള എല്ലാ മാനുഷിക, കൗദാശിക അർത്ഥവ്യാപ്തികളും എടുത്തു കൊണ്ട് ഒരു സഹയാത്രികൻ കൂടെ പോരുന്നവന്റെ യാത്രയിൽ അവനെ പിന്തുണയ്ക്കുന്ന എല്ലാ വശങ്ങളിലേക്കും അത് വിരൽ ചൂണ്ടുകയാണ് സിനഡ്.

വിവേചനത്തിന്റെ അടിസ്ഥാന പരിസരം

യുവജന പ്രേഷിത ദൗത്യം യുവജനങ്ങളെ തങ്ങളുടെ തിരഞ്ഞെടുപ്പുകൾ വിവേചിച്ച് തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കാൻ പഠിപ്പിക്കുന്ന ഒന്നാവണം. അതാണ് സഭയുടെ ആദ്ധ്യാത്മിക പൈതൃകവും, ദൈവവചനവും കേന്ദ്രസ്ഥാനത്തുണ്ടാവണം എന്നും സിനഡൽ രേഖയിൽ നൽകുന്ന നിർദ്ദേശങ്ങളിൽ നമുക്ക് കണ്ടത്താനാവും. പാപ്പാ പുതിയ നിർദ്ദേശങ്ങളൊന്നും ഈ ഖണ്ഡികയിൽ മുന്നോട്ടുവയ്ക്കുന്നില്ല എന്നതിനു കാരണവും യുവജന പ്രേഷിതത്വത്തെ സംബന്ധിക്കുന്ന വളരെ കൃത്യമായ നിർദ്ദേശങ്ങൾ സിനഡിന്റെ അന്തിമ രേഖയിൽ അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്.

യുവജനങ്ങളുടെ സമഗ്രത

യുവജനങ്ങളുടെ സമഗ്രമായ  വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ആധുനിക സാഹചര്യങ്ങൾ മുഴുവൻ പരിഗണിച്ചും കൊണ്ട് അവരെ പക്വതയാർന്ന ഒരു മിഷനറി ശിഷ്യത്വത്തിലേക്ക് രൂപപ്പെടുത്തുക എന്നതാണ് സിനഡിൽ ഉയർന്നു കേട്ട സ്വരം. അതിനായി യുവജനത്തിന്റെ പ്രേഷിത ദൗത്യത്തിൽ ഏർപ്പെടുന്നവരുടെ രൂപീകരണവും ഒരുക്കവും, യുവജനങ്ങളുടെ  വിവേചനപ്രക്രിയയിൽ അവരെ അനുയാത്ര ചെയ്യേണ്ട ആവശ്യകതകളും ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാൻ അവരെ ഒരുക്കേണ്ടതും പ്രത്യേകം എടുത്തു പറയുന്നുണ്ട്.

സിനഡൽ ചൈതന്യം

യുവജന പ്രേഷിതത്വത്തിൽ സഭയുടെ  ആത്മാവ് സിനഡൽ രീതിക്ക് പ്രാധാന്യം നൽകേണ്ട കാര്യവും യുവജന സിനഡിന്റെ രേഖയിൽ തെളിഞ്ഞു വരുന്നുണ്ട്. എല്ലാവർക്കും പങ്കാളിത്തമുള്ള എല്ലാവരേയും ഉൾക്കൊള്ളുന്ന ആത്മീയതയിൽ തലമുറകളുടേയും ചിന്തകളുടേയും ഒരു കാതോലികതയാണ് ക്രിസ്തുവിന്റെ സഭ. അതിന് യുവത്വം പകരുന്നത് ഇവയെല്ലാം ഉൾക്കൊള്ളാൻ സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് ചെവിയോർക്കുമ്പോഴാണ്. ഒരു സിംഫണി പോലെ പല സംഗീതോപകരണങ്ങളും മനുഷ്യ ശബ്ദങ്ങളുടേയും സ്വരങ്ങളുടെയും മേളലയമാണ് അത്.  വൈവിധ്യങ്ങളുടെ ഏകീകരണമല്ല സമന്വയനമാണ് സഭയുടെ യുവത്വം നിലനിർത്തുക. യുവജനത്തെ മുൻനിരയിൽ എത്തിക്കേണ്ടത് ഒരു അലങ്കാരത്തിനായല്ല  അവർ സഭയുടെ സമഗ്രതയുടെ ഭാഗമായതിനാലാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഫ്രാൻസിസ് പാപ്പാ യുവജന സിനഡിലൂടെയും ക്രിസ്തുസ് വീവിത്തിലൂടെയും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2023, 12:22