തിരയുക

ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു   (Vatican Media)

അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക; ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്ര: പാപ്പാ

ജൂലൈ മാസം മുപ്പതാം തീയതി ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകിയ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിൻെറ സംഗ്രഹം

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

ഇറ്റലിയിൽ വേനൽക്കാല ചൂടിന്റെ മൂർദ്ധന്യതയിൽ ദിനങ്ങൾ കടന്നുപോകുമ്പോൾ  ഇതാ മറ്റൊരു ഞായറാഴ്ച കൂടി നമ്മുടെ ശ്രദ്ധയെ വത്തിക്കാന്റെ ചരിത്രമുറങ്ങുന്ന ചത്വരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പരിശുദ്ധ ദിനമായ ഞായറാഴ്ച്ച ക്രൈസ്തവർ ദിവ്യബലിക്കായി ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്ന മനോഹരമായ കാഴ്ച നിരവധിയാളുകളുടെ മനസ്സിൽ സന്തോഷത്തിന്റെയും, ഉത്തേജനത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയുമൊക്കെ വിത്തു പാകിയ ചരിത്രം സത്യമായി ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്നതുപോലെ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറെ  പ്രധാനപ്പെട്ട മറ്റൊരു ഞായാറാഴ്ച ആഘോഷമാണ് പരിശുദ്ധ പിതാവ് ഓരോ  ഞായറാഴ്ചകളിലും പ്രാദേശിക സമയം കൃത്യം പന്ത്രണ്ടു മണിക്ക്  വത്തിക്കാൻ ചത്വരത്തിൽ നടത്തുന്ന മധ്യാഹ്ന പ്രാർത്ഥനയും, സുവിശേഷ സന്ദേശവും, ആശീർവാദവും. ചത്വരത്തിൽ ശാരീരികമായ സാന്നിധ്യം നൽകുവാൻ വളരെ കുറച്ചുപേർക്ക് മാത്രമാണ് സാധിക്കുന്നതെങ്കിൽ പോലും ലോകത്തിന്റെ പലകോണുകളിൽ നിന്നും ദൃശ്യ,ശ്രവണ മാധ്യമങ്ങളുടെ സഹായത്തോടെ ലക്ഷക്കണക്കിന് ആളുകളാണ് പാപ്പായുടെ വാക്കുകൾ ശ്രവിക്കുവാനും, അദ്ദേഹത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളുവാനും ഞായറാഴ്ചയിലെ മധ്യാഹ്നസമയം മാറ്റിവയ്ക്കുന്നത്.

പാപ്പായുടെ വരവിനു മണിക്കൂറുകൾക്കു മുൻപേ ചത്വരത്തിൽ സ്ഥാനം പിടിച്ച വിശ്വാസികളുടെ ദൃഷ്ടികൾ ഇമവെട്ടാതെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് പതിയത്തക്കവണ്ണം ഊട്ടിയുറപ്പിച്ചതും ഇന്നും, ജീവിക്കുന്ന ക്രിസ്തുവിന്റെ സഭയോടുള്ള സ്നേഹം വെളിവാക്കുന്നതായിരുന്നു.

പതിവ് പോലെ ജൂലൈ മാസം  മുപ്പതാം  തീയതി ഞായറാഴ്ച പാപ്പാ വിശ്വാസികളോടൊപ്പം  മധ്യാഹ്ന പ്രാർത്ഥന ചൊല്ലുന്നതിനുവേണ്ടി പന്ത്രണ്ടു മണിക്ക് മുഴങ്ങിയ മണി നാദത്തിന്റെ അകമ്പടിയോടു കൂടി അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനലിനരികിൽ പ്രത്യക്ഷനായി. ജാലകച്ചില്ലുകൾ തുറന്ന മാത്രയിൽ ഏറെ സമയം വെയിലിന്റെ കാഠിന്യത്തിൽ തളർച്ചയിലായിരുന്ന വിശ്വാസികൾ, തങ്ങളുടെ എല്ലാ ക്ഷീണവും മറന്നു കൊണ്ട്  തങ്ങൾ കാത്തിരുന്ന ക്രിസ്തുവിന്റെ വികാരിയായ പാപ്പായെ ഹർഷാരവങ്ങളുടെയും, പ്രാർത്ഥനാമന്ത്രണങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.

പതിനായിരക്കണക്കിന് വിശ്വാസികളുടെയും,തീർത്ഥാടകരുടെയും,സന്ദർശകരുടെയും, കരഘോഷം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെ, ക്രിസ്തുവിന്റെ വികാരിയും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ പാപ്പായെ വരവേൽക്കുന്നതിൽ, ആഹ്ളാദവും, ചാരിതാർഥ്യവും നിറഞ്ഞ ആനന്ദമായി പ്രകമ്പനം കൊള്ളിച്ചു.

പ്രിയ സഹോദരീ സഹോദരന്മാരെ, സുപ്രഭാതം എന്ന തന്റെ പതിവ് അഭിവാദ്യത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ ലത്തീൻ ആരാധനക്രമം ആണ്ടുവട്ടക്കാലം പതിനേഴാം ഞായറാഴ്ച വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ ആധാരമാക്കി സന്ദേശം നൽകി. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം നാല്പത്തിനാലുമുതൽ അൻപത്തിരണ്ടു വരെയുള്ള തിരുവചനങ്ങളായിരുന്നു ആരാധനാക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഉപമകളിലൂന്നിയ യേശുവിന്റെ വാക്കുകളാണ് സുവിശേഷഭാഗത്തിന്റെ ഇതിവൃത്തം. സുവിശേഷ ഭാഗം, അന്ത്യവിധിയെക്കുറിച്ചും എപ്രകാരം അതിനായി ആത്മീയമായ ഒരുക്കം നടത്തണമെന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു.

തന്റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ഉപമയുടെ ആദ്യഭാഗം വിശദീകരിച്ചുകൊണ്ട് എപ്രകാരം ആത്മാവിനാൽ നവീകരിക്കപ്പെട്ട് യേശുവിനെ കണ്ടെത്തുവാൻ നമുക്ക് സാധിക്കണമെന്ന് കാണിച്ചു തരുന്നു.വ്യത്യസ്തവും എന്നാൽ പരസ്പരം ബന്ധപെട്ടു കിടക്കുന്നതുമായ ഒരു വ്യാപാരിയുടെ മൂന്നു ഭാവങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സുവിശേഷഭാഗ വിവരണം നൽകിയത്. വിലയേറിയ ഒരു മുത്ത് കണ്ടെത്തുന്ന ഒരു വ്യാപാരി തുടർന്ന് തനിക്കുള്ളതെല്ലാം വിറ്റ്, അതു കരസ്ഥമാക്കുവാൻ യത്നിക്കുമ്പോൾ, അവൻ ചെയ്യുന്ന മൂന്നു പ്രവൃത്തികളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു: അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക.

തുടർന്ന് ഈ മൂന്നു പ്രവൃത്തികളെ പറ്റി പാപ്പാ വിശദീകരണം നൽകി.

അന്വേഷിക്കുക

അന്വേഷിക്കുക എന്ന ആദ്യ ഭാവം നമ്മിൽ ഉണർത്തേണ്ടത് ചലനാത്മകതയുടെ ആവശ്യകതയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. തനിക്കുള്ളത് കൊണ്ട് മാത്രം തൃപ്തിപ്പെട്ടുകൊള്ളാം  എന്ന് പറഞ്ഞുകൊണ്ട് മടിയനായ ജീവിതം കഴിച്ചു കൂട്ടുന്ന ഒരു വ്യാപാരിയെയല്ല യേശു നമുക്ക് കാണിച്ചുതരുന്നത് മറിച്ച് ദിനചര്യകളുടെ ചട്ടക്കൂടുകളിൽ മാത്രം തളച്ചിടപ്പെടാതെ കൂടുതൽ മനോഹരവും, തന്റെ ജീവിതത്തെ സ്വാധീനിക്കുന്നതുമായ കാര്യങ്ങളെ  അന്വേഷിച്ചുകൊണ്ട് മുൻപോട്ടു പോകുവാനുള്ള തീരുമാനമെടുക്കുന്ന ഒരു വ്യക്തിയെയാണ്.ഇതിനെ ക്രിസ്തുവിലുള്ള നവീകരണമെന്നും, ആത്മാവിന്റെ നവീകരണമെന്നുമൊക്കെ വിളിക്കാമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.ഈ മനോഭാവം നമ്മുടെ ആത്യന്തിക സ്വഭാവമാകണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കണ്ടെത്തുക

തുടർന്ന് വ്യാപാരിയുടെ രണ്ടാമത്തെ ഭാവമായ 'കണ്ടെത്തുക' എന്ന പ്രവർത്തനത്തെപ്പറ്റി പാപ്പാ  വിശദീകരിച്ചു. പലതരം വിലപിടിപ്പുള്ള വസ്തുക്കൾക്കിടയിൽനിന്നും ഏറ്റവും മൂല്യമേറിയ മുത്ത് കണ്ടെത്തുവാനുള്ള വ്യാപാരിയുടെ കഴിവിനെ അവന്റെ വ്യതിരിക്തതയായി പാപ്പാ അവതരിപ്പിച്ചു. അനുദിന ജീവിതത്തിൽ ഇപ്രകാരം പല കാര്യങ്ങളും കണ്ടെത്തുവാനുള്ള നമ്മുടെ ത്വര സ്വാഭാവികമാണെന്നും, അതിൽ ശ്രദ്ധയോടെയുള്ള അന്വേഷണം നമ്മെ അമൂല്യമായവയിലേക്ക് നയിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.അതിനാൽ വിവേചിച്ചറിയാനുള്ള കഴിവാണ് അന്വേഷണത്തിന്റെ അടിസ്ഥാനം.നമ്മുടെ ഭവനങ്ങളിലും, വഴിവക്കിലും, തൊഴിലിടങ്ങളിലും, അവധിക്കാലം ചിലവഴിക്കുന്ന സ്ഥലങ്ങളിലുമൊക്കെ ഇപ്രകാരം പ്രാധാന്യമുള്ളതിനെ കണ്ടെത്തുവാനും അവയെ തിരിച്ചറിയുവാനുമുള്ള പരിശീലനം ആവശ്യമാണ്. ഇപ്രകാരം മൂല്യമായവയെ അന്വേഷിക്കുമ്പോൾ നിസാര കാര്യങ്ങൾക്കുവേണ്ടി ആവശ്യമില്ലാതെ നമ്മുടെ സമയവും സ്വാതന്ത്ര്യവും നഷ്ടപെടുത്തുവാൻ ഇടയാവുകയില്ലയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്വന്തമാക്കുക

അവസാനമായി വ്യാപാരിയുടെ അവസാന പ്രവൃത്തിയായ 'സ്വന്തമാക്കലിനെ' പറ്റിയും പാപ്പാ വിശദീകരിച്ചു. ഒരു കാര്യത്തിന്റെ മൂല്യം വിവേചിച്ചറിഞ്ഞു കൊണ്ട് അവയെ സ്വന്തമാക്കുവാൻ ഒരാൾ ആഗ്രഹിക്കുമ്പോൾ, അവൻ അഭ്യസിക്കുന്ന ത്യാഗത്തിന്റെ ജീവിതം ഏറെ പ്രാധാന്യമുള്ളതാണ്.എന്നും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത, നമ്മുടെ ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയുടെയും അടിസ്ഥാനഘടകമായ ഈ വിലയേറിയ മുത്ത് എന്താണെന്നും പാപ്പാ പറഞ്ഞു.അത് ക്രിസ്തുവാണ്.ആയതിനാൽ കർത്താവിനെ അന്വേഷിക്കുവാനും, കണ്ടെത്തുവാനും, സ്വന്തമാക്കുവാനുമുള്ള വലിയ വിളിയാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നല്കുന്നതെന്നുള്ള വലിയ തിരിച്ചറിവിലേക്ക് നാം വളരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ ജീവിതത്തെ സമൂലം മാനസാന്തരപ്പെടുത്തുവാൻ ക്രിസ്തുവുമായുള്ള ഈ കണ്ടുമുട്ടലിനു സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഒരിക്കൽക്കൂടി ഈ മൂന്നു ഭാവങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ച പാപ്പാ, ആത്മവിചിന്തത്തിനായി ചില ചോദ്യങ്ങളും അവതരിപ്പിച്ചു.എന്റെ ജീവിതത്തിൽ ഇപ്രകാരം തിരയുവാനും, കണ്ടെത്തുവാനും, സ്വന്തമാക്കുവാനും അതുവഴി ആശ്വാസം കണ്ടെത്തുവാനും സാധിക്കുന്നുണ്ടോ?അതോ ആത്മീയമായി ഒരു റിട്ടയർമെന്റ് ജീവിതത്തിലാണോ ഞാൻ ഇപ്പോൾ?നന്മയുടെ നിറകുടമായ ദൈവത്തെ വിവേചിച്ചറിയുവാനും, ആവശ്യമില്ലാത്തവയെ ത്യജിക്കുവാനും എനിക്ക് സാധിക്കുന്നുണ്ടോ? എന്നെ തന്നെ അവനുവേണ്ടി വിട്ടുകൊടുക്കുവാൻ എനിക്ക് കഴിയുന്നുണ്ടോ? അതിനാൽ യേശുവേ നീയാണ് എന്റെ ജീവിതത്തിലെ അമൂല്യമായ സമ്പത്തെന്നും,നീയാണ് എന്റെ ഏറ്റവും വലിയ നന്മയെന്നും ഏറ്റു പറയുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. ഈ ഭാവങ്ങൾ പ്രവൃത്തിയിൽ വരുത്തുവാൻ പരിശുദ്ധ അമ്മയുടെ സഹായവും പാപ്പാ അഭ്യർത്ഥിച്ചു.

തുടർന്ന് കർത്താവിന്റെ മാലാഖ എന്ന മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി പാപ്പാ എല്ലാവരെയും ധന്യരാക്കി.

പ്രാർത്ഥനകൾക്ക് ശേഷം പാപ്പാ വിവിധങ്ങളായ വർത്തമാനകാര്യങ്ങളെ സംബന്ധിച്ച് സന്ദേശം നൽകുകയും, പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തുകയും ചെയ്തു.

ജൂലൈ മാസം മുപ്പതാം തിയതി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്ന രണ്ടു പ്രധാന ദിനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. സൗഹൃദ ദിനവും, മനുഷ്യകടത്തിനെതിരായിട്ടുള്ള ദിനവും. ആദ്യത്തേത് ആളുകളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ രണ്ടാമത്തേത് മനുഷ്യരെ ചരക്കുകളാക്കി തരംതാഴ്ത്തികൊണ്ട് ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുവാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.മനുഷ്യക്കടത്തെന്ന ഈ വലിയ തിന്മയ്‌ക്കെതിരെ പോരാടുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും, അതിനായി പരിശ്രമിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും പാപ്പാ പറഞ്ഞു. തുടർന്ന് ദയനീയമായ ഉക്രൈന്റെ സാഹചര്യങ്ങളിലേക്കും പാപ്പാ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു. ധാന്യം കൊണ്ടുപോകുന്നതിനുള്ള വഴികൾ അടച്ചതിനാൽ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരുടെ നിലവിളി സ്വർഗ്ഗത്തിലേക്ക് ഉയരുന്നുവെന്നും അതിനാൽ റഷ്യൻ ഭരണാധികാരികൾ ഉണരണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

ഓഗസ്റ്റ് നാലിന് മൂന്നു വർഷം പൂർത്തിയാവുന്ന ബെയ്‌റൂട്ട് തുറമുഖ അപകടത്തെയും പാപ്പാ അനുസ്മരിച്ചു.സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന  ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.ലെബനനിലെ പ്രതിസന്ധിയും പാപ്പാ എടുത്തു പറഞ്ഞു.

തുടർന്ന് പോർചുഗലിലെ ലിസ്ബണിൽ നടക്കാൻ പോകുന്ന ആഗോള യുവജന സംഗമത്തെക്കുറിച്ചും,അതിൽ പങ്കെടുക്കുവാൻ തനിക്കുള്ള അതിയായ സന്തോഷവും  പാപ്പാ പങ്കുവച്ചു.എന്റെ യാത്രയിൽ നിങ്ങളുടെ പ്രാർത്ഥനകളോടൊപ്പം എന്നെ അനുഗമിക്കാൻ നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നു പറഞ്ഞ പാപ്പാ 'എഴുന്നേറ്റ് തിടുക്കത്തിൽ പോയി' എന്ന ലൂക്ക സുവിശേഷത്തിലെ വചനത്തെ ആധാരമാക്കിയ  ആഗോള യുവജന സംഗമത്തിന്റെ ആപ്തവാക്യം എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള യുവജനങ്ങൾക്ക് ദൈവത്തെയും, സഹോദരങ്ങളെയും കണ്ടുമുട്ടുന്നതിനുള്ള വലിയ അവസരം സംലഭ്യമാക്കട്ടെയെന്നും എടുത്തു പറഞ്ഞു.

തുടർന്ന് വത്തിക്കാൻ ചത്വരത്തിലേക്ക് കടന്നുവന്ന പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്ക് ഒരു നല്ല  ഞായറാഴ്ച ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതേ എന്ന പതിവ് അഭ്യർത്ഥന നടത്തുകയും ചെയ്തു. എല്ലാവർക്കും  നല്ല ഒരു ഉച്ചഭക്ഷണവും ആശംസിച്ചുകൊണ്ട് വീണ്ടും കാണാം എന്ന ഉറപ്പു നൽകി പാപ്പാ ജാലകത്തിനുള്ളിലേക്ക് വിടവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2023, 12:21