“ക്രിസ്തു ജീവിക്കുന്നു” : യുവജനങ്ങൾ നമ്മെ പുതിയ രീതികളുടെയും ഉപായങ്ങളുടെയും ആവശ്യകത മനസ്സിലാക്കിത്തരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
ഏഴാം അദ്ധ്യായം
ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
204 . പുതിയ ശൈലികളും പുതിയ സമരതന്ത്രങ്ങളും ആവശ്യമാണെന്ന് യുവജനങ്ങൾ നമ്മെ കാണിച്ചുതരുന്നു. ഉദാഹരണമായി ക്രമപ്രകാരമുള്ള സമ്മേളനങ്ങളും നിശ്ചിത സമയ നിഷ്ഠയുമനുസരിച്ചു എല്ലാകാര്യങ്ങളും ശരിയായി പദ്ധതി ചെയ്യുന്നതിനെ സംബന്ധിച്ചു മുതിർന്നവർ മിക്കപ്പോഴും ആകുലപ്പെടുന്നു. അതേസമയം മിക്ക യുവജനങ്ങളും ഇന്ന് ഇത്തരത്തിലുള്ള അജപാലന സമീപനത്തിൽ താത്പര്യം കാണിക്കുന്നില്ല. യുവജന ശുശ്രുഷ കൂടുതൽ വഴക്കമുള്ളതാക്കണം: പഠനത്തിന് വേണ്ടി മാത്രമല്ല, സംഭാഷണത്തിനും, ആഘോഷത്തിനും, പാട്ടിനും, അനുഭവ സാക്ഷ്യ ശ്രവണത്തിനും സജീവമായ ദൈവവുമായുള്ള കൂട്ടായ കണ്ടുമുട്ടലിന്റെ അനുഭവത്തിനും വേണ്ടിയുമാണ് യുവതീയുവാക്കളെ സംരംഭങ്ങളിലേക്കോ സന്ദർഭങ്ങളിലേക്കോ ക്ഷണിക്കേണ്ടത്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
യുവജന പ്രേഷിതത്വത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ വിവരിച്ച് വിശദീകരിക്കുന്ന ഭാഗത്തിലൂടെയാണ് ഈ ആഴ്ചകളിൽ നമ്മുടെ വിചിന്തനം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ രണ്ടു ഖണ്ഡികകളിൽ യുവജനങ്ങളുടെ നേർക്കുള്ള സഭയുടെ പ്രവർത്തനങ്ങളിൽ ഒരു സിനഡൽ രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. പലപ്പോഴും പരമ്പരാഗതമായി നാം പിൻതുടർന്നു പോന്ന രീതികളിൽ നിന്ന് യുവജനങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള ഒരു സംവിധാനം വരണം എന്ന് പാപ്പാ ആഗ്രഹിക്കുന്നതിന്റെ പിന്നിൽ യുവജനങ്ങളെയും അവരുടെ അവസ്ഥകളെയും സ്വപ്നങ്ങളെയും നിരാശകളെയും കുറിച്ചുള്ള ഒരു പിതാവിനടുത്ത അറിവും അനുഭവവുമാണെന്ന് നമുക്ക് പറയാം.
യുവത്വത്തിന്റെ നൈസർഗികതയിൽ ഉൾക്കൊള്ളുന്ന ഒന്നാണ് അറിവിന്റെ പുത്തൻ വഴികളിലൂടെയുള്ള സഞ്ചാരം. അവിടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കേട്ടറിവുണ്ടെങ്കിൽ കൂടി എന്തു സാഹസവും എടുക്കാനുള്ള ഒരു സ്വാഭാവിക ധൈര്യം യുവാക്കളുടെ പ്രത്യേകതയാണ്. ഇക്കാര്യം മനസ്സിൽ വച്ചു കൊണ്ടാവണം യുവജനങ്ങൾക്കായുള്ള സഭയുടെ പ്രേഷിത ദൗത്യത്തിന്റെ വിന്യാസം.
പലപ്പോഴും അവരുടെ നേരെ സർവ്വവിജ്ഞാനകോശ മന:സ്ഥിതി പുലർത്തുന്നത് ശരിയായ ഒരു ഫലം തരുമെന്ന് തോന്നുന്നില്ല. അവരുമായി ചർച്ച നടത്തി അവരുടെ ആകുലതകളും, നൊമ്പരങ്ങളും തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങൾ എന്തെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു നീക്കമായിരിക്കും യുവജനങ്ങൾക്ക് സഭയിൽ താൽപ്പര്യമുണർത്താനുള്ള മാർഗ്ഗം.
ഇക്കാര്യം മനസ്സിൽ വച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾ നമ്മെ പുതിയ രീതികളുടെയും ഉപായങ്ങളുടെയും ആവശ്യകത മനസ്സിലാക്കിത്തരുന്നു എന്ന് ഓർമ്മിപ്പിക്കുന്നത്. വളരെ ഭംഗിയായി മുതിർന്നവരുടെ മനസ്സും പാപ്പാ വായിക്കുന്നുണ്ട്. തങ്ങളുടെ അനുഭവങ്ങൾ നൽകിയ പക്വതയിൽ മുതിർന്നവർ എല്ലാം വളരെ കൃത്യമായ പദ്ധതികളോടെ നീക്കാനാഗ്രഹിക്കുന്നു. ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ആവശ്യമാണെന്ന് അവർ പറയുക മാത്രമല്ല അങ്ങനെയാകാൻ അവർ മറ്റുള്ളവരെ നിർബന്ധിക്കുക കൂടി ചെയ്യും. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ നേർക്കുള്ള പ്രേഷിത പ്രവർത്തനത്തിൽ അവർ വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയും നിർബന്ധപൂർവ്വം പിൻതുടരാൻ പരിശ്രമിക്കും. ഇത് പലപ്പോഴും യുവജനങ്ങൾക്കു സ്വീകാര്യമാകണമെന്ന് ഒരു ഉറപ്പുമില്ല. ഇത്തരം കടുംപിടുത്തങ്ങളോടു പലപ്പോഴും ഒരു അകലം പാലിക്കുന്ന യുവജന മന:സ്ഥിതി അറിഞ്ഞു കൊണ്ടു വേണം അവരോടു ഇടപഴകാൻ എന്ന് വിശദീകരിക്കേണ്ട ആവശ്യവുമില്ല. അതിനാൽ യുവജന പ്രേഷിത ദൗത്യത്തിൽ ഉണ്ടാകേണ്ട ഒരു പ്രധാന ഗുണം അയവുള്ളവരായിരിക്കുക എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അത് ഒരു തരത്തിൽ യുവജനങ്ങളുടെ മാനസികാവസ്ഥയിലേക്കുള്ള ഒരു ഊഴിയിടലാണ്. അവരുടെയിടയിലെ ഒരാളാവുകയാണ്. അവരോടൊപ്പം അനുയാത്ര ചെയ്യുകയാണ്.
വി. ഡോൺ ബോസ്കോ എന്ന മാന്ത്രികൻ
യുവജന പ്രേഷിതത്വത്തിൽ നമുക്ക് ഉദാഹരണമായി എടുത്തു കാട്ടാവുന്ന ഒരു മഹാ പ്രതിഭയാണ് വി. ഡോൺ ബോസ്കോ. ഒരിക്കൽ (1886 ൽ) മോന്തേപെല്ലിയർ മേജർ സെമിനാരിയുടെ സുപ്പീരിയർ ഡോൺ ബോസ്കോയോടു അദ്ദേഹം യുവജനങ്ങളോടു പിൻതുടരുന്ന രീതിയെന്താണെന്ന് ചോദിച്ചു. ഡോൺ ബോസ്കോയുടെ ഉത്തരം ഇതായിരുന്നു. "എനിക്കുതന്നെ അത് ശരിക്കും അറിഞ്ഞു കൂടാ. കർത്താവ് പ്രചോദിപ്പിക്കുന്നതുപോലെയും സാഹചര്യങ്ങളുടെ ആവശ്യമനുസരിച്ചും ഞാൻ മുന്നോട്ടു പോയി " എന്ന്. സഭയുടെ യുവജന പ്രേഷിത ദൗത്യത്തിൽ വലിയ മാറ്റം വരുത്തിയ ഒരു പ്രസ്ഥാനമായി മാറി ഡോൺ ബോസ്കോയുടെ പ്രവർത്തനങ്ങൾ. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് വിശകലനം ചെയ്തു കൊണ്ട് റമോൺ അന്തോണിയോ അദാന എഴുതിയ ഒരു ലേഖനം കാണാനിടയായി. അതിൽ ലേഖകൻ രേഖപ്പെടുത്തിയ ഡോൺ ബോസ്കോയുടെ പ്രവർത്തന ശൈലിയിലെ ചില ഘടകങ്ങൾ യുവജന പ്രേഷിത പ്രവർത്തനത്തിന് ഏറെ വെളിച്ചം പകരാൻ നമ്മെ സഹായിക്കുന്നവയാണ്. തന്റെ പ്രവർത്തനങ്ങളിൽ ഡോൺ ബോസ്കോ താഴെ പറയുന്ന കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ വച്ചിരുന്നു.
1. കാര്യകാരണങ്ങൾ ( Reason) സഹിതം യുവജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ പ്രധാധ്യം.
നിയമങ്ങളുടേയും രീതികളുടെയും പിന്നിലുള്ള കാര്യകാരണങ്ങൾ യുവാക്കൾ അന്വേഷിക്കാറുണ്ട്. കണ്ണുമടച്ചു പറയുന്നതെല്ലാം വിശ്വസിച്ച് മുന്നോട്ടു പോകുന്നവരല്ല യുവജനങ്ങൾ എന്ന ബോധ്യം അത്യാവശ്യമാണ്. പേടിപ്പിച്ചും അന്ധമായ അനുസരണയിലും വളർത്തിക്കൊണ്ടുവരുവാനുള്ള ഒന്നാവരുത് യുവജന പ്രേഷിതത്വം. അവരോടുള്ള സത്യസന്ധമായ ഒരു ജാഗ്രത പുലർത്താൻ കഴിയണം. ഒരു ചട്ടത്തിനു പിന്നിലുള്ള കാരണം അറിയാൻ കഴിയുമ്പോൾ മാത്രമേ അവർക്ക് പക്വതയാർന്ന ഒരു തെരഞ്ഞെടുപ്പ് നടത്താനാവൂ. അതിനാൽ ഇവിടെ ഒരു സംവാദത്തിന്റെ സംസ്കാരം വളർത്തിയെടുക്കാൻ കഴിയണം. യുവാക്കൾ ഒരിക്കലും നിഷ്ക്രിയരായ ഗുണഭോക്താക്കളാകാൻ ഇഷ്ടപ്പെടുന്നില്ല. അതിനാൽ അവരെക്കൂടി ഉൾക്കൊള്ളിച്ച് പങ്കെടുപ്പിക്കുന്ന ഒരു രീതി സ്വീകരിക്കുകയാവും ഉത്തമം.
2. കുടുംബത്തിലേതുപോലുള്ള സ്നേഹാനുകമ്പ നിറഞ്ഞ ഒരു പരിസരം
ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാൻ നമുക്കു കഴിയണം. പ്രേഷിത പ്രവർത്തകരിൽ വിശ്വസിക്കാനും, അവരുടെ ഉൽകണ്ഠകളിൽ പങ്കുചേരുന്നതറിയാനും, കൂട്ടുത്തരവാദിത്വം മനസ്സിലാക്കാനും കഴിയുന്ന ഒരു പ്രവർത്തനം രൂപീകരിക്കാനും കഴിയണം. ഡോൺ ബോസ്കോ പറയുമായിരുന്നു, '' യുവാക്കൾ സ്നേഹിക്കുന്നതിനെ സ്നേഹിക്കുക, അവർ തിരിച്ച് നിങ്ങൾ സ്നേഹിക്കുന്നതിനെ സ്നേഹിക്കും" എന്ന്. ഇന്ന് എത്ര ഹൈടെക് സാഹചര്യമാണുള്ളതെങ്കിലും ഏറ്റവും കൂടുതൽ മാനിക്കപ്പെടുന്ന ഒരു അധ്യാപക- ശിഷ്യബന്ധം ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. പ്രചോദിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താനും അനുകരിക്കാനും അനുഗമിക്കാനും യുവാക്കൾക്ക് ഒരു ഹരമാണ്.
ഡോൺ ബോസ്കോയോടു സെമിനാരിയുടെ സുപ്പീരിയർ ചോദിച്ച ചോദ്യത്തിനു നൽകിയ ഉത്തരത്തിൽ ഒരു യഥാർത്ഥ യുവജന പ്രേഷിത ദൗത്യത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യം അന്തർലീനമായി കിടപ്പുണ്ട്. യുവജന പ്രേഷിത ദൗത്യത്തിന് നിശ്ചിത രേഖകൾ ഒരിക്കലും സാധ്യമല്ല. കാരണം തയ്യാറാക്കി വരുന്ന പദ്ധതികൾ തകിടം മറിയാനുള്ള സാധ്യതകൾ നിരവധിയാണ്. അവിടെയാണ് ഡോൺ ബോസ്കോയുടെ വാക്കുകളുടെ പ്രസക്തി. "എനിക്കു തന്നെ അത് ശരിക്കും അറിഞ്ഞു കൂടാ. കർത്താവ് പ്രചോദിപ്പിക്കുന്നതുപോലെയും സാഹചര്യങ്ങളുടെ ആവശ്യമനുസരിച്ചും ഞാൻ മുന്നോട്ടു പോയി "
കർത്താവിന്റെ പ്രചോദനങ്ങൾക്കു ചെവികൊടുക്കൽ
എങ്ങനെ മുന്നോട്ടു പോകണം എന്നത് ഒരിക്കലും വ്യക്തിയുടെയോ, പ്രസ്ഥാനത്തിന്റെയോ പദ്ധതിയല്ല. അതിനെക്കുറിച്ച് ഒരു പൂർണ്ണ ധാരണയും ഒരു പക്ഷേ സാധ്യമാവില്ല. എന്നാൽ അവിടെ ഒരു സഹായകനുണ്ട്. അതാണ് കർത്താവിന്റെ സാമിപ്യം. അവന്റെ ആത്മാവിന്റെ പ്രചോദനങ്ങളോടുള്ള തുറവ്. അത് ശ്രവിക്കാൻ യുവജനങ്ങൾക്ക് മുന്നിൽ പ്രേഷിത ദൗത്യത്തിനെത്തുന്നവർ തയ്യാറാവണം.
സാഹചര്യങ്ങളുടെ ആവശ്യങ്ങളെ കണ്ടെത്തൽ
രണ്ടാമത്തേത് സാഹചര്യങ്ങളുടെ ആവശ്യം. പലപ്പോഴും സാഹചര്യങ്ങൾക്ക് അതിന്റെ തായ തനിമയുണ്ടു. ഒരിടത്ത് പ്രയോഗിച്ചു വിജയിച്ചവ സാർവ്വത്രിക വിജയം' കൈവരിക്കുന്ന ഒന്നാകണമെന്നില്ല. അതിനാൽ ഓരോ സാഹചര്യത്തിന്റെ യും പ്രത്യേകതകൾ മനസ്സിലാക്കി തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അയവ് ഈ ദൗത്യമേറ്റെടുക്കുന്നവർക്കുണ്ടാവണം. അതു കൊണ്ടു കൂടിയാണ് ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡികയിൽ യുവാക്കൾ ഇഷ്ടങ്ങൾ കണ്ടത്തുന്ന ഇടങ്ങളെക്കുറിച്ച് എടുത്തു പറയുന്നത്. അവരുമൊത്ത് അദ്ധ്യാപനം മാത്രമല്ല നടക്കേണ്ടത് അവർക്കിഷ്ടമുള്ള സംഭാഷണങ്ങളിലേർപ്പെടുന്നതും, ആഘോഷങ്ങളിലും, സംഗീതത്തിലും, അവരുടെ യഥാർത്ഥ കഥകളുടെ ശ്രദ്ധാപൂർവ്വകമായ ശ്രവണത്തിലും അവരോടൊപ്പം പങ്കു ചേരുന്നതും യുവജന പ്രേഷിതത്വത്തിന്റെ പരിസരവും അവസരവുമാക്കണം എന്ന് അടിവരയിടുന്നുണ്ട്.
വെറും അലങ്കാരമല്ല അവശ്യഘടകം
യുവജന പ്രേഷിത ദൗത്യം ഒരു അനാവശ്യ അലങ്കാരമല്ല. അത് സഭയുടെ ഭാവി നിർണ്ണയിക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഉണർവ്വു പകരുന്ന ഈ ഒരു ദൗത്യത്തിന്റെ ഔന്നത്യം മനസ്സിലാക്കി, ആത്മാവിന്റെ പ്രചോദനങ്ങളെ ശ്രവിക്കാം - ദർശിക്കാം - വിവേചിക്കാം - സഭയുടെ അത്യുന്നത പ്രബോധനങ്ങളിലൂടെയും യുവജനങ്ങളിലൂടെയും, അവരുടെ പരിസരങ്ങളിലൂടെയും.
യുവജനങ്ങൾക്കായുള്ള പ്രേഷിത ദൗത്യത്തിന് മുൻ ഖണ്ഡികയിൽ പാപ്പാ പറഞ്ഞ യുവജന പങ്കാളിത്വം വളരെ അത്യാവശ്യമാണ്. അവയോടൊപ്പം അവരുടെ യുവത്വം നിറഞ്ഞ നൂതന ആവിഷ്കാരങ്ങളും യുവാക്കൾ കാണിച്ചുതരുന്ന പുത്തൻ തന്ത്രങ്ങളും യുവജന പ്രേഷിതത്വത്തെ സമ്പന്നമാക്കും. യുവജനങ്ങളെ ആകർഷിക്കുന്ന അവരുടെ ജീവിത പരിസരങ്ങളെയും പ്രത്യേകിച്ച് സംഗീതം, ആഘോഷങ്ങൾ തുടങ്ങിയവയും പ്രേഷിത പ്രവർത്തനങ്ങളുടെ സംവിധാനങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞാൽ അനേകം യുവജനങ്ങളെ സഭാ മുന്നേറ്റത്തിൽ ഭാഗഭാഗക്കാക്കാൻ കഴിയും എന്നു മാത്രമല്ല നിത്യ യുവാവായ ക്രിസ്തുവിന്റെ മണവാട്ടിയെ യുവത്വം കാത്തു സൂക്ഷിക്കുകയും മുതിർന്നവരെ യുവത്വവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ശക്തി പകരുകയും ചെയ്യും. അങ്ങനെ സഭയുടെ ജീവിതം, അതിന്റെ എല്ലാത്തലങ്ങളും ഉണർവ്വും ഉന്മേഷവും പകരുന്ന യുവത്വം തുളുമ്പുന്ന ഒരാഘോഷമായി മാറും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: