പ്രപഞ്ചത്തിന്റെ അപാരത നമ്മെ വിസ്മയിപ്പിക്കുന്നു: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
വത്തിക്കാൻ വാനനിരീക്ഷണാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വേനൽക്കാല ഗോളോര്‍ജ്ജതന്ത്ര പഠനക്കളരിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ജെയിംസ് വെബ് ടെലെസ്കോപ്പും, വെരാ റൂബിൻ നിരീക്ഷണാലയത്തിന്റെ പ്രവർത്തനങ്ങളും മുതലായ ശാസ്ത്രമേഖലയിലെ നൂതനമായ ഗവേഷണങ്ങളും,കണ്ടുപിടിത്തങ്ങളും പ്രപഞ്ചത്തിന്റെ വിസ്തൃതമായ രഹസ്യങ്ങൾ നമുക്ക് വെളിപ്പെടുത്തി നൽകുന്നുവെന്ന് പാപ്പാ ആമുഖമായി പറഞ്ഞു.
പ്രപഞ്ചത്തിന്റെ ഭീമാകാരമായ വലിപ്പവും, തിരിച്ചറിഞ്ഞിട്ടുള്ള ഗാലക്സികളുടെയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അവിശ്വസനീയമായ എണ്ണവും കണക്കിലെടുക്കുമ്പോൾ നമ്മിലുണ്ടാകുന്ന ആശ്ചര്യം വളരെ വലുതാണ്.പരിമിതമായ മനുഷ്യന്, മേന്മയും,ദൈവീക പരിഗണനയും ലഭിക്കുവാൻ എന്താണ് കാരണമെന്ന് 2500 വർഷങ്ങൾക്കു മുൻപ് ചോദിച്ച സങ്കീർത്തകന്റെ വാക്കുകളോട് ചേർത്താണ് പാപ്പാ തന്റെ സന്ദേശത്തിലും മനുഷ്യന്റെ അതിശയത്തിനുതകുംവണ്ണമുള്ള പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയെ വർണ്ണിച്ചത്.
അതിനാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളായ നിങ്ങൾ, പ്രപഞ്ചത്തിന്റെ വിശാലത ഉൾക്കൊള്ളാനും പുതിയ അറിവുകളുടെ നിരന്തരമായ ഒഴുക്കിൽ നല്ല ധാരണകളുടെ വിത്തുകൾ പാകാനും ഈ അധ്യയനം സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരു വലിയ പ്രലോഭനം, നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ മാത്രം നേടാൻ ശ്രമിക്കുന്നതാണെന്നും, അതേസമയം ആസൂത്രിതമല്ലാത്ത ഏതൊരു കണ്ടുപിടുത്തത്തിലും നമ്മെത്തന്നെ ആശ്ചര്യപ്പെടുത്താൻ നമുക്ക് കഴിയുമ്പോഴാണ് യാഥാർഥ്യത്തിന്റെ ലോകത്തിലേക്ക് നാം കടക്കുന്നതെന്നും പാപ്പാ ഓർമിപ്പിച്ചു.
നിങ്ങളുടെ ലക്‌ഷ്യം ജ്യോതിശാസ്ത്രത്തിന്റെ ജാലകത്തിലൂടെ കടന്നുപോകുകയാണെങ്കിൽപ്പോലും, ഈ ദിവസങ്ങളിൽ നിങ്ങൾക്കിടയിൽ വളരുന്ന സൗഹൃദത്തിൽ നിങ്ങൾ അനുഭവിക്കുന്ന സഹാനുഭൂതി, സ്നേഹം തുടങ്ങിയ പ്രധാനപ്പെട്ട മൂല്യങ്ങളെ മറന്നുപോകരുതെന്നും പാപ്പാ എടുത്തു പറഞ്ഞു.
സങ്കീർത്തകൻ ചൂണ്ടിക്കാണിക്കുന്നതുപോലെ " അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാൾ അല്പം താഴ്ത്തി;മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു", എന്ന വചനം നമുക്ക് നൽകുന്ന മനുഷ്യജീവന്റെ മേന്മ നിങ്ങളുടെ ഗവേഷണത്തിലും ജീവിതത്തിലും അത്ഭുതബോധം ഒരിക്കലും നഷ്ടപ്പെടുത്താതെ; എല്ലായ്പ്പോഴും സത്യത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുകയും പ്രപഞ്ചത്തിലെ ഓരോ ശകലവും വാഗ്ദാനം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആശ്ചര്യപ്പെടുവാൻ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: