പാപ്പാ: പൊതുഭവനം സംരക്ഷിക്കാൻ ദൈവത്തിന്റെ മുമ്പാകെ നമുക്ക് ഉത്തരവാദിത്വമുണ്ട്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2023 ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഗ്രീൻ & ബ്ളൂ മേളയിൽ പങ്കെടുക്കുന്നവരെയും സംഘാടകരെയും വത്തിക്കാനിൽ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച ഇക്കാര്യം ഊന്നിപ്പറഞ്ഞത്. പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിബദ്ധതയെ പ്രതി പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.
നമ്മുടെ പൊതുഭവനം സംരക്ഷിക്കുന്നതിൽ തങ്ങളുടെ പങ്ക് നിർവഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും സന്മനസ്സുള്ള എല്ലാ ആളുകളോടും പാപ്പാ അഭ്യർത്ഥിക്കുകയും ലോകത്തെ നശിപ്പിക്കുന്ന എന്നത്തേയുംകാൾ അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു. നമ്മുടെ പൊതുഭവനത്തിലും അതിൽ വസിക്കുന്നവരിലും നമ്മുടെ പ്രവൃത്തികൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിച്ചുവെന്നും പാപ്പാ സൂചിപ്പിച്ചു.
ദൈവത്തിന്റെ മുമ്പിലുള്ള ഉത്തരവാദിത്തം
"ഇത്, സൃഷ്ടിയുടെ സംരക്ഷണം നമ്മെ ഭരമേൽപ്പിച്ച ദൈവത്തിന്റെയും, നമ്മുടെ അയൽവാസികളുടെയും, ഭാവി തലമുറകളുടെയും മുമ്പാകെ നമ്മുടെ ഉത്തരവാദിത്വബോധം വർദ്ധിപ്പിച്ചിരിക്കുന്നു,"പാപ്പാ വ്യക്തമാക്കി. വ്യവസായികാനന്തര (post - industrial) കാലഘട്ടത്തിലെ മാനവികത, "ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദപരമായ ഒന്നായി ഓർക്കപ്പെടാം" എന്ന് പാപ്പാ അനുസ്മരിച്ചു. കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം, പ്രത്യേകിച്ച് ഈ പ്രതിഭാസത്തിന് ഏറ്റവും കുറവ് സംഭാവന നൽകുന്ന, എന്നാൽ അതിൽ നിന്ന് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള, നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നമ്മെ നിർബന്ധപൂർവ്വം ഓർമ്മിപ്പിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് പങ്കുവച്ചു.
ഗതി മാറ്റത്തിന്റെ ആവശ്യം
ഇത് വലുതും അത്യാവശ്യപ്പെടുന്നതുമായ വെല്ലുവിളിയാണെന്ന് പറഞ്ഞ പാപ്പാ പലപ്പോഴും നിസ്സംഗത നിറഞ്ഞ ഒരു വലിച്ചെറിയൽ സംസ്കാരത്താൽ പോഷിപ്പിക്കപ്പെടുന്ന ഉപഭോഗത്തിന്റെയും ഉൽപാദനത്തിന്റെയും നിലവിലെ മാതൃകയിൽ നിർണ്ണായകമായ മാറ്റം ആവശ്യമാണെന്ന് അടിവരയിട്ടു. “ മുഴുവൻ അന്തർദേശിയ സമൂഹവും കരുതലിന്റെ സംസ്കാരത്തിന് അനുകൂലമായി ഒരു ഗതിമാറ്റം ത്വരിതപ്പെടുത്തേണ്ടത് ആവശ്യമാണ്,” അവിടെ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കരുതലാണ് കേന്ദ്രമാകുന്നത്. പുതിയ തലമുറയുടെ നല്ല ഭാവി പ്രതീക്ഷ കവർന്നെടുക്കരുതെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: