തിരയുക

നിർമ്മാണ തൊഴിലാളികൾ. നിർമ്മാണ തൊഴിലാളികൾ.  (AFP or licensors)

തൊഴിൽ ലോകത്ത് അന്തസ്സും ഐക്യദാർഢ്യവും അനുബന്ധത്വവും (subsidiarity) അടിവരയിട്ട് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ ലേബർ ഓർഗനൈസേഷൻ ആതിഥേയത്വം വഹിക്കുന്ന 2023ലെ ആഗോള തൊഴിൽ ഉച്ചകോടിയിൽ നൽകിയ പാപ്പായുടെ സന്ദേശത്തിലാണ് തൊഴിൽ ലോകത്ത് മനുഷ്യന്റെ അന്തസ്സും, ഐക്യദാർഢ്യവും അനുബന്ധത്വവും പിന്തുണയ്ക്കുന്ന ഒരു പുതിയ വഴി തെളിക്കുവാൻ എല്ലാവരോടും പാപ്പാ ആവശ്യപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനാണ് പാപ്പായുടെ സന്ദേശം വായിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജെനീവയിൽ ജൂൺ 14-15 തിയതികളിൽ നടന്ന ഉച്ചകോടിയിൽ ലോകം മുഴുവനിൽ നിന്നും വിദഗ്ദ്ധർ "Social Just for All" എന്ന വിഷയം ചർച്ച ചെയ്തു. ജൂൺ 14ന് സമ്മേളനത്തിൽ സംസാരിക്കവെ കർദ്ദിനാൾ പരോളിൻ ഉച്ചകോടി പ്രഖ്യാപിച്ച "സാമൂഹിക നീതിക്കായുള്ള ആഗോള സഖ്യ" ത്തെ പ്രശംസിച്ചു. കത്തോലിക്കാ സഭ ഉത്തരവാദിത്വമുള്ള പൗരന്മാരാകാൻ തങ്ങളുടെ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്നതിനെയാണ് അത് പ്രതിധ്വനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയെ പ്രോൽസാഹിപ്പിക്കുന്ന ഏതു പരിശ്രമത്തിനും തങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും, പ്രത്യേകിച്ച് തങ്ങളുടെ സാമൂഹിക പ്രബോധനങ്ങൾ പങ്കുവച്ചു കൊണ്ട്,  അന്തർദ്ദേശിയ സമൂഹത്തിന് പിന്തുണ നൽകാൻ പരിശുദ്ധ സിംഹാസനം പ്രതിബദ്ധത കാണിക്കുമെന്നും കർദ്ദിനാൾ പറഞ്ഞു.

സമാധാനത്തിനായി

പാപ്പായുടെ സന്ദേശം വായിച്ച കർദ്ദിനാൾ ഇന്നത്തെ നമ്മുടെ ലോകത്തിൻ കണ്ടു വരുന്ന നിരവധി സംഘർഷങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട് നീതിക്കായുള്ള പ്രതിബദ്ധത ആധുനിക ലോകത്തിൽ സമാധാനത്തിനായുള്ള പ്രതിബദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നുന്നത് കത്തോലിക്കാ സഭ അടിവരയിടുന്നെന്നും സാമൂഹിക നീതിക്കായുള്ള ആഗോള സഖ്യം സമാധാനം പ്രോൽസാഹിപ്പിക്കാൻ സംഭാവന നൽകുമെന്നും അറിയിച്ചു.

പ്രത്യേകിച്ച് , സാമ്പത്തിക താൽപ്പര്യങ്ങളുടേയും വിവേചനരഹിതമായ ചൂഷണങ്ങളുടേയും ഇരകളായ തൊഴിൽ രഹിതരായ, കഷ്ടിച്ച് അതിജീവിച്ചുമാത്രം പോകുന്ന  ലക്ഷക്കണക്കിന് ആളുകൾക്ക് സാമൂഹ്യനീതി പിന്തുണയ്ക്കുന്ന സമാധാനത്തിന്റെ കാഴ്ചപ്പാട് ഉട്ടോപ്യൻ ആയി തോന്നിയേക്കാമെന്ന് പാപ്പാ സമ്മതിച്ചു. "അപകടകരവും, വൃത്തിഹീനവും തരം താണതുമായ " തൊഴിലുകൾ ചെയ്യുന്ന കുടിയേറ്റ, അഭയാർത്ഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ അനുസ്മരിച്ച പാപ്പാ അവരുടെ മാനുഷികമായ മാനം തുടർച്ചയായി ചവിട്ടി അരക്കപ്പെടുന്നത് എടുത്തു പറഞ്ഞു. സഭയ്ക്ക് എല്ലാ കാര്യങ്ങൾക്കും പരിഹാരമില്ല എന്നതിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എന്നാൽ സമാധാനത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിലുള്ള പ്രതിബദ്ധതയും ദേശീയ അന്തർദേശീയ അധികാരികളുമായി സാർവ്വലൗകികമായ നന്മ, സത്യമായ സാമൂഹിക നീതി വളർത്തുന്ന  സമാധാനം എന്നിവ ഉറപ്പിക്കുന്നതിന് സഹകരിക്കുന്നത് തുടരുകതന്നെ ചെയ്യുമെന്നും പാപ്പാ തുടർന്നു.

പുതിയ വഴി സ്ഥാപിക്കുക

മഹാമാരിയുടെ കാലത്ത് ഉണ്ടായ വെല്ലുവിളികൾ ഐക്യദാർഢ്യത്തിന്റെ ഒരു പുതിയ വഴി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തുറന്നു കാട്ടി എന്ന് പാപ്പാ പറഞ്ഞു. അതിനാൽ സാമൂഹിക നീതിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളിൽ തൊഴിൽ കമ്പോളത്തിന്റെ പാർശ്വങ്ങളിൽ ജീവിക്കുന്നവരെ നമ്മുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും മുന്നിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ സജീവ പങ്കാളികളാക്കുമ്പോഴാണ് ദാരിദ്യത്തിന്റെ കാരണങ്ങൾ പരിഹരിക്കാൻ സമൂഹ്യനീതിയുടെ വഴികൾ കണ്ടെത്തി കൂടുതൽ സുരക്ഷിതമായ സമാധാനം സമൂഹത്തിലുണ്ടാക്കാൻ കഴിയുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അന്തസ്സ്, ഐക്യദാർഢ്യം, അനുബന്ധത്വം

അന്തസ്സ്, ഐക്യദാർഢ്യം, അനുബന്ധത്വം എന്നീ മൂന്ന് മൂലക്കല്ലുകളിലാണ് സാമൂഹിക നീതി വിവേചിക്കേണ്ടതും പ്രായോഗികമാക്കേണ്ടതും എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ദൈവം ഓരോരുത്തർക്കും നൽകിയ മനുഷ്യ അന്തസ്സ് ബഹുമാനിക്കുകയെന്നാൽ 'ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ' ശാരീരികവും വൈകാരികവും ആത്മീയവുമായ അവശ്യങ്ങൾ ഉൾപ്പെടെയുള്ള  മൗലീക അവകാശങ്ങളും  ക്ഷേമവും സംരക്ഷിക്കുകയാണ്. ഐക്യദാർഢ്യം എല്ലാവരും തമ്മിലുള്ള പരസ്പര ബന്ധവും ആശ്രയത്വവുമാണ് അടിവരയിടുന്നത്; അത് ശരിയായ ബന്ധങ്ങളുടെ ഊടുപാവാണ് എന്നും പരസ്പരം കരുതാനും പ്രത്യേകിച്ച് ഏറ്റം ദുർബ്ബലരായവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും, അനീതി അനുഭവിക്കുന്നവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിലേക്കുള്ള വിളിയാണെന്നും പാപ്പാ വിശദീകരിച്ചു. അതിനാൽ വിവേചനവും, ദാരിദ്ര്യവും, അനീതിയും അനുഭവിക്കുന്നവരോടൊപ്പം സഞ്ചരിക്കാനും അവർക്കു വേണ്ടി സംസാരിക്കാനുമുള്ള ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

ശരിയായ രീതിയിലുള്ള അധികാര പങ്കു വയ്പ്പും തീരുമാനമെടുക്കലും അനുബന്ധത്വത്തിൽ (subsidiarity ) ശ്രദ്ധിക്കുന്നതു വഴി സാധ്യമാക്കാൻ കഴിയും. വ്യക്തികൾക്കും സമൂഹങ്ങൾക്കും പ്രാദേശികമായി അവരുടെ ജീവിതങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമ്പോൾ വലിയ സ്ഥാപനങ്ങൾക്കും അധികാരികൾക്കും ആവശ്യമുള്ള നേരത്ത് പിന്തുണയ്ക്കാൻ കഴിയുമെന്നും പാപ്പാ സന്ദേശത്തിൽ എഴുതി. ഈ ഒരു സംതുലിതാവസ്ഥ അമിതമായ അധികാര കേന്ദ്രീകരണം ഒഴിവാക്കുമെന്നും അവരുടെ ലക്ഷ്യം രൂപീകരിക്കാൻ വ്യക്തികളുടേയും സമൂഹങ്ങളുടേയും സഹകരണവും ശാക്തീകരണവും സാധ്യമാക്കാൻ ഇടയാക്കുമെന്നും പാപ്പാ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2023, 13:25