പാപ്പാ യുവജനങ്ങളോടു: “നിങ്ങളുടെ കൂടെ ഞാനുണ്ടാകും.”
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലിസ്ബണിലേക്ക് പോകാൻ തയ്യാറെടുക്കുന്ന എല്ലാ യുവതീയുവാക്കൾക്കും അല്ലെങ്കിൽ വിദൂരദേശത്തു നിന്ന് ലോകയുവജന ദിനത്തിൽ പങ്കുചേരാൻ തയ്യാറെടുക്കുന്നവർക്കും ലോകയുവജന ദിനം എല്ലാവർക്കും ഒരു ആകർഷണ കേന്ദ്രമാണ്. ഈ നിമിഷം നാം നോക്കേണ്ടത് ആ കേന്ദ്രത്തിലേക്കാണ്. നിങ്ങൾ, യുവജനങ്ങൾ അവിടേക്കാണ് നോക്കേണ്ടത്, യുവാക്കളെ ! മുന്നോട്ട്! എന്ന് പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലിസ്ബണിലെ കൂടിക്കാഴ്ചയ്ക്ക് ഒരു നോയമ്പുകാലം പോലെ ഇനി 40 ദിവസങ്ങളാണ് നിങ്ങൾക്കവശേഷിച്ചിട്ടുള്ളത് എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ താൻ തയ്യാറായിക്കഴിഞ്ഞുവെന്നും വെളിപ്പെടുത്തി. എല്ലാം എടുത്തു വച്ച് പോകാനുള്ള സമയം ആഗ്രഹിച്ച് കാത്തിരിപ്പാണെന്നും, അസുഖം മൂലം തനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ വിചാരിക്കുന്നുവെന്നും പാപ്പാ പങ്കുവച്ചു. എന്നാൽ തന്നോടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു. അതിനാൽ, ‘നിങ്ങളുടെ കൂടെ ഞാനുണ്ടാകും.’ പാപ്പാ വ്യക്തമാക്കി.
മുന്നോട്ട്! യുവാക്കളെ! ജീവിതത്തെ ആശയങ്ങളാക്കി ചുരുക്കുന്നവർക്ക് പ്രാധാന്യം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട പാപ്പാ ദരിദ്രർക്ക് ജീവിതത്തിന്റെ സന്തോഷവും കൂടിക്കാഴ്ചയുടെ സന്തോഷവും നഷ്ടപ്പെട്ടുവെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും നിർദ്ദേശിച്ചു.
യുവജനങ്ങൾ, ജീവന്റെ മൂന്നുഭാഷകളുമായി, നിറജീവനുള്ളവരത്രെ എന്ന് സൂചിപ്പിച്ച പാപ്പാ അവ ശിരസ്സിന്റെയും, ഹൃദയത്തിന്റെയും, കരങ്ങളുടെ ഭാഷയാണെന്ന് വിശദീകരിച്ചു. ശിരസ്സിന്റെ ഭാഷ ശരിയായി ചിന്തിക്കാനും, എന്താണ് നമ്മളെ സ്പർശിച്ചതെന്നും, എന്താണ് നമ്മൾ ചെയ്യുന്നതെന്നും മനസ്സിലാക്കാനും ഹൃദയത്തിന്റെ ഭാഷ നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതും വളരെ ആഴത്തിൻ അനുഭവിക്കാനും, കരങ്ങളുടെ ഭാഷ നമ്മെ സ്പർശിച്ചതും ചിന്തിപ്പിച്ചതും ഫലപ്രദമായി ചെയ്യാനുമാണെന്ന് പ്രബോധിപ്പിച്ചു. ധൈര്യപൂർവ്വം മുന്നോട്ടു പോകാമെന്നും നമുക്ക് ലിസ്ബണിൽ കാണാമെന്നും ആശംസിച്ച് കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: