പത്രപ്രവർത്തനത്തിന് ആകാംക്ഷയും തുറവും ആവശ്യം, പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പത്രപ്രവർത്തനം യാഥാർത്ഥ്യത്തിൻറെ ആഖ്യാനമാകയാൽ അതിന്, ആരും പോകാത്തിടത്ത് കടന്നു ചെല്ലാനുള്ള കഴിവ്, അതായത്, സഞ്ചാരവും കാണാനുള്ള ആഗ്രഹവും ആവശ്യമാണെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ശ്രദ്ധേയനായിരുന്ന മാദ്ധ്യമപ്രവർത്തകൻ ബ്യാജൊ ആഗ്നെസിൻറെ പേരിൽ അനുവർഷം അന്താരാഷ്ട്ര പുരസ്ക്കാരം നല്കപ്പെടുന്നതിനോടനുബന്ധിച്ച് അറുപതിലേറെപ്പേരടങ്ങിയ പ്രതിനിനിധി സംഘത്തെ ശനിയാഴ്‌ച (24/06/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ പത്രപ്രവർത്തനത്തിൻറെ സവിശേഷതകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.
പത്രപ്രവർത്തനത്തിന് ആകാംക്ഷയും തുറവും അഭിനിവേശവും ആവശ്യമാണെന്ന് പ്രസ്താവിച്ച പാപ്പാ, ഈ രംഗത്ത്, ഇന്ന് ഒരു പക്ഷെ, വളരെ കുറച്ചു മാത്രം ഉപയോഗിക്കപ്പെടുന്ന കുറിപ്പുപുസ്തകം, പേന, ദർശനം എന്നീ ഘടകങ്ങളുടെ പ്രാധാന്യവും എടുത്തുകാട്ടി.
ഒരു വസ്തുതയെക്കുറിച്ച് എഴുതുക എന്നത് ആന്തരിക പരിശ്രമം ആവശ്യമുള്ള വലിയൊരു ജോലിയാണെന്ന് പാപ്പാ കുറിപ്പുപുസ്തകത്തെക്കുറിച്ച് വിശദീകരിക്കവെ പറഞ്ഞു. ഈ പുസ്തകം ശ്രവണത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇന്ന് അത്യാധുനിക മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതു മൂലം കാലഹരണപ്പെട്ടു തുടങ്ങിയരിക്കുന്ന പേനയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അത് ഓർമ്മകളെ ഉണർത്തുകയും സ്മരണയെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ചിന്തകളുടെ വിപുലീകരണത്തിൽ ശിരസ്സിനെയും കരങ്ങളെയും കൂട്ടിയിണക്കുന്നുവെന്നും പത്രപ്രവർത്തകൻ വിളിക്കപ്പെട്ടിരിക്കുന്ന കരവേലയെ അത് ഓർമ്മപ്പെടുത്തുന്നുവെന്നും വിശദീകരിച്ചു.
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വീക്ഷണത്തിൻറെ അഭാവത്തിൽ കുറിപ്പുപുസ്തകവും പേനയും വെറും അനുബന്ധ ഉപകരണങ്ങളായി ഭവിക്കുമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: