ഏദ്നയ്ക്ക് പാപ്പായുടെ സാന്ത്വന സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
8 വർഷമായി ഗുരുതരരോഗബാധിതയായ പോർച്ചുഗീസ് യുവതി ഏദ്നയ്ക്ക് പ്രാർത്ഥനാസഹായവും സാമീപ്യവും ഉറപ്പു നല്കി മാർപ്പാപ്പായുടെ വീഡിയൊ സന്ദേശം.
തൻറെ മരണം ഉടനെ ഉണ്ടാകുമെന്ന ഭിഷഗ്വരന്മാരുടെ നിഗമനത്തെക്കുറിച്ച് ബോധ്യമുള്ള 17 വയസ്സുകാരിയായ ഏദ്ന ജൂൺ 22-ന് തനിക്കയച്ച ഹൃദയസ്പർശിയായ കത്തിന് മറുപടിയായിട്ടാണ് ഫ്രാൻസീസ് പാപ്പാ ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയൊ സന്ദേശത്തിലുടെ തൻറെ സാമീപ്യം അറിയിച്ചത്.
യേശുവുമായുള്ള തൻറെ കൂടിക്കാഴ്ച എപ്പോഴായിരിക്കും എന്ന് അറിയില്ലയെങ്കിലും അത് ഉടൻ ഉണ്ടാകുമെന്ന് ഭിഷഗ്വരൻ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് കത്തിൽ പാപ്പായെ ധരിപ്പിക്കുന്ന ഏദ്ന പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്റ്റ് 1-6 വരെ ആഗോളസഭാതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ലോകയുവജനദിനത്തിൽ പങ്കെടുക്കാൻ, അത് ശാരീരികമായി സാധ്യമല്ല എന്ന ബോധ്യത്തോടുകൂടിത്തന്നെ, പേരുകൊടുത്തിരിക്കയാണ്.
ലിസ്ബൺ ആണ് വേദിയെന്നറിഞ്ഞപ്പോൾ താൻ ഏറെ സന്തോഷിച്ചുവെന്ന് ഏദ്ന കത്തിൽ പാപ്പായോടു പറയുന്നു. ഏദ്ന പ്രകടിപ്പിക്കുന്ന ആർദ്രതയ്ക്കും ഹൃദയശാന്തയ്ക്കും പാപ്പാ ആവർത്തിച്ച് നന്ദി പ്രകാശിപ്പിക്കുകയും അവളുടെ യാത്രയിൽ പ്രാർത്ഥനാസഹായം ഉറപ്പേകുകയും ആശീർവ്വാദം നല്കുകയും ചെയ്യുന്നു,
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: