ഗ്രീസിൽ അഭയാർത്ഥി നൗക ദുരന്തം, പാപ്പായുടെ അനുശോചനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗ്രീസിലെ പൈലോസ് പട്ടണത്തിനടുത്ത് മദ്ധ്യധരണ്യാഴിയിൽ അനേകരുടെ ജീവനെടുത്ത അഭയാർത്ഥി ബോട്ടു ദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.
ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പുവച്ച് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഗ്രീസിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് യാൻ റൊമേയൊ പവ്വോസ്കിക്കയച്ച അനുശോചന സന്ദേശത്തിലൂടെയാണ് പാപ്പാ തൻറെ വേദന അറിയിച്ചിരിക്കുന്നത്.
ഈ ബോട്ടുദുരന്തത്തിൽ മരണമടഞ്ഞവർ, അവരുടെ പ്രിയപ്പെട്ടവർ, ഈ ദുരന്തത്തിൻറെ ആഘാതം അനുഭവിക്കുന്നവർ ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ അവർക്ക് പരിചരണവും പാർപ്പിടവും നല്കുന്നവർ തുടങ്ങിയ എല്ലാവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.
അവർക്കെല്ലാവർക്കും സർവ്വശക്തൻ ശക്തിയുടെയും സ്ഥൈര്യത്തിൻറെയും പ്രത്യാശയുടെയും ദാനങ്ങൾ ലഭിക്കുന്നതിനായി പാപ്പാ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.
ഏതാനും ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ഉദരശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച ആശുപത്രി വിട്ട വേളയിലും ഈ അഭയാർത്ഥി നൗക ദുരന്തത്തിൽ തൻറെ അഗാധമായ ദുഃഖം പ്രകടിപ്പിച്ചിരുന്നു.
എഴുന്നൂറ്റിയമ്പതോളം പേരെ കുത്തി നിറച്ച മത്സ്യബന്ധന ബോട്ട് ബുധനാഴ്ച രാവിലെയാണ് (14/06/23) തകർന്നത്. ഈ ദുരന്തം അഞ്ഞൂറിലേറപ്പേരുടെ ജീവൻ അപഹരിച്ചുവെന്ന ആശങ്കയുണ്ട്.
ബോട്ടിലുണ്ടായിരുന്ന ഈജിപ്ത്, സിറിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പലസ്തീൻ സ്വദേശികളായിരുന്ന അഭയാർത്ഥികളിൽ നൂറോളം പേർ കുട്ടികളായിരുന്നു. ലിബിയയിൽ നിന്ന് പുറപ്പെട്ട ഈ അഭയാർത്ഥികളുടെ ലക്ഷ്യം ഇറ്റലി വഴി യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ കുടിയേറുകയായിരുന്നു.
നൗക തകർന്ന് മരിച്ച അഭയാർത്ഥികൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ ട്വിറ്ററിലൂടെയും ക്ഷണിച്ചു. നമുക്ക് “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്‌ച (16/06/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്. പാപ്പാ പ്രസ്തുത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
“മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ നൗകത്തകർച്ചയിൽ മരിച്ച അനേകർക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. കർത്താവ് നമുക്ക് കണ്ണുനീരെന്ന ദാനമേകട്ടെ. പുറംതിരിഞ്ഞു നില്ക്കാതിരിക്കാൻ നിരവധി കുഞ്ഞുങ്ങളുൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ മുഖങ്ങളും കണ്ണുകളും നമ്മോട് അഭ്യർത്ഥിക്കുന്നു”.
IT: #PreghiamoInsieme per le tante vittime del naufragio avvenuto ieri nel Mediterraneo. Che il Signore ci dia il dono delle lacrime. I volti, gli occhi dei migranti tra cui tanti bambini ci chiedono di non girarci dall’altra parte.
EN: Let us #PrayTogether for the many victims of the shipwreck that took place yesterday in the Mediterranean. May the Lord grant us the gift of tears. The faces, the eyes of the migrants, among whom are many children, beg us not to look the other way.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: