പാപ്പായുടെ സമാധാനദൂതുമായി കർദിനാൾ മാരിയോ സൂപ്പി റഷ്യയിലേക്ക്
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്കും, അഭയാർഥികളായി കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള നടപടികൾക്കും മുൻകൈ വഹിച്ച ആത്മീയ നേതാവും, രാഷ്ട്രത്തലവനുമാണ് ഫ്രാൻസിസ് പാപ്പാ. സമാധാനം പുനഃസ്ഥാപിക്കുവാനും, രാഷ്ട്രത്തലവന്മാരുടെ മാനസാന്തരത്തിനും നിരവധി പ്രാർത്ഥനായജ്ഞങ്ങൾക്കും പാപ്പാ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇപ്രകാരം തന്റെ സമാധാനപ്രക്രിയകൾക്കായി പാപ്പാ പ്രത്യേകമായി തിരഞ്ഞെടുത്ത വ്യക്തിയാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ബൊളോഞ്ഞ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാരിയോ സൂപ്പി.പാപ്പായുടെ പ്രതീക്ഷ നിറഞ്ഞ ഈ നിയോഗം സ്വീകരിച്ച ഉടൻ തന്നെ ജൂൺ മാസം അഞ്ചാം തീയതി കർദിനാൾ ഉക്രൈനിലേക്ക് തിരിക്കുകയും,നേതാക്കന്മാരുമായി പല ചർച്ചകൾ നടത്തുകയും ചെയ്തു.
തന്റെ സമാധാനശ്രമങ്ങളുടെ രണ്ടാം ഭാഗമായി ജൂൺ മാസം ഇരുപത്തിയെട്ട്, ഇരുപത്തിയൊൻപതു തീയതികളിൽ റഷ്യയിലെ മോസ്കോയിലേക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുകയാണ് അദ്ദേഹം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ നന്മകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്‌ഷ്യം, അതിലൂടെ നിലവിലെ ദാരുണമായ സാഹചര്യത്തിന് പരിഹാരം കാണാനും നീതിപൂർവകമായ സമാധാനത്തിൽ എത്തിച്ചേരാനുള്ള വഴികൾ കണ്ടെത്താൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകം മുഴുവനും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: