തിരയുക

തലമുറകളുടം സംഗമം തലമുറകളുടം സംഗമം  (BAD MAN PRODUCTION)

വൃദ്ധജനവുമായുള്ള സമാഗമം ജീവിതത്തെ വർത്തമാനകാലത്തിൽ ഒതുക്കാതിരിക്കാൻ യുവതയെ സഹായിക്കും, പാപ്പാ!

മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും വേണ്ടിയുള്ള മൂന്നാം ലോക ദിനത്തിനുള്ള പാപ്പായുടെ സന്ദേശം പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുവജനവും വൃദ്ധജനവും തമ്മിലുള്ള സമാഗമത്തിൽ ദൈവം നമുക്ക് ഒരു ഭാവി സമ്മാനിക്കുന്നുവെന്ന് മാർപ്പാപ്പാ.

മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും വേണ്ടി അനുവർഷം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആചരിക്കുന്ന ലോക ദിനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ ഈ ദിനത്തിനായി ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്‌ച (15/06/23) പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.  

''അവൻറെ കാരുണ്യം തലമുറകള്‍ തോറും'' (ലൂക്ക 1:50) എന്ന സുവിശേഷ വാക്യമാണ് ഇക്കൊല്ലം ജൂലൈ 23-ന് ഞായറാഴ്ച ആചരിക്കപ്പെടുന്ന  മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും വേണ്ടിയുള്ള മൂന്നാം ലോക ദിനത്തിൻറെ വിചിന്തന പ്രമേയമായി മാർപ്പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

വൃദ്ധജനവുമായി കൂടിക്കാഴ്ച നടത്തുകവഴി യുവത ഓർമ്മ കാത്തുസൂക്ഷിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും ഏറ്റവും വലിയ ഒരു ചരിത്രത്തിൻറെ ഭാഗമായിരിക്കുകയെന്ന ദാനം അംഗീകരിക്കുകയും ചെയ്യുമെന്ന് കർത്താവ് പ്രത്യാശിക്കുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു.

പ്രായംചെന്ന ഒരാളുമായുള്ള സൗഹൃദം, ജീവിതത്തെ വർത്തമാനകാലത്തിലൊതുക്കാതിരിക്കാനും എല്ലാം സ്വന്തം കഴിവുകളെ ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്ന് ഓർമ്മിക്കാനും യുവജനത്തെ സഹായിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അതുപോലെ തന്നെ പ്രായാധിക്യത്തിലെത്തിയവർക്ക് ഒരു ചെറുപ്പക്കാരുടെ സാന്നിധ്യം തങ്ങൾ ജീവിച്ചതെല്ലാം വൃഥാവിലാവില്ല, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും എന്ന പ്രതീക്ഷ  തുറന്നുകൊടുക്കുന്നുവെന്ന് പാപ്പാ പറയുന്നു.

ദൈവത്തിൻറെ പ്രവർത്തന ശൈലി മെച്ചപ്പെട്ട രീതിയിൽ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കുന്നതിന്, സമയം അതിൻറെ പൂർണ്ണതയിൽ ജീവിക്കണമെന്നത് നാം ഓർമ്മിക്കണമെന്നും, കാരണം ഏറ്റവും വലിയ യാഥാർത്ഥ്യങ്ങളും ഏറ്റവും മനോഹരമായ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ടല്ല, പ്രത്യുത വളർച്ചയിലൂടെയും പക്വതപ്രാപിക്കുന്നതിലൂടെയുമാണ്, അതായത്, യാത്രയിലും സംഭാഷണത്തിലും ബന്ധത്തിലുമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

യേശുവിൻറെ മുത്തശ്ശീ മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിൻറെയും അന്നയുടെയും തിരുനാളിനോടു ചേര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണഅ സഭ ഈ ദിനം ആചരിക്കുന്നത്. 2021-ല്‍ ഫ്രാന്‍സിസ് പാപ്പയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂൺ 2023, 14:19