റോമിലെ ജെമേല്ലി ആശുപത്രി റോമിലെ ജെമേല്ലി ആശുപത്രി  (Vatican Media)

കൃതജ്ഞതാഭരിത ഹൃദയവുമായി മാർപ്പാപ്പാ!

പാപ്പായുടെ ഉദര ശസ്ത്രക്രിയാനന്തര ശാരീരിക ആരോഗ്യം തൃപ്തികരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ശസ്ത്രക്രിയാനന്തര ശാരീരികാവസ്ഥ സാധാരണഗതിയിൽ തുടരുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി  വെളിപ്പെടുത്തി.

പാപ്പായ്ക്ക് പനിയില്ലെന്നും രക്തചംക്രമണാവസ്ഥ സാധാരണഗതിയിലാണെന്നും ദ്രവരൂപത്തിലുള്ള ഭക്ഷണക്രമം തുടരുന്നുവെന്നും വൈദ്യസംഘത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വെള്ളിയാഴ്‌ച (09/06/23) വൈകുന്നേരം വ്യക്തമാക്കി.

അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ പ്രാർത്ഥനയ്ക്കായും ഔദ്യോഗികകൃത്യങ്ങൾക്കായും ചിലവഴിച്ചുവെന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ സന്ദേശങ്ങൾ പാപ്പായുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും മത്തേയൊ ബ്രൂണി പറഞ്ഞു.

ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ ചിത്രങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും തനിക്കേകിയ വാത്സല്യത്തിനും സ്നേഹത്തിനും പാപ്പാ അവരെ പ്രത്യേകം അനുസ്മരിക്കുന്നുവെന്നും അതുപോലെതന്നെ, അനുദിനം വേദന തൊട്ടറിയുകയും വേദനയുടെ ഭാരം കുറയ്ക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരായ ഭിഷഗ്വരന്മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും ആദ്ധ്യാത്മികസേവകരുമുൾപ്പെട്ട സകലരുടെയും സാമീപ്യത്തിനും പ്രാർത്ഥനയ്ക്കും പാപ്പാ കൃതജ്ഞതയർപ്പിക്കുന്നുവെന്നും മത്തേയൊ ബ്രൂണി  വെളിപ്പെടുത്തി.

ഈ മാസം ഏഴാം തീയതി (07/06/23) ബുധനാഴ്ചയാണ് പാപ്പാ റോമിലെ ജെമേല്ലി ആശുപത്രിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ടത്.

വേദനയ്ക്കും നമ്മെ “ഭാവാത്മകമായ അർത്ഥത്തിൽ, ഒരു അനുഭവത്തിലേക്കു നയിക്കാനാകുമെന്ന സന്ദേശമാണ് ജെമേല്ലി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ നല്കുന്നതെന്ന് പ്രസ്തുത ആശുപത്രിയിലെ ജീവനക്കാരുടെ ആദ്ധ്യാത്മികകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന വൈദികൻ നുൺസിയൊ കുറാവൊ പാപ്പായുടെ സാക്ഷ്യത്തെ ആശുപത്രിയിലെ ജീവനക്കാരും രോഗികളും ഏതുരീതിയിലാണ് മനസ്സിലാക്കുന്നതെന്ന് വത്തിക്കാൻ റേഡിയോയുടെ വാർത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

സാമീപ്യവും ആർദ്രതയും തൻറെ സഭാശുശ്രൂഷയുടെ പ്രധാന സ്തംഭങ്ങളാക്കി മാറ്റിയ പാപ്പാ, തൻറെ സഹനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രകടിപ്പിക്കുന്ന ലാളിത്യം അദ്ദേഹത്തെ രോഗികൾക്കിടയിലെ ഒരു രോഗിയായി കൂടുതൽ തോന്നിപ്പിക്കുന്നുവെന്ന് വൈദികൻ കുറാവൊ പറഞ്ഞു.

സഹനം, വിശിഷ്യ, വാർദ്ധക്യസഹജമായത്, സർവ്വോപരി, ജീവിതത്തിൻറെ ഭാഗമാണെന്നും എന്നാൽ, അത് വിശ്വാസത്താൽ പ്രശോഭിതമാകുമ്പോൾ പ്രത്യാശയിലേക്കും ഉപവിയും സമൂർത്ത അഭ്യസനത്തിലേക്കും തുറക്കപ്പെടുകയും ചെയ്യുന്നുവെന്നും ഉപവി വാക്കുകളെക്കാൾ സാമീപ്യം ശ്രവണം ആർദ്രതയുടെ പ്രവർത്തികൾ എന്നിവയാൽ സാന്ദ്രമായിരിക്കണമെന്നുമാണ് പാപ്പായുടെ സന്ദേശമെന്നും വാർദ്ധക്യത്തിലും ജീവന് മൂല്യമുണ്ടെന്നും, കാരണം ജീവന് അതിൽ തന്നെ ഒരു മൂല്യമുണ്ടെന്നും പഠിപ്പിക്കാൻ പാപ്പാ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2023, 13:24