പാപ്പാ: പാവപ്പെട്ടവനെ പരിചരിക്കാതെ വിശുദ്ധിയുടെ പാതയിൽ മുന്നേറുക അസാധ്യം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉദരശസ്ത്രക്രിയ മൂലം ഏതാനും ആഴ്ചകളിൽ മുടങ്ങിയ പ്രതിവാരപൊതുകൂടിക്കാഴ്ച ഫ്രാൻസീസ് പാപ്പാ, ഈ ബുധനാഴ്ച (28/06/23) വത്തിക്കാനിൽ പുനരാരംഭിച്ചു. വേനൽക്കാലം ശക്തിപ്രാപിച്ചു തുടങ്ങിയിരിക്കുന്ന റോമിൽ അർക്കാംശുക്കളുടെ അതിപ്രസരം അന്തരീക്ഷ താപ നില ഉയർത്തിയെങ്കിലും വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ ചത്വരംതന്നെ ആയിരുന്നു പ്രതിവാര പൊതുദർശന വേദി ഇത്തവണയും. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു. സൂര്യതാപത്തിൽ നിന്ന് രക്ഷനേടുന്നതിന് ചിലർ തലയിൽ തൊപ്പിയണിയുകയും മറ്റു ചിലർ കുടചൂടുകയും ചെയ്തിരുന്നു. പാപ്പാ വേനൽക്കാല ഇടവേളയ്ക്കു മുമ്പ് അനുവദിച്ച അവസാനത്തെ പൊതുകൂടിക്കാഴ്ചയായിരുന്നു ഇത്തവണത്തേത്. ജൂലൈ മാസം മുഴുവനും ആഗസ്റ്റ് ആദ്യവാരത്തിലും പാപ്പാ പ്രതിവാര പൊതുദർശനം അനുവദിക്കില്ല. ഇനി അടുത്ത പൊതുകൂടിക്കാഴ്ച ആഗസ്റ്റ് 9-നായിരിക്കും. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.
തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, ഇടയ്ക്കിടെ തൻറെ പക്കലേക്ക് അംഗരക്ഷകർ എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ തലോടി ആശീർവദിക്കുകയും ചെയ്തു. അതിനിടെ ഒരു ബാലിക സമ്മാനിച്ച റോസാപുഷ്പങ്ങൾ പാപ്പാ ഹൃദയഭരിതാമോദത്തോടെ സ്വീകരിച്ചു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും ഊന്നുവടിയുടെ സഹായത്തോടെ വേദിയിലേക്കു നീങ്ങുകയും ചെയ്തു. അപ്പോൾ റോമിൽ സമയം രാവിലെ 8.55, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.25- ആയിരുന്നു. ത്രിത്വൈക സ്തുതിയോടെ പൊതുകൂടിക്കാഴ്ചയ്ക്ക് പാപ്പാ തുടക്കം കുറിച്ചതിനെ തുടർന്ന് വിവധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ ഭാഗ പാരായണം ആയിരുന്നു.
സുവിശേഷം
“യേശു വീട്ടിലായിരുക്കുമ്പോൾ അവിടന്ന് ഇരുന്നിട്ട് പന്ത്രണ്ടു ശിഷ്യരെ വിളിച്ച് അവരോട് പറഞ്ഞു:ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. അവൻ ഒരു ശിശുവിനെ എടുത്ത് അവരുടെ മദ്ധ്യേ നറുത്തി. ആ കുഞ്ഞിനെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എൻറെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.” മർക്കോസ്: 9,33.35-37
ഈ വായന അവസാനിച്ചതിനെ തുടർന്ന് പാപ്പാ താൻ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന സുവിശേഷവത്ക്കരാണാഭിനിവേശത്തെ അധികരിച്ചുള്ള പ്രബോധന പരമ്പരയിൽ സുവിശേഷ സാക്ഷികളെക്കുറിച്ചുള്ള വിചിന്തനം തുടർന്നു. വിശുദ്ധ മേരി മക്കില്ലപ്പിൻറെ ജീവിത പുസ്തകത്താളുകളിലൂടെ പാപ്പാ കടന്നു പോയി.
പാപ്പായുടെ പ്രഭാഷണം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഈ ചൂടിൽ ഇന്നു നമുക്ക് അല്പം ക്ഷമ ആവശ്യമാണ്, ഈ വെയിലിലും ചൂടിലും, ഇവിടെ വന്നതിന് നന്ദി: നിങ്ങളുടെ സന്ദർശനത്തിന് വളരെയേറെ നന്ദി.
വിശുദ്ധ മേരി മക്കില്ലപ്പ്
അപ്പൊസ്തോലിക തീക്ഷ്ണതയെ അധികരിച്ചുള്ള ഈ പ്രബോധനപരമ്പരയിൽ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്, സുവിശേഷത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ കാലങ്ങളിലും എല്ലായിടങ്ങളിലും ഉള്ള ചില മാതൃകാ വ്യക്തികളെയാണ്. ചെറുതും വലുതുമായ നിരവധി ദ്വീപുകൾ ചേർന്ന ഭൂഖണ്ഡമായ ഓഷ്യാനിയയിലേക്കാണ് ഇന്ന് നമ്മൾ പോകുന്നത്. അത് അകലെയാണ് അല്ലേ? യൂറോപ്പിൽ നിന്നുള്ള അനേകം കുടിയേറ്റക്കാർ ആ ദേശങ്ങളിലേക്ക് സംവഹിച്ച ക്രിസ്തു വിശ്വാസം, പെട്ടെന്ന് വേരുപിടിക്കുകയും സമൃദ്ധമായ ഫലം പുറപ്പെടുവിക്കുകയും ചെയ്തു (സിനഡാനന്തര അപ്പസ്തോലിക പ്രബോധനം, ഓഷ്യാനിയയിലെ എക്ലീസിയ, 6 കാണുക). ഇവരിൽ അസാമാന്യയായ ഒരു സന്ന്യാസിനിയും ഉൾപ്പെടുന്നു: ആസ്‌ത്രേലിയയിലെ ഗ്രാമീണ ദരിദ്രരുടെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ രൂപീകരണത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചവളും തിരുഹൃദയത്തിൻറെ വിശുദ്ധ യൗസേപ്പിൻറെ സഹോദരികൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകയും ആയ വിശുദ്ധ മേരി മക്കില്ലപ്പ് (1842-1909) .
വിശുദ്ധ മക്കില്ലപ്പിൻറെ ജനനവും ദൈവവിളിയും
സ്കോട്ട്ലൻഡിൽ നിന്ന് ആസ്ത്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കൾക്ക്, മെൽബണിനടുത്താണ് മേരി മക്കില്ലപ്പ് ജനിച്ചത്. ബാലികയായിരിക്കുമ്പോൾ തന്നെ അവൾക്ക്, വാക്കു കൊണ്ടു മാത്രല്ല, സർവ്വോപരി, ദൈവസാന്നിധ്യത്താൽ രൂപാന്തരപ്പെട്ട ഒരു ജീവിതത്താൽ. (എവഞ്ചേലി ഗൗതിയും Evangelii gaudium, 259). ദൈവത്തെ സേവിക്കാനും അവിടത്തേക്ക് സാക്ഷ്യമേകാനും താൻ വിളിക്കപ്പെട്ടിരിക്കുന്നതായി തോന്നി. ഉയിർത്തെഴുന്നേറ്റ യേശുവുമായി ആദ്യം കൂടിക്കാഴ്ച നടത്തിയവളും വിവരം ശിഷ്യരെ അറിയിക്കാൻ അവിടന്ന് അയച്ചവളുമായ മഗ്ദലന മറിയത്തെപ്പോലെ, താനും സുവിശേഷം പ്രസരിപ്പിക്കാനും സജീവ ദൈവവുമായുള്ള കൂടിക്കാഴ്ചയിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനും അയക്കപ്പെട്ടവളാണെന്ന ബോദ്ധ്യം മേരിക്കുണ്ടായിരുന്നു.
വിദ്യഭ്യാസം: സുവിശേഷവത്ക്കരണോപാധി
കത്തോലിക്കാ വിദ്യഭ്യാസം സുവിശേഷവത്ക്കരണത്തിൻറെ ഒരു രൂപമാണെന്ന ബോധ്യത്തിൽ യുവജന ശിക്ഷണത്തിലൂടെ അതു ചെയ്യുകയാണ് തനിക്ക് ഏറ്റവും നല്ല മാർഗ്ഗമെന്ന്, കാലത്തിൻറെ അടയാളങ്ങൾ വിവേകത്തോടെ വായിച്ചപ്പോൾ, അവൾക്കു മനസ്സിലായി. സുവിശേഷവത്ക്കരണത്തിൻറെ മഹത്തായ ഒരു രൂപമാണത്. അതിനാൽ, നമുക്ക് പറയാൻ കഴിയും "ഓരോ വിശുദ്ധനും ഒരു ദൗത്യമാണ്"; ചരിത്രത്തിൻറെ ഒരു പ്രത്യേക ഘട്ടത്തിൽ, സുവിശേഷത്തിൻറെ ഒരു മാനം പ്രതിഫലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന് പിതാവിൻറെ ഒരു പദ്ധതിയാണ്" (അപ്പോസ്തോലിക് പ്രബോധനം ഗൗദേത്തെ ഏത്ത് എക്സുകൾത്താത്തെ, 19), മേരി മക്കില്ലപ്പ് അതായിത്തീർന്നത്, സർവ്വോപരി, വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിലൂടെയാണ്.
പാവപ്പെട്ടവരും പരിത്യക്തരും
ദരിദ്രരെയും പാർശ്വവൽക്കൃതരെയും പരിപാലിക്കുക എന്നതായിരുന്നു അവളുടെ സുവിശേഷ തീക്ഷ്ണതയുടെ സത്താപരമായ സവിശേഷത. ഇത് വളരെ പ്രധാനമാണ്: ക്രീസ്തിയവഴിയാ വിശുദ്ധിയുടെ പാതയിൽ, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രധാന കഥാപാത്രങ്ങളാണ്, ഒരു വ്യക്തിക്ക് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർക്കായി സ്വയം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിശുദ്ധിയിൽ മുന്നേറാനകില്ല. കർത്താവിൻറെ സഹായം ആവശ്യമുള്ളവരായ അവർ കർത്താവിൻറെ സാന്നിധ്യമാണ്. ഒരിക്കൽ ഞാൻ വായിച്ച ഒരു വാചകം എന്നെ സ്പർശിച്ചു; അത് ഇപ്രകാരമായിരുന്നു: “യാചകനാണ് ചരിത്രത്തിലെ നായകൻ: ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യമായ ഈ വലിയ അനീതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് അവരാണ്. ഭക്ഷ്യോല്പാദനത്തിനല്ല, പ്രത്യുത, ആയുധനിർമ്മാണത്തിനാണ് പണം ചെലവഴിക്കുന്നത്. മറക്കരുത്: പാവപ്പെട്ടവർക്കും, സമൂഹത്തിൻറെ അരികുകളിലേക്ക് തള്ളപ്പെട്ടവർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിചരണം നല്കുന്നില്ലെങ്കിൽ വിശുദ്ധി സാധ്യമല്ല. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഈ കരുതൽ ആണ് മറ്റുള്ളവർ പോകാൻ ഇഷ്ടപ്പെടാത്തതോ അവർക്ക് പോകാൻ കഴിയാത്തതോ ആയ സ്ഥലത്തേക്ക് പോകാൻ മേരിയെ പ്രേരിപ്പിച്ചത്. 1866 മാർച്ച് 19 ന്, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ, ദക്ഷിണ ആസ്ത്രേലിയയുടെ പ്രാന്തത്തിലുള്ള ചെറിയൊരു പ്രദേശത്ത് അവൾ ആദ്യ വിദ്യാലയം തുറന്നു. അതിനെ തുടർന്ന് ആസ്ത്രേലിയയിലെയും ന്യൂസിലൻഡിലെയും ഗ്രാമീണ സമൂഹങ്ങളിൽ അവളും അവളുടെ സഹോദരിമാരും ഇതര വിദ്യാലയങ്ങൾ സ്ഥാപിച്ചു. അങ്ങനെ അവ പെരുകി, അപ്പൊസ്തോലിക തീക്ഷ്ണത അങ്ങനെയാണ്: അത് പ്രവൃത്തികളെ വർദ്ധമാനമാക്കുന്നു.
ഉത്ഥിതനുമായുള്ള സൗഹൃദവും വിദ്യഭ്യാസവും
ഒരു വ്യക്തിയെന്ന നിലയിലും സമൂഹത്തിലെ ഒരു അംഗമെന്ന നിലയിലും വ്യക്തിയുടെ സമഗ്രമായ വികാസമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം എന്ന് മേരി മക്കില്ലപ്പിന് ബോധ്യമുണ്ടായിരുന്നു; ഇതിന് ഓരോ അദ്ധ്യാപകൻറെയും ഭാഗത്തുനിന്ന് ജ്ഞാനവും ക്ഷമയും ഉപവിയും ആവശ്യമാണ്. വാസ്തവത്തിൽ, വിദ്യഭ്യാസം എന്നത് ആശയങ്ങൾ കൊണ്ട് തല നിറയ്ക്കലല്ല: അല്ല, ഇത് മാത്രമല്ല, എന്നാൽ, വിദ്യാഭ്യാസം എന്തിൽ അടങ്ങിയിരിക്കുന്നു? ഉത്ഥിതനായ യേശുവുമായുള്ള സൗഹൃദം ഹൃദയത്തെ എത്രമാത്രം വിശാലമാക്കുകയും ജീവിതത്തെ കൂടുതൽ മാനുഷികമാക്കുകയും ചെയ്യുന്നു എന്നു കാണിച്ചുകൊടുത്തുകൊണ്ട് മാനുഷികവും ആത്മീയവുമായ വളർച്ചയുടെ പാതയിൽ വിദ്യാർത്ഥികളെ തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമാണ്. ശിക്ഷണം നല്കുക എന്നത് നന്നായി ചിന്തിക്കാനും നന്നായിരിക്കാനും (ഹൃദയത്തിൻറെ ശൈലി) നന്മചെയ്യാനും (കരങ്ങളുടെ ശൈലി) സഹായിക്കലാണ്. കുടുംബങ്ങളെയും വിദ്യാലയങ്ങളെയും മുഴുവൻ സമൂഹത്തെയും ഒന്നിപ്പിക്കാൻ കഴിവുള്ള ഒരു "വിദ്യാഭ്യാസ ഉടമ്പടി"യുടെ ആവശ്യകത അനുഭവപ്പെടുമ്പോൾ ഈ ദർശനം ഇന്ന് തികച്ചും പ്രസക്തമാണ്.
കുരിശുകൾ വഹിക്കുന്നതിലുള്ള പ്രശാന്തത
ദരിദ്രർക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കാൻ മേരി മക്കില്ലപ്പിനുണ്ടായിരകുന്ന തീക്ഷ്ണത, പ്രായമായവരും കുട്ടികളുമായ പരിത്യക്തരെ സ്വീകരിക്കുന്നതിനായി അദെലയ്ഡിൽ ആരംഭിച്ച “പരിപാലനയുടെ ഭവനം” "ഹൗസ് ഓഫ് പ്രൊവിഡൻസ്" മുതൽ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടാൻ അവളെ പ്രേരിപ്പിച്ചു. മേരിക്ക് ദൈവിക പരിപാലനയിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു: ഏതൊരവസ്ഥയിലും ദൈവം സഹായിക്കുമെന്ന് അവൾക്ക് എല്ലായ്പ്പോഴും ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇത് അവളുടെ അപ്പോസ്തോലിക ദൗത്യത്തിൽ നിന്ന് ഉത്ഭവിച്ച ഉത്കണ്ഠകളും ബുദ്ധിമുട്ടുകളും ഒഴിവാക്കിയില്ല, മേരിക്ക് അതിന് ന്യായമായ കാരണങ്ങളുണ്ടായിരുന്നു: അവൾക്ക് ചെലവിൻറെ പണം അടയ്ക്കുകയും പ്രാദേശിക മെത്രാന്മാരുമായും വൈദികരുമായും ചർച്ചയിലേർപ്പെടേണ്ടിവരുകയും വിദ്യാലയങ്ങൾ നടത്തുകയും സന്ന്യാസിനികളുടെ ഔദ്യോഗികവും ആദ്ധ്യാത്മികവുമായ രൂപവത്ക്കരണത്തിൻറെ കാര്യങ്ങൾ നോക്കുകയും ചെയ്യേണ്ടിയിരുന്നു; പിന്നീട് ആരോഗ്യപ്രശ്നങ്ങളും അവൾക്കുണ്ടായി. എന്നിരുന്നാലും, സ്വന്തം ദൗത്യത്തിൻറെ അവിഭാജ്യ ഘടകമായ കുരിശ് ക്ഷമയോടെ വഹിച്ചുകൊണ്ട് അവൾ ഇതിലെല്ലാം ശാന്തത പാലിച്ചു.
കുരിശിനെ സ്നേഹിക്കുക
ഒരിക്കൽ, കുരിശിൻറെ പുകഴ്ചയുടെ തിരുന്നാളിൽ, മേരി തൻറെ സഹോദരിമാരിൽ ഒരാളോട് പറഞ്ഞു: "എൻറെ മകളേ, വർഷങ്ങൾകൊണ്ട് ഞാൻ കുരിശിനെ സ്നേഹിക്കാൻ പഠിച്ചു". എതിർപ്പുകളൊ തിരസ്‌ക്കരണങ്ങളോ അവളുടെ സന്തോഷം കെടുത്തിയ പരീക്ഷണങ്ങളുടെയും ഇരുട്ടിൻറെയും സമയങ്ങളിൽ അവൾ തളർന്നില്ല. ഇത് നോക്കൂ: എല്ലാ വിശുദ്ധന്മാർക്കും സഭയ്ക്കുള്ളിൽ പോലും എതിർപ്പുണ്ടായിട്ടുണ്ട്. ഇത് കൗതുകകരമാണ്. അവൾക്കും ഇതനുഭവപ്പെട്ടു. കർത്താവ് അവൾക്ക് "കഷ്ടതയുടെ അപ്പവും ക്ലേശത്തിൻറെ വെള്ളവും" (ഏശയ്യാ 30:20) നൽകിയപ്പോഴും, അതേ കർത്താവു തന്നെ തൻറെ നിലവിളിയ്ക്ക് ഉടൻ പ്രത്യുത്തരമേകുമെന്നും അവിടത്തെ കൃപയാൽ തന്നെ വലയം ചെയ്യുമെന്നും അവൾ ഉറച്ചുവിശ്വസിച്ചു. ഇതാണ് അവളുടെ അപ്പസ്തോലിക തീക്ഷ്ണതയുടെ രഹസ്യം: കർത്താവുമായുള്ള നിരന്തരമായ ബന്ധം.
വി. മേരി മക്കില്ലപ്പ് നല്കുന്ന പ്രചോദനം
സഹോദരീ സഹോദരന്മാരേ, വിശുദ്ധ മേരി മക്കിലപ്പിൻറെ പ്രേഷിത ശിഷ്യത്വവും അവളുടെ കാലത്തെ സഭയുടെ ആവശ്യങ്ങളോടുള്ള അവളുടെ ക്രിയാത്മകമായ പ്രതികരണവും യുവജനങ്ങളുടെ സമഗ്ര രൂപീകരണത്തിനായുള്ള അവളുടെ പ്രതിബദ്ധതയും ക്ഷിപ്ര പരിവർത്തനത്തിലായിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സുവിശേഷത്തിൻറെ പുളിമാവാകാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. അവളുടെ മാതൃകയും മദ്ധ്യസ്ഥതയും യുവതയുടെ നന്മയ്ക്കും കൂടുതൽ മാനവികവും പ്രത്യാശാഭരിതവുമായ ഭാവിക്കായുള്ള, മാതാപിതാക്കളുടെയും അധ്യാപകരുടെയും മതബോധകരുടെയും എല്ലാ വിദ്യാദായകരരുടെയും ദൈനംദിന പ്രവർത്തനങ്ങളെ പിന്തുണയ്ക്കട്ടെ. വളരെ നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
മദർ എലീസ മർത്തീനെസിൻറെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം
കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയിത ഞായറാഴ്ച (25/06/23) ഇറ്റലി സ്വദേശിനി മദർ എലീസ മർത്തീനെസ് ലെവൂക്കയിലെ വിശുദ്ധ മറിയത്തിൻറെ ദേവാലയാങ്കണത്തിൽ വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.
നവവാഴ്ത്തപ്പെട്ടവൾ സ്ഥാപിച്ച സന്ന്യാസിനീസമൂഹത്തിന് ലെവൂക്കയിലെ വിശുദ്ധ മറിയത്തിൻറെ പേര് തന്നെ നൽകപ്പെട്ടിരിക്കുന്നത് മനോഹരമാണെന്നും പാപ്പാ പറഞ്ഞു. "ഭൂമിയുടെ എല്ലാ കോണുകളിലും ചിതറിക്കിടക്കുന്ന എല്ലാ ജീവജാലങ്ങളെയും, പ്രത്യേകിച്ച്, ഏറ്റവും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ എല്ലാവരെയും ആശ്ലേഷിക്കാൻ ഹൃദയം വിശാലമാക്കുക" എന്ന മദർ എലീസയുടെ വാക്കുകൾ സ്വന്തമാക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ
പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ ഇറ്റാലിയൻ ഭാഷയിൽ സംബോധന ചെയ്തു.
വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ജൂൺ 29-ന് വ്യാഴാഴ്ച (29/06/23) ആചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഈ വിശുദ്ധരുടെ മാതൃകയും സംരക്ഷണവും ക്രിസ്ത്വാനുകരണത്തിൽ നമ്മെ ഒരോരുത്തരെയും സഹായിക്കട്ടെയെന്ന് ആശംസിച്ചു. ഏറെ യാതനകളനുഭവിക്കുന്ന പ്രിയപ്പെട്ട ഉക്രൈയിൻ ജനത സമാധാനം കണ്ടെത്തുന്നതിനായി അവരെ ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിന് പാപ്പാ സമർപ്പിക്കുകയും അവരെ മറക്കരുതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: