മനുഷ്യന്റെ പരിമിതികളും ദുരിതങ്ങളും: പാപ്പായുടെ അപ്പസ്തോലിക ലേഖനം
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
1623 ജൂൺ 19 ന് മധ്യഫ്രാൻസിലെ ക്ലെർമോന്ത് പ്രവിശ്യയിൽ ജനിച്ച ബ്ലെയ്‌സ് പാസ്‌ക്കലിന്റെ തത്വചിന്താധാരയുടെ പ്രധാന ആശയം മനുഷ്യന്റെ പരിമിതികളും, ദുരിതങ്ങളും എന്നതായിരുന്നു. ചെറുപ്പം മുതലേ സത്യം അറിയുവാനും, സത്യത്തെ മുറുകെ പിടിക്കുവാനും അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങൾ ഇന്നും ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏടുകളാണ്.
ഗണിതം,ഭൂമിശാസ്ത്രം,ഭൗതികശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ നേട്ടങ്ങളാൽ വളരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിപഥത്തിൽ എത്തിയ ബ്ലെയ്‌സ് പാസ്‌ക്കൽ, തത്ത്വചിന്താപരവും മതപരവുമായ സന്ദേഹവാദത്തിന്റെ പ്രഭാവത്തിന്റെയും, ശാസ്ത്രത്തിന്റെ പല മേഖലകളിലെയും വലിയ മുന്നേറ്റങ്ങളുടെയും ഒരു നൂറ്റാണ്ടിൽ അശ്രാന്തമായ സത്യാന്വേഷിയാണെന്ന് തെളിയിച്ച വ്യക്തി കൂടിയാണ്.
നരവംശ വിജ്ഞാനീയം
പാസ്കലിന്റെ ഉജ്ജ്വലവും അന്വേഷണാത്മകവുമായ മനസ്സ്, ' പ്രകൃതിയിൽ മനുഷ്യൻ എന്താണ്?' എന്ന പുരാതനമായ സമസ്യയ്ക്ക് സത്യസന്ധമായ ഒരു ഉത്തരം കണ്ടെത്തുവാനുള്ള ത്വര ഉൾകൊണ്ടുകൊണ്ടുള്ള യാത്രയായിരുന്നു. 'അനന്തതയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നും ഇല്ലാത്തതും, സമസ്തവും ശൂന്യമെന്ന ചിന്തയുമാണ്' പാസ്കൽ തന്റെ അന്വേഷണത്തിൽ ആദ്യം കണ്ടെത്തിയ മാനുഷിക സത്യം. ഗണിതത്തിന്റെയും, ജ്യാമിതിയുടെയും ഇടുങ്ങിയ വഴികളിൽ നിന്നും മാറിനിന്നു കൊണ്ടാണ് പാസ്കൽ തന്റെ അന്വേഷണം തുടർന്നു വന്നത്.
അതിനാൽ പാപ്പാ തന്റെ ലേഖനത്തിൽ എല്ലാ യാഥാർത്ഥ്യങ്ങളോടും വിസ്മയവും തുറന്ന മനസ്സും ഉള്ള ഒരു മൗലിക മനോഭാവത്താൽ അടയാളപ്പെടുത്തിയ വ്യക്തിയായിട്ടാണ് പാസ്കലിനെ വിശേഷിപ്പിക്കുന്നത്.അറിവിന്റെയും ജീവിതത്തിന്റെയും മറ്റ് മാനങ്ങളിലേക്കും, മറ്റുള്ളവരോടും, സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ തുറന്ന മനസാണ് തത്വചിന്താശാഖയിൽ അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്നും പാപ്പാ എടുത്തുപറയുന്നു.
ക്രിസ്തുസ്നേഹത്താൽ, എല്ലാവരോടും സംസാരിക്കുന്ന ഒരു മനുഷ്യൻ
മനുഷ്യാവസ്ഥയുടെ യഥാർത്ഥമായ അവസ്ഥയെ എടുത്തുപറഞ്ഞതു മാത്രമാണ് പാസ്കലിന്റെ ചിന്തകളിലേക്ക് മറ്റുള്ളവരെ ആകർഷിക്കുവാനുള്ള ഏക കാരണം.എന്നാൽ അദ്ദേഹം മനുഷ്യ സ്വഭാവത്തിന്റെ ഉൾക്കാഴ്ചയുള്ള ഒരു നിരീക്ഷകൻ മാത്രമായിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ ഓരോ ചിന്തയുടെ താക്കോൽ എന്ന് പറയുന്നത് യേശുക്രിസ്തുവും, വിശുദ്ധ ഗ്രന്ഥവുമായിരുന്നു."യേശുക്രിസ്തുവിലൂടെ ദൈവത്തെ മാത്രമല്ല, നാം നമ്മെത്തന്നെയും അറിയുന്നത് യേശുക്രിസ്തുവിലൂടെയാണെന്നാണ് പാസ്കൽ പഠിപ്പിക്കുന്നത്." ഈ വാതിലിലൂടെയാണ് പാസ്കൽ മറ്റു മനുഷ്യരുമായുള്ള ബന്ധം ഊഷ്മളമാക്കിയിരുന്നത്.
ശാസ്ത്രവും, തത്വചിന്തയും ജീവിതത്തിന്റെ ഘടകം
പാസ്കലിന്റെ ചിന്തകളെ ഒരു പ്രത്യേക ചട്ടക്കൂട്ടിലേക്ക് ഒതുക്കി നിർത്തുവാൻ സാധിക്കുകയില്ല മറിച്ച് എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്. അതിനാൽ വിരോധാഭാസമെന്നു തോന്നാമെങ്കിലും പാസ്കലിന്റെ തത്ത്വചിന്ത വ്യക്തവും ലളിതവുമായ ഒരു സമീപനത്തിൽ അടിസ്ഥാനമാക്കികൊണ്ട് "യുക്തിയാൽ പ്രകാശിതമായ യാഥാർത്ഥ്യത്തിലേക്ക്" എത്തിച്ചേരാൻ ശ്രമിക്കുന്നു.ഇതാണ് അദ്ദേഹത്തിന്റെ ക്രിസ്തുവഴിയിലേക്കുള്ള കടന്നുവരവിന് മാർഗമായതും.
പാസ്കലിന്റെ ക്രിസ്താനുഭവം
1654 നവംബർ ഇരുപത്തിമൂന്നാം തീയതിയാണ് പാസ്കലിന്റെ ക്രൈസ്തവ ജീവിതത്തിലേക്കുള്ള കടന്നു വരവിന് ആധാരമായ അനുഭവം ഉണ്ടാകുന്നത്. അദ്ദേഹം ആ രാത്രിയെ വിശേഷിപ്പിക്കുന്നത് 'അഗ്നിയുടെ രാത്രി' എന്നാണ്.പിന്നീട് എന്താണ് ഈ അഗ്നി കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. എപ്പോഴും തന്റെ ജീവിതത്തിൽ വിസ്മരിക്കാനാവാത്ത ഒരു അനുഭവം നൽകിയ ആ രാത്രി 'സന്തോഷത്തിന്റെ ഓർമ്മ' ആയിട്ടാണ് പാസ്കൽ എടുത്തു കാണിക്കുന്നത്. ഈ സത്യം മനസിലാക്കികൊണ്ട് ക്രിസ്തുവിനെ സ്നേഹിക്കുവാൻ പാസ്കലിനെ സഹായിച്ചത് ഹൃദയത്തിന്റെ ക്രമവും,വിശ്വസിക്കുവാനുള്ള കാരണങ്ങളുമാണെന്നു പാപ്പാ തന്റെ ലേഖനത്തിൽ കുറിക്കുന്നു.
മാറ്റങ്ങൾ അനുസ്യൂതം തുടരുന്ന ഈ ലോകത്തിൽ ബ്ലെയ്‌സ് പാസ്കൽ നൽകിയ മനുഷ്യ സംഭാവനകളെ എടുത്തു പറഞ്ഞു കൊണ്ടും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഇനിയും ലോകത്തിൽ നന്മകൾ പുറപ്പെടുവിക്കട്ടെയെന്ന ആശംസയോടെയുമാണ് പാപ്പാ തന്റെ അപ്പസ്തോലിക ലേഖനം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: