തിരയുക

ഫ്രാൻസിസ് പാപ്പാ അഗസ്റ്റീനിയൻ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ അഗസ്റ്റീനിയൻ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

ക്രിസ്തുവിനെയും പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക: ഫ്രാൻസിസ് പാപ്പാ

അഗസ്റ്റീനിയൻ അസംപ്‌ഷൻ സഭാ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകന്റെ ഉദ്ബോധനങ്ങളനുസരിച്ച് സേവനം തുടരുവാൻ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജനറൽ ചാപ്റ്ററിന്റെ അവസരത്തിൽ റോമിൽ ഒത്തുകൂടിയ അഗസ്റ്റീനിയന് അസംപ്‌ഷൻ സഭാവൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ഈ സന്ന്യാസസഭയുടെ സ്ഥാപകൻ വന്ദ്യനായ എമ്മാനുവേൽ ദൽസോണിന്റെ കാരിസം അനുസരിച്ച് മുന്നോട്ടുപോകാനും, അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ അനുസരിച്ച് ക്രിസ്തുവിനെയും, പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക എന്ന മൂന്നു നിയോഗങ്ങൾ അനുവർത്തിച്ച് ജീവിക്കാനും ആഹ്വാനം ചെയ്തു.

ജൂൺ 22 വ്യാഴാഴ്ച അഗസ്റ്റീനിയൻ സഭയിലെ പ്രതിനിധികളോട് സംസാരിക്കവെ, അവരുടെ സമൂഹം ആരംഭകാലം മുതലേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന, തീർത്ഥാടന കാര്യങ്ങളുമായി ബന്ധപ്പെട്ട അജപാലനദൗത്യം, മാധ്യമമേഖലയിലെ പ്രവർത്തനങ്ങൾ, കിഴക്കൻ രാജ്യങ്ങളിലേക്കുള്ള മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ക്രൈസ്തവസാന്നിധ്യം പ്രതിസന്ധി നേരിടുന്ന വിശുദ്ധ നാട്ടിൽ അഗസ്റ്റീനിയൻ വൈദികരുടെ സാന്നിധ്യമുള്ളതും ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണമധ്യേ അനുസ്മരിച്ചു.

മൂർത്തമായ രീതിയിൽ, അനുദിന ജീവിതത്തിലൂടെ, ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു എന്നത് പ്രകടമാക്കുക എന്നതാണ്, സന്യസ്ത അപ്പസ്തോലിക ജീവിതത്തിന്റെ നിയോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് എന്ന് "ദൈവരാജ്യം സമീപിച്ചിരിക്കുന്നു (Mk. 1,15) സുവിശേഷത്തിന്റെ പ്രത്യാശ ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുക" എന്ന പ്രമേയം മുന്നിൽവച്ച് നടന്ന ജനറൽ ചാപ്റ്റർ മീറ്റിംഗിനായി ഒരുമിച്ചുകൂടിയ ഈ വൈദികരെ പാപ്പാ ഓർമ്മിപ്പിച്ചു.

തീർത്ഥാടനവുമായി ബന്ധപ്പെട്ട് അഗസ്റ്റീനിയൻ വൈദികർ നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, ലോകം മുഴുവനുമുള്ള ആളുകൾക്ക്, ജീവിതം അടഞ്ഞ ഒരു അധ്യായമല്ല എന്ന ബോധ്യം പകരുവാനും, പ്രത്യാശയുടേതായ വാക്കുകൾ നൽകുവാനും ആവശ്യപ്പെട്ടു. മാധ്യമമേഖലയിലും തങ്ങളുടെ ഇത്തരുണത്തിലുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ, വിശുദ്ധ നാടുകൾ തുടങ്ങിയുള്ള പൗരസ്ത്യദേശങ്ങളിൽ അഗസ്റ്റീനിയൻ വൈദികർ തുടരുന്ന പ്രവർത്തനങ്ങളെ പാപ്പാ ശ്ലാഖിച്ചു. ഉക്രൈൻ യുദ്ധം തുടങ്ങിയ മറ്റു പല സംഘർഷങ്ങളും നിലനിൽക്കുന്ന കിഴക്കൻ യൂറോപ്പിലും അപ്പസ്റ്റോലിക ദൗത്യം തുടരുവാൻ പാപ്പാ ആവശ്യപ്പെട്ടു. ഓർത്തഡോക്സ്, ഇസ്ലാം, യഹൂദ വിശ്വാസങ്ങളിലുള്ള ആളുകളുമായുള്ള നീണ്ട അനുഭവപരിചയം കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു മുതൽക്കൂട്ടാണെന്നും അതുവഴി, ഐക്യത്തിന്റെയും സമാധാനത്തിന്റെയും തലങ്ങളിൽ സേവനമനുഷ്ഠിക്കുവാൻ നിങ്ങളെ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

സന്ന്യാസസഭകൾ ഇന്ന് പൊതുവെ നേരിടുന്ന കുറഞ്ഞ ദൈവവിളികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്, അഗസ്റ്റീനിയന് സഭയിൽ ഉള്ള സന്ന്യാസാർത്ഥികളെക്കുറിച്ച് പാപ്പാ പ്രതിപാദിച്ചു. തെക്കൻ പ്രദേശങ്ങളിൽനിന്ന് കൂടുതൽ വിളികൾ ഉണ്ടാകുന്നതും, അത് വടക്കൻ പ്രദേശങ്ങളിൽ കുറഞ്ഞുവരുന്ന അപ്പസ്തോലപ്രവർത്തകരുടെ കുറവ് നികത്തുന്നതും പരാമർശിച്ചുകൊണ്ട്, അഗസ്റ്റീനിയൻ സഭയിലെ മൂന്നിലൊന്ന് പേരും പഠന, രൂപീകരണ കാലത്താണെന്നത് ഒരു വലിയ കൃപയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സഭാസ്ഥാപകൻ മുന്നോട്ടു വച്ച ആശയങ്ങൾ കൂടുതൽ വിശ്വസ്തതയോടെ ജീവിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജൂൺ 2023, 16:10