തിരയുക

മനുഷ്യർക്കെതിരെയുള്ള പീഡനങ്ങളെ അപലപിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

ജൂൺ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോയിലൂടെ ശാരീരിക, മാനസിക പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആളുകൾക്കെതിരെയുള്ള ശാരീരിക, മാനസിക പീഡനങ്ങൾ മനുഷ്യചരിത്രത്തിന്റെ ഭാഗമാണെന്നത് ഫ്രാൻസിസ് പാപ്പാ അപലപിച്ചു. മറ്റുള്ളവരെ അതികഠിനമായി പീഡിപ്പിക്കാൻ മാത്രം മനുഷ്യരുടെ ക്രൂരത ഇത്രമാത്രം ശക്തമായതിൽ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. വളരെ തീവ്രവും അക്രമാസക്തവുമായ എന്നാൽ അതെ സമയം സങ്കീർണവുമായ പീഡനരീതികളാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്ന് പാപ്പാ ദുഃഖം പ്രകടിപ്പിച്ചു. മറ്റുള്ളവരെ തരം താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ, ഇന്ദ്രിയങ്ങൾ ഭേദിച്ചുകളയുന്ന പീഡനമുറകൾ, കൂട്ടതടങ്കലുകൾ തുടങ്ങി വിവിധ രീതിയിലാണ് മനുഷ്യർ മനുഷ്യരെ ഉപദ്രവിക്കുന്നത്. മനുഷ്യരുടെ അന്തസ്സ് ഇല്ലാതാക്കുന്ന മനുഷ്യത്വരഹിതമായ വ്യവസ്ഥകളാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്.

എന്നാൽ ഇത്തരം പീഡനങ്ങൾ ആധുനിക കാലത്തിന്റെ മാത്രം പ്രത്യേകതയല്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിന് ഉദാഹരണമായി യേശു നേരിടേണ്ടിവന്ന പീഡനങ്ങളെയും കുരിശുമരണത്തെയും പാപ്പാ എടുത്തുപറഞ്ഞു.

പീഡനമെന്ന ഈ ഭീകരത അവസാനിപ്പിക്കാനായി പരിശ്രമിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. എല്ലാ കാര്യങ്ങളെക്കാളും ഉയരെ മനുഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നത് അത്യാവശ്യമാണ്. അങ്ങനെയല്ലെങ്കിൽ, ഇരകൾ വ്യക്തികളാകില്ല, വസ്തുക്കളായി മാത്രം അവശേഷിക്കും. അത് പരിധികളില്ലാത്ത വിധത്തിൽ ആളുകളെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കും. അത് ആളുകളുടെ മരണത്തിനോ, ശാരീരികമോ മാനസികമോ ആയ നിത്യമായ പരിക്കുകൾക്കോ കാരണമായേക്കാം.

ശാരീരിക, മാനസിക പീഡനങ്ങൾ ഇല്ലാതാക്കുന്നതിനും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ ഉറപ്പു നൽകുന്നതിനുമായി  അന്താരാഷ്ട്രസമൂഹം ഇടപെടുന്നതിനും പ്രവർത്തിക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

മെയ് 31 ബുധനാഴ്ചയാണ് മനുഷ്യർക്കെതിരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന ശാരീരിക, മാനസിക പീഡനങ്ങൾക്കെതിരെ പാപ്പാ സന്ദേശം നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:09